ടൊറന്റോയിലെ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വന്‍ വിമാന ദുരന്തം വഴിമാറി. വിമാനം ഇടിച്ചിറങ്ങി തലകീഴായി മറിഞ്ഞു തീപിടിക്കുകയായിരുന്നു. എങ്കിലും 80 യാത്രക്കാര്‍ക്കു ജീവനോടെ രക്ഷപ്പെടാനായി. 15 പേര്‍ക്ക് പരുക്ക് പറ്റി. അതില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്
ഡെല്‍റ്റാ വിമാനകമ്പനിയുടെ വിമാനമാണ് ഇന്നലെ യാത്രക്കാരുമായി പിയേഴ്‌സണ്‍ വിമാനത്താവളത്തില്‍ ഇടിച്ചിറങ്ങിയത്. എണ്‍പതോളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇടിച്ചിറങ്ങിയ വിമാനം തലകീഴായി മറിയുകയും, തീപിടിക്കുകയും ചെയ്‌തെങ്കിലും കൂടുതല്‍ ദുരന്തത്തിലേക്ക് നീങ്ങിയില്ലെന്നതാണ് ഭാഗ്യമായത്.
15 പേര്‍ക്ക് പരുക്കേല്‍ക്കുകയും, മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 4819 വിമാനം അപകടത്തില്‍ പെട്ടത് എങ്ങനെയെന്ന് നിലവില്‍ വ്യക്തമല്ല. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ടൊറന്റോയില്‍ അതിശക്തമായ കാറ്റ് രൂപപ്പെട്ടിരുന്നു. ശക്തമായ കാറ്റിലാണ് വിമാനം തലകീഴായി മറിഞ്ഞതെന്നാണ് വിദഗ്ധര്‍ സംശയിക്കുന്നത്.
എന്നാല്‍ അപകടം ദുരന്തത്തിലേക്ക് നീങ്ങാതെ വന്നതോടെ രക്ഷപ്പെട്ട യാത്രക്കാര്‍ തൂങ്ങിക്കിടന്നും സെല്‍ഫികള്‍ എടുക്കുന്ന തിരക്കിലായിരുന്നു. 76 യാത്രക്കാരും, 4 ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ഇടിച്ചിറങ്ങിയതിനെ തുടര്‍ന്ന് ടൊറന്റോ വിമാനത്താവളത്തിലെ മറ്റ് ഓപ്പറേഷനുകള്‍ റദ്ദാക്കിയിരുന്നു. മഞ്ഞ് നിറഞ്ഞ റണ്‍വേയില്‍ മറിഞ്ഞ് കിടക്കുന്ന വിമാനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വിമാനം ഇടിച്ചിറങ്ങിയതിന് പിന്നാലെ തീ പടരാതെ കാക്കാന്‍ എമര്‍ജന്‍സി ജീവനക്കാര്‍ക്ക് ഫോം സ്‌പ്രേ ചെയ്യാന്‍ സാധിച്ചിരുന്നു. ഇതാണ് വിമാനം അഗ്നി ഗോളമായി മാറാതെ ദുരന്തത്തിലേക്ക് വഴിമാറാതെ തടഞ്ഞത്.