യുക്രൈനുള്ള എല്ലാ സൈനിക സഹായവും നിര്‍ത്തിവെച്ച് ട്രംപ്; പരിഹാരം കാണാന്‍ നാറ്റോ
യുക്രൈന്‍-റഷ്യ യുദ്ധത്തിന് പരിഹാരം കാണാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പരിശ്രമിക്കവേ തിരിച്ചടിയായി യുക്രൈനുള്ള എല്ലാ സൈനിക സഹായവും നിര്‍ത്തിവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. എല്ലാ സൈനിക സഹായങ്ങളും നിര്‍ത്തിവെയ്ക്കുന്നതായി പ്രഖ്യാപിച്ച ട്രംപ് പ്രസിഡന്റ് യുക്രൈന്‍ വ്ളാദിമിര്‍ സെലെന്‍സ്‌കിയ്ക്ക് അന്ത്യശാസനവും നല്‍കി.
വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍ സമാധാന ചര്‍ച്ചകള്‍ക്ക് എത്തിയ സെലെന്‍സ്‌കി ട്രംപുമായി വാക്‌പോരില്‍ ഏര്‍പ്പെട്ടതിന് പിന്നാലെയാണ് നാടകീയ നീക്കങ്ങള്‍. യുക്രൈനെ പിന്തുണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി ട്രംപിന്റെ പിന്തുണ തേടാന്‍ ആഗ്രഹിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഈ പ്രഖ്യാപനം തിരിച്ചടിയായി.
റഷ്യ യുക്രൈനില്‍ നടത്തിയ അധിനിവേശം മൂന്ന് വര്‍ഷത്തിലേറെയായി യുദ്ധത്തിലാണ്. ഇതിന് അവസാനം കുറിച്ച് സമാധാനം കാണാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ പറയുന്നു. സെലെന്‍സ്‌കിയും ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കണമെന്നാണ് യുഎസിന്റെ ഉപദേശം.
സൈനിക സഹായം നിര്‍ത്തിവെച്ച് പുനഃപ്പരിശോധിച്ച്, ഈ സഹായം ഒരു പരിഹാരം നല്‍കുമെന്ന് ഉറപ്പാക്കാനാണ് ശ്രമമെന്ന് യുഎസ് അധികൃതര്‍ അവകാശപ്പെടുന്നു. ട്രംപിന്റെ പ്രഖ്യാപനത്തോടെ യുക്രൈനുള്ള ആയുധ നീക്കങ്ങളും സ്തംഭിക്കും. കൂടാതെ ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിക്കുമായിരുന്നെങ്കില്‍ അതിന്റെ കാര്യവും അസ്ഥാനത്താണ്.
വൈറ്റ് ഹൗസില്‍ ചര്‍ച്ചകള്‍ക്ക് എത്തിയ സെലെന്‍സ്‌കിയെ നാണംകെടുത്തിയാണ് ട്രംപും, സംഘവും യാത്രയാക്കിയത്. യുക്രൈന്റെ ധാതുശേഖരം കൈവശം വെയ്ക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് ഈ സമ്മര്‍ദതന്ത്രമെന്ന് പരസ്യമാണ്.