മൊബൈല്‍ ഫോണ്‍ കുട്ടികളില്‍ ദോഷമുണ്ടാക്കുന്നുവെന്ന റിപ്പോര്‍ട്ടിന്മേല്‍ കടുത്ത നടപടികളെടുത്തിരിക്കുകയാണ് ബാര്‍നെറ്റ് കൗണ്‍സില്‍. തങ്ങളുടെ കീഴിലെ എല്ലാ സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. വടക്കന്‍ ലണ്ടനിലെ ബാര്‍നെറ്റ് കൗണ്‍സില്‍ ഫോണ്‍ വിലക്കുന്ന രാജ്യത്തെ ആദ്യ കൗണ്‍സിലായി മാറിയിരിക്കുകയാണ്.
സെപ്തംബര്‍ മുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ ക്ലാസിലേക്ക് കൊണ്ടുവരുന്നത് നിരോധിക്കും. അറുപതിനായിരം വിദ്യാര്‍ത്ഥികള്‍ പുതിയ നിയമം അനുസരിക്കണം. 103 പ്രൈമറി സ്‌കൂളുകളും 23 സെക്കന്‍ഡറി സ്‌കൂളുകളുമാണ് ബാര്‍നെറ്റിലുള്ളത്. സ്മാര്‍ട്ട് ഫോണ്‍ ഫ്രീ ചൈല്‍ഡ് ഹുഡ് എന്ന ചാരിറ്റിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വടക്കന്‍ ലണ്ടനിലെ ഈ ബറോയിലുള്ള രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് 14 വയസ്സുവരെ സ്മാര്‍ട്ട് ഫോണ്‍ നല്‍കരുതെന്നും 16 വയസ്സുവരെ സോഷ്യല്‍മീഡിയ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നുമുള്ള നിര്‍ദ്ദേശമുള്ള കത്തുകള്‍ അയയ്ക്കും.കുട്ടികളുടെ സുരക്ഷയ്ക്കായി സാധാരണ ഫോണ്‍ നല്‍കാനും നിര്‍ദ്ദേശിക്കും.
കേംബ്രിഡ്ജ്ഷയര്‍, പീറ്റേഴ്‌സ് ഫീല്‍ഡ്, ഹാംപ്ഷയര്‍ എന്നിവിടങ്ങളില്‍ നേരത്തെ തന്നെ പ്രൈമറി സ്‌കൂളില്‍ ഇതു നിരോധിച്ചിട്ടുണ്ട്. കുട്ടികളിലെ സ്വഭാവമാറ്റം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗ ശേഷമാണെന്നാണ് റിപ്പോര്‍ട്ട്.