ലണ്ടന്‍: 2025 ഫെബ്രുവരി 10ന് ശേഷം, ബ്രിട്ടീഷ് പൗരത്വത്തിനുള്ള അപേക്ഷകരുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ വിലയിരുത്തുന്നതില്‍ ഹോം ഓഫീസ് ചില മാറ്റങ്ങള്‍ വരുത്തി. ഇതില്‍ പ്രധാനം അനധികൃതമായി ബ്രിട്ടനില്‍ എത്തിയവരുമായി ബന്ധപ്പെട്ടാണ്. ബ്രിട്ടനില്‍ എത്തിയത് അനധികൃതമായാണെങ്കില്‍, അവര്‍ എത്രകാലം ബ്രിട്ടനില്‍ കഴിഞ്ഞു എന്നത് പരിഗണിക്കാതെ അവരുടെ അപേക്ഷ നിരാകരിക്കും എന്നതാണത്. 2022 ജൂണ്‍ മുതല്‍ നിലവിലുള്ള, നല്ല സ്വഭാവമുള്ളവരെ പരിഗണിക്കുക എന്ന നയത്തില്‍, പൗരത്വത്തിനായി അപേക്ഷിക്കുന്നതിനു മുന്‍പുള്ള പത്ത് വര്‍ഷക്കാലത്ത് നടത്തിയ കുടിയേറ്റ നിയമങ്ങളിലെ ലംഘനങ്ങളും അനധികൃതമായി ബ്രിട്ടനിലെത്തിയതും ഒക്കെ അപേക്ഷ പരിഗണിക്കുന്ന സമയത്ത് അവഗണിക്കുമായിരുന്നു.
മാത്രമല്ല, അടിച്ചമര്‍ത്തലുകള്‍ക്കും പീഡനങ്ങള്‍ക്കും വിധേയമായ രാജ്യത്തു നിന്നും നേരിട്ട് ബ്രിട്ടനിലെത്തിയവരാണെങ്കില്‍, അനധികൃതമായി എത്തിയതാണെന്ന കാര്യം ഹോം ഓഫീസ് പരിഗണിക്കാറില്ലായിരുന്നു. ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചതിന് അഭയാര്‍ത്ഥികളെ ശിക്ഷിക്കരുതെന്ന റെഫ്യൂജി കണ്‍വെന്‍ഷനിലെ ആര്‍ട്ടിക്കിള്‍ 31ന്റെ പ്രതിഫലനമായിരുന്നു ഇത്. എന്നാല്‍, ഭേദഗതി വരുത്തിയ നിയമത്തില്‍ ആര്‍ട്ടിക്കിള്‍ 31 നെ കുറിച്ച് യാതോരു പരാമര്‍ശവുമില്ല. മാത്രമല്ല, അഭയാര്‍ത്ഥികള്‍ക്ക് കഴിയുന്നത്ര പൗരത്വം നല്‍കാന്‍ ശ്രമിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ആര്‍ട്ടിക്കിള്‍ 34നെ കുറിച്ചും പരാമര്‍ശമില്ല.
അനധികൃതമായി ബ്രിട്ടനില്‍ എത്തിയവരുടെ അപേക്ഷ 2025 ഫെബ്രുവരി 10ന് ശേഷം ലഭിക്കുകയാണെങ്കില്‍ അത് നിരാകരിക്കും എന്നാണ് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പറഞ്ഞത്. അതേസമയം കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.