ലണ്ടന്‍: 18 മുതല്‍ 30 വയസ് വരെ പ്രായമുള്ള ബിരുദധാരികളായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുകെയില്‍ രണ്ട് വര്‍ഷം വരെ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന യങ് പ്രഫഷനല്‍സ് സ്‌കീം 18ന് ആരംഭിച്ച് 20ന് അവസാനിക്കും. സ്‌കീം പ്രകാരം 18ന് ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് 2.30ന് യുകെ ഗവണ്മെന്റിന്റെ വെബ്‌സൈറ്റില്‍ ബാലറ്റ് ആരംഭിക്കുമ്പോള്‍ ഇന്ത്യയില്‍ താമസിക്കുന്ന ഡിഗ്രിയോ പിജിയോ ഉഉള്ളവര്‍ക്ക് അപേക്ഷ നല്‍കി പങ്കെടുക്കാം. 20ന് ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് 2.30 ന് ബാലറ്റ് അവസാനിക്കും. ബാലറ്റില്‍ തികച്ചും സൗജന്യമായി തന്നെ പങ്കെടുക്കാം. ബാലറ്റില്‍ പ്രവേശിക്കുന്നതിനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേര്, ജനന തീയതി, പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍, പാസ്‌പോര്‍ട്ടിന്റെ ഒരു സ്‌കാന്‍ ചെയ്ത കോപ്പി, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ നല്‍കണം. ഇതില്‍ പങ്കെടുക്കുന്നവരില്‍ നിന്നും ക്രമരഹിതമായി ആളുകളെ തിരഞ്ഞെടുക്കും.
ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍, ബാലറ്റ് ക്ലോസ് ചെയ്ത് രണ്ടാഴ്ച്ചക്കകം അപേക്ഷകര്‍ക്ക് ഇമെയില്‍ വഴി അറിയിപ്പ് ലഭിക്കും. യുകെയിലെ താമസമടക്കമുള്ള ചെലവുകള്‍ക്കുള്ള സാമ്പത്തിക ഭദ്രതയും ഉണ്ടാകണം. അതിനായി 2,530 പൗണ്ട് (ഏകദേശം രണ്ടേമുക്കാല്‍ ലക്ഷം ഇന്ത്യന്‍ രൂപ) ബാങ്ക് സേവിങ്‌സും ഉണ്ടായിരിക്കണം. ബാലറ്റില്‍ നിന്നും തിരഞ്ഞെടുത്താല്‍ ഉടന്‍ തന്നെ വീസയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും. തിരഞ്ഞെടുക്കപ്പെടാത്തവര്‍ക്ക് പ്രസ്തുത കാലയളവില്‍ വീസയ്ക്കായി വീണ്ടും അപേക്ഷ നല്‍കാനാവില്ല. യുകെ - ഇന്ത്യ യങ് പ്രഫഷനല്‍സ് സ്‌കീം വഴി ഇത്തവണ 3000 ഇന്ത്യക്കാര്‍ക്ക് രണ്ടു വര്‍ഷത്തോളം യുകെയില്‍ താമസിക്കാനും തൊഴിലെടുക്കാനും ഉള്ള അവസരം കൈവരും. തിരഞ്ഞെടുപ്പ് ഫലം അന്തിമമായിരിക്കും. അപ്പീല്‍ നല്‍കാന്‍ സാധിക്കുകയില്ല. ഒരു തരത്തില്‍ ഭാഗ്യ പരീക്ഷണം എന്ന് തന്നെ പറയേണ്ടി വരും.
വിശദ വിവരങ്ങള്‍ക്ക് താഴെക്കാണുന്ന യുകെ വെബ്‌സൈറ്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക:- https://www.gov.uk/india-young-professionals-scheme-visa യുകെ - ഇന്ത്യ യങ് പ്രഫഷണല്‍സ് സ്‌കീം ബാലറ്റില്‍ പങ്കെടുക്കാന്‍ താഴെക്കാണുന്ന യുകെ വെബ്‌സൈറ്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക:- https://www.gov.uk/guidance/india-young-professionals-scheme-visa-ballot-system#entering-the-ballot