സമാധാന ചര്‍ച്ചയ്ക്കു എത്തിയ സെലെന്‍സ്‌കി ട്രംപും കൂട്ടരുമായി അടിച്ചുപിരിഞ്ഞു
സമാധാന കരാര്‍ ചര്‍ച്ചയ്ക്ക് എത്തിയ യുക്രൈന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലെന്‍സ്‌കിയും, യുഎസ് വൈസ് പ്രസിഡന്റുമായി തമ്മിലടി. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ സമാധാനം നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ ഇതോടെ പൊളിഞ്ഞു. യുഎസ് വൈസ് പ്രസിഡന്റുമായി ക്യാമറകള്‍ക്ക് മുന്നില്‍ വെച്ച് സെലെന്‍സ്‌കി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടതോടെയാണ് സമാധാന നീക്കങ്ങള്‍ പരാജയപ്പെട്ടത്. വൈറ്റ് ഹൗസിലെ പത്രസമ്മേളനത്തിലാണ് സെലെന്‍സ്‌കിയും, ജെഡി വാന്‍സും തമ്മില്‍ വാക്‌പോര് നടന്നത്.
തന്റെ വൈസ് പ്രസിഡന്റിനെ മോശമായ രീതിയില്‍ പരിഗണിക്കുന്നതായി കുറ്റപ്പെടുത്തിയ ഡൊണാള്‍ഡ് ട്രംപ് സെലെന്‍സ്‌കി മാപ്പ് പറയണമെന്ന രീതിയിലാണ് നിലപാട് എടുത്തത്. എന്നാല്‍ സെലെന്‍സ്‌കി ഇതിന് തയ്യാറായില്ല. എന്നുമാത്രമല്ല ട്രംപ് തങ്ങളുടെ ഭാഗത്ത് നിന്നാണ് സമാധാന കരാറിനായി ശ്രമിക്കേണ്ടതെന്നും ഇതിന് ശേഷം അഭിമുഖത്തില്‍ വ്യക്തമാക്കി.
ഓവല്‍ ഓഫീസില്‍ നടന്ന ചര്‍ച്ചകളാണ് വാക്‌പോരില്‍ കലാശിച്ചത്. എന്നാല്‍ തന്റെ ഭാഗത്ത് നിന്നും തെറ്റ് സംഭവിച്ചിട്ടില്ലെന്ന നിലപാടിലാണ് സെലെന്‍സ്‌കി. അമേരിക്കക്കാര്‍ നല്‍കിയ പിന്തുണയില്‍ നന്ദിയുണ്ട്. പ്രസിഡന്റ് ട്രംപിനോടും, കോണ്‍ഗ്രസിനോടും നന്ദിയുണ്ട്. തുടക്കം മുതല്‍ ഞങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ ആവശ്യമായ സഹായം നിങ്ങള്‍ തന്നു. ഈ യുദ്ധം അവസാനിക്കാന്‍ ഞങ്ങളെ പോലെ ആഗ്രഹിക്കുന്ന മറ്റാരും കാണില്ല. ഞങ്ങളുടെ ജീവിതങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാനുള്ള യുദ്ധമാണിത്, സെലെന്‍സ്‌കി പ്രതികരിച്ചു.
സമാധാന കരാര്‍ അട്ടിമറിക്കപ്പെടുമെന്ന സ്ഥിതി വന്നതോടെ വിഷയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ട്രംപിനോടും, സെലെന്‍സ്‌കിയോടും സംസാരിച്ചു. യുക്രൈന് അചഞ്ചലമായ പിന്തുണ വാഗ്ദാനം നല്‍കിയ സ്റ്റാര്‍മര്‍ സമാധാന കരാര്‍ നഷ്ടമാകാതിരിക്കാനുള്ള ശ്രമം നടത്തുകയാണ്. യുഎസിന് ധാതുക്കളുടെ കരാര്‍ നല്‍കാനുള്ള പദ്ധതികള്‍ ഇരുനേതാക്കളും ഉപേക്ഷിച്ച നിലയിലാണ്. ഇത് നടപ്പായെങ്കില്‍ കൂടുതല്‍ യുഎസ് പിന്തുണ ലഭിക്കുമായിരുന്നു.