നഴ്‌സുമാര്‍ ശമ്പളം വര്‍ധിപ്പിക്കാന്‍ വീണ്ടും സമര രംഗത്തേയ്ക്ക് ഇറങ്ങേണ്ട സ്ഥിതിയാണ്. പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ പബ്ലിക് സെക്ടര്‍ യൂണിയനുകള്‍ ഉയര്‍ന്ന ശമ്പളവര്‍ദ്ധന ആവശ്യപ്പെടുമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് മുന്നറിയിപ്പ്. ബില്ല്യണ്‍ കണക്കിന് അധിക ഫണ്ട് അനുവദിക്കേണ്ടി വരുന്നത് ചാന്‍സലര്‍ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദമാണ് വര്‍ദ്ധിപ്പിക്കുന്നത്.
എന്‍എച്ച്എസ് ജീവനക്കാര്‍, അധ്യാപകര്‍, മറ്റ് പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ എന്നിവര്‍ക്കായി 2.8% ശമ്പള വര്‍ദ്ധനവാണ് ഏപ്രില്‍ തുടങ്ങുന്ന സാമ്പത്തിക വര്‍ഷത്തേക്ക് ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. സമ്പദ് വ്യവസ്ഥയുടെ സ്ഥിതി സംബന്ധിച്ച് പ്രവചനങ്ങള്‍ പരിഗണിക്കുമ്പോള്‍ ഇത് മാന്യമായ നിരക്കാണെന്നാണ് ലേബര്‍ ഗവണ്‍മെന്റ് നിലപാട്.
എന്നാല്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും വര്‍ദ്ധിക്കുമെന്ന അവസ്ഥ കുടുംബ ബജറ്റുകള്‍ കൂടുതല്‍ ഞെരുക്കത്തിലാക്കും. ഈയാഴ്ച പുറത്തുവരുന്ന കണക്കുകളില്‍ ജനുവരിയിലെ പണപ്പെരുപ്പം 2.8 ശതമാനത്തിലേക്ക് ഉയരുമെന്നാണ് കരുതുന്നത്. ഡിസംബറില്‍ ഇത് 2.5 ശതമാനമായിരുന്നു. ഈ വര്‍ഷം പണപ്പെരുപ്പം ഉയരുന്നത് തുടര്‍ന്ന് 3.7 ശതമാനത്തില്‍ എത്തുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്നത്.
വിവിധ സ്വതന്ത്ര പേ റിവ്യൂ ബോഡികളുടെ റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണ് യൂണിയനുകള്‍. ഗവണ്‍മെന്റ് നിര്‍ദ്ദേശം സ്വീകരിക്കുകയോ, ഇതിലും ഉയര്‍ന്ന സെറ്റില്‍മെറ്റ് നിര്‍ദ്ദേശിക്കുകയോ ചെയ്യുന്നതാണ് രീതി. കണ്‍സര്‍വേറ്റീവുകള്‍ യൂണിയനുകളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വന്നതോടെ തുടര്‍ച്ചയായ സമരങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ലേബര്‍ അധികാരത്തിലെത്തിയതോടെ പണപ്പെരുപ്പത്തിന് മുകളില്‍ ശരാശരി 5.5% വര്‍ധന അനുവദിച്ച് പ്രശ്‌നം പരിഹരിച്ചിരുന്നു.
പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ യൂണിയനുകള്‍ വീണ്ടും പ്രതിഷേധം നടത്തിയാല്‍ ചാന്‍സലറും, ഗവണ്‍മെന്റും വീണ്ടും പ്രതിസന്ധിയിലാകും. നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ഉയര്‍ന്ന വര്‍ധന അനുവദിക്കുന്നത് പ്രായോഗികമല്ല.