ബ്രിട്ടന്റെ നിലവിലെ സാമ്പത്തിക സ്ഥിതി മോശമായ സാഹചര്യത്തില്‍ കടുംവെട്ടിന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ചാന്‍സലര്‍ വൈറ്റ്ഹാള്‍ വകുപ്പുകളുടെ ബജറ്റ് വെട്ടിച്ചുരുക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചില വകുപ്പുകളുടെ ബജറ്റില്‍ 11 ശതമാനം വരെ കുറവ് വരുത്താന്‍ പദ്ധതിയിടുന്നുവെന്നാണ് സൂചന. തന്റെ സാമ്പത്തിക നയങ്ങള്‍ സ്വയം ലംഘിക്കുന്നത് ഒഴിവാക്കാനാണ് റേച്ചല്‍ റീവ്‌സ് കത്തിയെടുക്കുന്നത്. എന്നാല്‍ ഇരട്ട അക്ക വെട്ടിച്ചുരുക്കല്‍ വരുന്നത് ബല ക്യാബിനറ്റ് മന്ത്രിമാര്‍ക്കും ആഘാതമായി മാറുമെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ഉയര്‍ന്ന കടമെടുപ്പ് ചെലവുകള്‍ മൂലം റേച്ചല്‍ റീവ്‌സ് ഒക്ടോബര്‍ ബജറ്റില്‍ സൃഷ്ടിച്ചെടുത്ത വരുമാനത്തില്‍ നിന്നും 9.9 ബില്ല്യണ്‍ പൗണ്ടാണ് ഇല്ലാതായത്. കഴിഞ്ഞ ബജറ്റില്‍ 40 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ദ്ധനവുകള്‍ അടിച്ചേല്‍പ്പിച്ചതിന്റെ ആഘാതത്തില്‍ നിന്നും മുക്തമാകാത്തതിനാല്‍ ഇനിയൊരു നികുതി വര്‍ദ്ധനയ്ക്ക് പിന്നാലെ പോകുന്നത് ജനങ്ങളുടെ ഭാഗത്ത് നിന്നും തിരിച്ചടിക്ക് കാരണമാകുമെന്നതിനാല്‍ ഈ വഴി നീങ്ങാനുള്ള സാധ്യത കുറവാണ്.
എന്നാല്‍ ബജറ്റ് കുറയ്ക്കുന്നതോടെ ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് പോകുന്നുവെന്ന ആരോപണം ശക്തമാകും. സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്ന രീതി സംബന്ധിച്ച് ചാന്‍സലര്‍ കനത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ട്. ബെനഫിറ്റ് ബില്ലുകള്‍ വെട്ടിച്ചുരുക്കുന്നതാണ് പണം ലാഭിക്കാനുള്ള പ്രധാന വഴിയായി വിനിയോഗിക്കുക.