ബിസിനസ്‌

പലിശ വീണ്ടും കുറയുമെന്ന പ്രതീക്ഷയില്‍ സാന്റാന്‍ഡറും ബാര്‍ക്ലെയിസും മോര്‍ട്ടഗേജ് പലിശ നിരക്ക് നാലിലേക്ക് താഴ്ത്തി

ബാങ്ക് ഓഫ് ഇംഗ്ലണ്ട് വീണും പലിശ കുറച്ചെക്കുമെന്ന അഭ്യൂഹം ശക്തമായതോടെ മോര്‍ട്ടേജ് വിപണിയില്‍ മത്സരം കടുക്കുന്നു. പല മോര്‍ട്ട്‌ഗേജ് കമ്പനികളും പലിശ കുറഞ്ഞ ഡീലുകളുമായി രംഗത്തെത്താന്‍ തുടങ്ങി. പലിശ നിരക്ക് 4 ശതമാനത്തിലും താഴെയാക്കിയാണ് ഇന്നലെ രണ്ട് പ്രമുഖ വായ്പാദായകര്‍ രംഗത്ത് വന്നത്. എന്നാല്‍, സാന്റാന്‍ഡറും ബാര്‍ക്ലേസും പ്രഖ്യാപിച്ച, 4 ശതമാനത്തില്‍ താഴെ പലിശയുള്ള ഡീല്‍ പക്ഷെ എല്ലാവര്‍ക്കും ലഭ്യമാകില്ല. പ്രത്യേകിച്ചും ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക്. മാത്രമല്ല, കനത്ത ഫീസും ഈ ഡീലിനുണ്ട്.

ഇത്തരത്തിലുള്ള ഡീലുകള്‍ തിരികെയെത്തുന്നത് മറ്റ് വായ്പാ ദാതാക്കള്‍ക്കും, മത്സരം കടുപ്പിക്കുന്നതിനായി കൂടുതല്‍ പലിശ കുറഞ്ഞ ഡീലുകളുമായി വിപണിയിലെത്താന്‍ പ്രചോദനമാകും. തങ്ങളുടെ പലിശ നിരക്കില്‍ ഇന്ന് ചില ഇളവുകള്‍ പ്രഖ്യാപിക്കുമെന്നാണ് ബ്രിട്ടനിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റിയായ നേഷന്‍വൈഡ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറിന് ശേഷം 4 ശതമാനത്തില്‍ താഴെ പലിശ നിരക്കുള്ള മോര്‍ട്ട്‌ഗേജ് ഡീലുകള്‍ ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത.

നിലവില്‍, വിപണിയില്‍ രണ്ടു വര്‍ഷത്തെ ഫിക്സ്ഡ് ഡീലിനുള്ള ശരാശരി നിരക്ക് 5.48 ശതമാനമാണ്. അഞ്ച് വര്‍ഷത്തെ ഫിക്സ്ഡ് ഡീലിനുള്ളത് ശരാശരി 5.29 ശതമാനവും എന്നാണ് മണിഫാക്റ്റ്‌സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടുതല്‍ മെച്ചപ്പെട്ട ഡീലുകള്‍ക്കായി ഉപഭോക്താക്കള്‍ കാത്തിരിക്കുകയാണെന്നും, അത് ലഭിക്കാന്‍ തുടങ്ങുകയാണ് എന്നുമാണ് ബ്രോക്കര്‍ ആരോണ്‍ സ്ട്രട്ട് പറഞ്ഞത്. നിങ്ങളുടെ മോര്‍ട്ട്‌ഗേജ് ഡീല്‍ കാലഹരണപ്പെടാറായെങ്കില്‍, നിങ്ങള്‍ ഇതിനോടകം തന്നെ പുതിയ ഡീല്‍ തെരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍, അത് പുനപരിശോധിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം പറയുന്നു.


ചില ട്രാക്കറുകളും, വേരിയബിള്‍ മോര്‍ട്ട്‌ഗേജുകളും ബാങ്കിന്റെ അടിസ്ഥാന നിരക്കായ 4.5 ശതമാനത്തിനോട് അടുപ്പിച്ച് നീങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, പത്തില്‍ എട്ട് മോര്‍ട്ട്‌ഗേജ് ഉടമകളും ഫിക്സ്ഡ് ഡീലൂകള്‍ ഉള്ളവയായതിനാല്‍, അവര്‍ക്ക് പലിശക്കുറവിന്റെ ഗുണം ലഭിക്കാന്‍ നിലവിലെ ഡീലുകള്‍ അസാധുവാകുന്ന സമയം വരെ കാത്തിരിക്കേണ്ടി വരും. നിലവില്‍ 3 ശതമാനം പലിശയുള്ള 8 ലക്ഷത്തോളം ഫിക്സ്ഡ് റേറ്റ് ഡീലുകളാണ് 2027 വരെയുള്ള ഓരോ വര്‍ഷവും അസാധുവാകുന്നത്. അതായത്, ഡീലുകള്‍ പുതുക്കന്നത് മുതല്‍ കൂടുതല്‍ തുക മാസത്തവണകളായി അടക്കേണ്ടി വരും.


ബാങ്കിന്റെ അടിസ്ഥാന പലിശ നിരക്കുമായി ബന്ധപ്പെട്ട് അടുത്ത തീരുമാനം പുറത്തു വരുന്നത് മാര്‍ച്ച് 20 ന് ആണ്. ഇനിയും പലിശ കുറയ്ക്കാന്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും, ഓരോ യോഗത്തിലും ഇക്കാര്യം വിശദമായി വിലയിരുത്തിയതിന് ശേഷം മാത്രമെ അന്തിമ തീരുമാനം എടുക്കാനാവൂ എന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വക്താവ് പറഞ്ഞത്.

മോര്‍ട്ട്‌ഗേജ് വിപണിക്ക് ആശ്വാസമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശ നിരക്കുകള്‍ കഴിഞ്ഞ ആഴ്ചയാണ് 4.5% ആയി കുറച്ചത് . ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ അവലോകന യോഗത്തിലാണ് അടിസ്ഥാന പലിശ നിരക്കുകള്‍ 4.75 ശതമാനത്തില്‍ നിന്ന് 0.25 ശതമാനം കുറച്ച് 4.5 ശതമാനമാക്കിയത്.

പലിശ നിരക്ക് കുറയ്ക്കാന്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് അവലോകന യോഗം ചര്‍ച്ച ചെയ്‌തത്. ലേബര്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റും ട്രംപിന്റെ വ്യാപാര നയങ്ങളും കൂടുതല്‍ ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അവലോകനയോഗം പരിഗണിച്ചു. ഇതിനെ തുടര്‍ന്നാണ് പലിശ നിരക്ക് കുറയ്ക്കാനുള്ള സുപ്രധാന തീരുമാനം ബാങ്ക് കൈകൊണ്ടത്. പലിശ നിരക്ക് കുറയ്ക്കാന്‍ സാധിച്ചത് മിക്കവര്‍ക്കും സ്വാഗതാര്‍ഹമായ വാര്‍ത്തയായിരിക്കുമെന്ന് സുപ്രധാന തീരുമാനം അറിയിച്ചുകൊണ്ട് ബാങ്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി പറഞ്ഞു.

നിലവില്‍ 2023 ജൂണിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് വായ്പാ ചിലവുകള്‍. 2022 ലെ രണ്ടാം പകുതിയില്‍ 11 ശതമാനമായി ഉയര്‍ന്ന പണപെരുപ്പം പടിപടിയായി കുറഞ്ഞു വന്നതിനെ തുടര്‍ന്നാണ് പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധിച്ചതെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വിലക്കയറ്റവും മന്ദഗതിയിലുള്ള സമ്പദ് വ്യവസ്ഥയും ജനങ്ങള്‍ക്ക് കൂടുതല്‍ ഭാരം നല്‍കുമെന്ന് പലിശ നിരക്ക് കുറച്ചുകൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എല്ലാ വീട്ടുടമകളുടെയും പ്രധാന ചെലവായ മോര്‍ഗേജ് പേയ്മെന്റില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതാണ് പലിശ നിരക്കിലെ ഓരോ ചെറിയ മാറ്റങ്ങളും.

  • പലിശ നിരക്ക് 4.5% ആയി നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; പണപ്പെരുപ്പം വെല്ലുവിളിയെന്ന് മുന്നറിയിപ്പ്
  • രൂപയ്‌ക്കെതിരെ പൗണ്ടിന്റെ റെക്കോര്‍ഡ് കുതിപ്പ്; നേട്ടം കൊയ്യാന്‍ പ്രവാസികള്‍
  • തുടരുന്ന പണപ്പെരുപ്പം: പലിശ നിരക്കുകള്‍ ഉടനെ വെട്ടിക്കുറയ്ക്കാന്‍ സാധ്യതയില്ല; മുന്നറിയിപ്പുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട്
  • യുകെയില്‍ ഭവന വില ഈ വര്‍ഷം പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഉയരുമെന്ന് വിദഗ്ദ്ധര്‍
  • ബ്രിട്ടനില്‍ പണപ്പെരുപ്പം 10 മാസത്തെ ഉയര്‍ന്ന നിരക്കില്‍; കുടുംബ ബജറ്റുകളുടെ താളം തെറ്റും, പലിശ നിരക്കും വെല്ലുവിളിയാവും
  • ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് 4.5% ആയി കുറച്ചു; മുന്നിലുള്ളത് വെല്ലുവിളിയെന്ന് മുന്നറിയിപ്പ്
  • സ്വര്‍ണ വില ചരിത്രത്തിലാദ്യമായി 60,000 ഭേദിച്ചു
  • വരുന്നത് മോര്‍ട്ട്‌ഗേജ് ഷോക്കിന്റെ നാളുകള്‍; 1.8 മില്ല്യണ്‍ മോര്‍ട്ട്‌ഗേജുകാര്‍ക്ക് തിരിച്ചടി, ഫിക്‌സഡ് റേറ്റ് ഉയര്‍ത്തി വിര്‍ജിന്‍ മണി
  • ബജറ്റിന്റെ പ്രകമ്പനങ്ങള്‍; പൗണ്ട് ഇടിഞ്ഞു താഴുന്നു
  • 2025-ല്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍, പലിശ നിരക്കുകള്‍ എങ്ങനെയായിരിക്കും?
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions