യുകെയില്‍ വിസാ കാലാവധി നീട്ടി ലഭിച്ചതിലൂടെ രാജ്യത്ത് തുടരാന്‍ കഴിഞ്ഞ വര്‍ഷം അനുമതി നേടിയ വിദേശ പൗരന്‍മാരുടെ എണ്ണം 900,000 കടന്നു. വര്‍ഷാവര്‍ഷ കണക്കുകള്‍ പ്രകാരം 215,000 പേരുടെ വര്‍ധനവാണ് ഇതില്‍ രേഖപ്പെടുത്തിയത്. ജോലിക്കാരും, വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുള്ള വിദേശികള്‍ കൂടുതല്‍ കാലം ബ്രിട്ടനില്‍ തുടരാന്‍ അവസരം നല്‍കുന്ന ഈ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്ന് കണ്‍സര്‍വേറ്റീവുകള്‍ പ്രതികരിച്ചു.
പുതിയ വിസകള്‍ നല്‍കുന്നതിന്റെ എണ്ണം കുറയ്ക്കുന്ന മുന്‍ ഗവണ്‍മെന്റ് നടപടികള്‍ വിജയിച്ചതിന് വിഘാതം സൃഷ്ടിക്കുന്നതാണ് ഈ ട്രെന്‍ഡ്. നെറ്റ് മൈഗ്രേഷന്‍ റെക്കോര്‍ഡ് നിലവാരം തൊട്ടതോടെയാണ് വര്‍ക്ക്, സ്റ്റഡി വിസാ റൂട്ടുകളില്‍ എണ്ണം കുറയ്ക്കാന്‍ കണ്‍സര്‍വേറ്റീവുകള്‍ നിയമങ്ങള്‍ കടുപ്പിച്ചത്.
2023 ജൂണില്‍ നെറ്റ് മൈഗ്രേഷന്‍ 906,000 എത്തിയിരുന്നു. ഈയാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം അനുവദിച്ച വര്‍ക്ക് വിസയില്‍ 244,000 കുറവും, സ്റ്റഡി വിസയില്‍ 185,000 കുറവും രേഖപ്പെടുത്തി. ഇത് മുന്‍ ഗവണ്‍മെന്റ് സ്വീകരിച്ച കര്‍ശന നടപടിയുടെ ബലത്തിലാണ്. അതേസമയം 2024-ല്‍ വിസാ കാലാവധി ദീര്‍ഘിപ്പിച്ച വിദേശ പൗരന്‍മാരുടെ എണ്ണം 901,013 എത്തിയെന്നും ഹോം ഓഫീസ് വെളിപ്പെടുത്തി.
മുന്‍വര്‍ഷം ഇത് 685,705 ആയിരുന്നു. 2019ലും, ഇതിന് മുന്‍പുമുള്ള വര്‍ഷങ്ങളില്‍ വാര്‍ഷിക കണക്കുകള്‍ 3 ലക്ഷത്തില്‍ താഴെയായിരുന്നു. 'ഈ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണ്', ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് പറഞ്ഞു. നിരവധി ആളുകള്‍ രാജ്യത്ത് പ്രവേശിക്കുകയും, കൂടുതല്‍ കാലതാമസം തുടരുകയും ചെയ്യുന്നുവെന്ന് ഈ ഡാറ്റ വ്യക്തമാക്കുന്നു. വിസാ കാലാവധി നീട്ടിനല്‍കുന്നതും ചുരുക്കേണ്ടി വരും, ഈ ഇമിഗ്രേഷന്‍ ഭ്രാന്ത് അവസാനിപ്പിക്കണം, ഫിലിപ്പ് വ്യക്തമാക്കി.
വിസാ കാലാവധി നീട്ടിനല്‍കുന്നത് പലപ്പോഴും വിദേശ പൗരന്‍മാര്‍ക്ക് സ്ഥിരതാമസത്തിനുള്ള യോഗ്യത നേടിക്കൊടുക്കും. അഞ്ച് വര്‍ഷത്തെ താമസത്തിന് ശേഷം ഭൂരിഭാഗം പേരും ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിനായി അപേക്ഷിക്കും.