Don't Miss

വിശ്വസ്തര്‍ക്കു സ്ഥാനങ്ങള്‍; നിലമൊരുക്കി പിണറായി

രണ്ടു ദശാബ്ദം മുമ്പ് വിഎസ് പക്ഷത്തെ വെട്ടിനിരത്തി 'മിന്നല്‍പിണറായി' യായി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കിയ പിണറായി വിജയന്‍ പാര്‍ട്ടിയിലെ വിരമിക്കല്‍ പ്രായത്തിലും കരുത്തു കാട്ടി. തനിക്കു ഭീഷണിയാകാനിടയുള്ളവരെയും വരുതിയില്‍ നില്‍ക്കാത്തവരെയും ഒഴിവാക്കി വിശ്വസ്ഥര്‍ക്കും കൂറുകാണിക്കുന്നവര്‍ക്കും പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ നേടിക്കൊടുത്തു നിലമൊരുക്കുകയാണ് പിണറായി. എന്നാല്‍ പതിവിനു വിപരീതമായി ഇതിന്റെ പേരില്‍ പലഭാഗത്തുനിന്നും മുറുമുറുപ്പ് ഉയരുന്നുണ്ട്.

ചിലരുടെയെല്ലാം പ്രതിഷേധ ശബ്ദം വെളിയിലാണ് എന്നതാണ് കൊല്ലം സമ്മേളനത്തിന് ശേഷമുണ്ടായ പാര്‍ട്ടി ക്യാമ്പിലെ സ്ഥിതി. സംസ്ഥാന സമിതിയില്‍ നിന്ന് തഴയപ്പെട്ടവരും സംസ്ഥാന സെക്രട്ടറിയേറ്റിലെത്തുമെന്ന് പ്രതീക്ഷിച്ചിട്ട് നടക്കാതെ പോയവരുമെല്ലാം അസംതൃപ്തിയുടെ ശബ്ദം ഉയര്‍ത്തി കഴിഞ്ഞു. പാര്‍ട്ടിയ്ക്കുള്ളിലെ കണ്ണൂര്‍ ലോബിയിങിനെതിരേയും പല പ്രവണതകള്‍ക്കെതിരേയും കഴിഞ്ഞ കുറച്ചു മാസങ്ങളായി ശബ്ദം ഉയര്‍ത്തുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി നേരിട്ട തിരസ്‌കരണവും വലിയ ചര്‍ച്ചയ്ക്ക് ഇടവെച്ചിട്ടുണ്ട്.

എ പത്മകുമാറാണ് പരസ്യമായി തന്നെ തന്റെ അതൃപ്തി വ്യക്തമാക്കിയ സിപിഎം നേതാവ്. ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന് സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവായി സ്ഥാനം കിട്ടുകയും 52 കൊല്ലമായി പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച താന്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതുമാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ ചൊടിപ്പിച്ചത്. ആദ്യം പ്രതിഷേധ സ്വരം ഉയര്‍ത്തിയ പത്മകുമാര്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും രാജിവെയ്ക്കുകയാണെന്നും അറിയിച്ചു. ഇനി സാധാരണ പ്രവര്‍ത്തകനായി തുടരുമെന്ന് പറഞ്ഞാണ് പത്മകുമാറിന്റെ പിന്മാറ്റം. സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കപ്പെട്ടതിന്റെ നിരാശ സോഷ്യല്‍ മീഡിയയിലൂടെ പത്മകുമാര്‍ പ്രകടിപ്പിച്ചു. അതിന് ശേഷം മാധ്യമങ്ങളില്‍ നിലപാട് ഉറപ്പിച്ച് പ്രതികരിക്കുകയും ചെയ്തു. പാര്‍ലമെന്ററി സ്ഥാനത്തേക്ക് മാത്രമായി വന്ന ആള്‍ പെട്ടെന്ന് സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവായി വന്നപ്പോള്‍ ഉണ്ടായ പ്രതികരണമാണെന്നും താന്‍ പാര്‍ട്ടിയാണെന്നും ഒരു പൊട്ടിത്തെറിയല്ല ഇതെന്നും പറഞ്ഞു പത്മകുമാര്‍ തന്റെ കമ്മ്യൂണിസ്റ്റ് സ്വത്വം പൊതിഞ്ഞുപിടിക്കുന്നുണ്ട്. പാര്‍ട്ടിയില്‍ പറയേണ്ട കാര്യമായിരുന്നു പക്ഷേ പരസ്യമായി പറയേണ്ടി വന്നു എന്ന് പറഞ്ഞു പാര്‍ട്ടി കീഴ് വഴക്കത്തെ വെല്ലുവിളിച്ചതിന് സ്വാഭാവികമായി മനുഷ്യനെന്ന നിലയ്ക്കുള്ള വികാരവിചാരങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതികരണമാണെന്ന ന്യായീകരണവും പത്മകുമാറിന്റെ ഭാഗത്ത് നിന്നുണ്ട്.

പത്മകുമാര്‍ മാത്രമല്ല മറ്റ് ചിലരു പരോക്ഷമായി സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ പാര്‍ട്ടിയ്ക്കുള്ളിലെ തീരുമാനങ്ങളില്‍ അലോസരം പ്രകടിപ്പിച്ചു. കണ്ണൂരുകാരുടെ അതിപ്രസരം കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും പ്രകടമെങ്കിലും ഒഴിവാക്കപ്പെട്ട ഒരു കണ്ണൂറുകാരനും സംസ്ഥാന സമിതിയ്ക്ക് പിന്നാലെ പലവിധ ചര്‍ച്ചകളുടെ പ്രധാന വിഷയമായി. കണ്ണൂരിലെ പാര്‍ട്ടിയുടെ കരുത്തനും പാര്‍ട്ടിയെ കണ്ണൂരില്‍ ശക്തിദുര്‍ഗമാക്കിയതില്‍ പ്രധാനിയുമായ പി ജയരാജന്‍ നേതൃനിരയില്‍ ഇല്ലാതായതാണ് സോഷ്യല്‍ മീഡിയയിലെ ഇടത് അനുഭാവികളെ ചൊടിപ്പിച്ച മറ്റൊരു കാര്യം. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പുതിയതായി മൂന്ന് പേരെത്തിയതില്‍ രണ്ട് പേര്‍ കണ്ണൂരില്‍ നിന്ന് തന്നെയാണ്. പികെ ശ്രീമതിയ്ക്ക് പകരക്കാരിയായി കെ കെ ശൈലജയുടെ കടന്ന് വരവ് പ്രതീക്ഷിച്ചത് പോലെ സംഭവിച്ചു. കാരണം വനിത പ്രാതിനിധ്യം തന്നെ, ഒറ്റപ്പേരില്‍ സിപിഎം പാര്‍ട്ടി സെക്രട്ടറിയേറ്റിലെ വനിത സാന്നിധ്യം കഴിഞ്ഞ തവണത്തേത് പോലെ അവസാനിച്ചു. 2022ല്‍ കണ്ണൂരില്‍ നടന്ന 23ാം പാര്‍ട്ടികോണ്‍ഗ്രസില്‍ പ്രായപരിധി 75 നിശ്ചയിച്ചതിന്റെ പേരിലാണ് എകെ ബാലന്‍, പികെ ശ്രീമതി, ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവായത്. പ്രായപരിധിയില്‍ ഇളവ് പിണറായി വിജയന് മാത്രമാണ്. പിണറായിയുടെ വിശ്വസ്തരായ എംവി ജയരാജനും സിഎന്‍ മോഹനും പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ഇടം നേടിയപ്പോള്‍ 72 വയസിലെത്തി നില്‍ക്കുന്ന പി ജയരാജന് ഇനി അവസരങ്ങള്‍ അടഞ്ഞ മട്ടാണ്.

കണ്ണൂരിലെ ജയരാജന്‍ ആര്‍മിയ്ക്ക് സ്വീകാര്യമായ ഒരു നടപടിയല്ല പാര്‍ട്ടി സമ്മേളനത്തില്‍ ഉണ്ടായിരിക്കുന്നത്. അണികള്‍ക്ക് പിജെ നേരിട്ട തിരസ്‌കാരം വലിയ മുറിവായിട്ടുണ്ട്. താരതമ്യേന പാര്‍ട്ടിയിലെ ഇളമുറക്കാരായ മുഹമ്മദ് റിയാസും എം സ്വരാജുമെല്ലാം സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെട്ടതും എംബി രാജേഷിനും പി ജയരാജനും കടകംപള്ളി സുരേന്ദ്രനുമെല്ലാം സാധ്യതകള്‍ ഇല്ലാതായതും ചര്‍ച്ചയായി കഴിഞ്ഞു.

പി ജയരാജനെ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താതിരുന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ മകന്‍ ജെയിന്‍ രാജ് വാട്സാപ്പില്‍ പങ്കുവെച്ച സ്റ്റാറ്റസാണ് അണികള്‍ക്ക് ഇടയിലെ സംസാര വിഷയം. സിപിഎമ്മിന്റെ തീപ്പൊരി നേതാവ് എം സ്വരാജ് 2019-ല്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റാണ് ജെയിന്‍ രാജ് തന്റെ വാട്സാപ്പ് സ്റ്റാറ്റസാക്കിയത്. ‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ’ എന്നായിരുന്നു ആ പോസ്റ്റ്. മറ്റ് ഒരു തീരുമാനം പിണറായി കാലഘട്ടത്തില്‍ ഉണ്ടാകുമോയെന്ന തുറന്ന ചോദ്യമാണ് അതിന് പിന്നിലെന്ന് ഏവര്‍ക്കും മനസിലാകും. സ്വരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ജെയിന്‍ രാജ് ഷെയര്‍ ചെയ്തതോടെ അതും കണ്ണൂരില്‍ മുറുമുറുപ്പിന് ഇടയാക്കി.

കണ്ണൂരില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എന്‍ സുകന്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും ഇതിനിടയില്‍ പാര്‍ട്ടി കമ്മിറ്റികളിലെ തിരഞ്ഞെടുപ്പിലെ അതൃപ്തി ചൂണ്ടിക്കാണിക്കുന്നതാണോയെന്ന സംശയത്തിന് ഇടയാക്കി. ചെഗുവേരയുടെ വചനങ്ങളാണ് ഫെയ്‌സ്ബുക്കില്‍ പ്രഫൈല്‍ ചിത്രം മാറ്റുന്നതിനൊപ്പം സുകന്യ കുറിച്ചത്. ഓരോ അനീതി ഉണ്ടാകുമ്പോഴും ധാര്‍മ്മിക രോഷത്തില്‍ നിങ്ങള്‍ വിറയ്ക്കുന്നുണ്ടെങ്കില്‍ നിങ്ങളെന്റെ സഖാവാണെന്ന ചെഗുവേരയുടെ വാക്കുകളാണ് സുകന്യ കുറിച്ചത്. പക്ഷേ ഇത് സംസ്ഥാന സമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ലെന്നും പാര്‍ട്ടി തീരുമാനങ്ങളില്‍ തനിക്ക് അതൃപ്തിയില്ലെന്നും പോസ്റ്റ് ചര്‍ച്ചയായതോടെ എന്‍ സുകന്യ വ്യക്തമാക്കി രംഗത്ത് വന്നു. ഒരു ദുര്‍വ്യാഖ്യാനവും ഇതില്‍ വേണ്ടെന്നും പാര്‍ട്ടി എന്റെ പ്രവര്‍ത്തനത്തെ അംഗീകരിക്കുന്നുണ്ടെന്നും തനിക്ക് കഴിയുന്ന രീതിയില്‍ പാര്‍ട്ടിയ്ക്കായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീപ്രാതിനിധ്യം നേതൃനിരയില്‍ കൂടണമെന്ന അഭിപ്രായം ഉണ്ടെന്നും അവര്‍ വ്യക്തമാക്കി.

ഇത്തരത്തില്‍ പലയിടങ്ങളില്‍ നിന്ന് പ്രതികരണം ഉണ്ടായെങ്കിലും പാര്‍ട്ടി ചട്ടക്കൂടില്‍ നിന്ന് വിട്ടൊരു അഭിപ്രായ പ്രകടനത്തിലേക്ക് സഖാക്കള്‍ പോകില്ലെന്ന് ഉറപ്പുള്ളതിനാല്‍ നേതൃനിരയില്‍ പുനര്‍ചിന്തനങ്ങള്‍ക്ക് സാധ്യതയില്ല. വിഭാഗീയ കാലഘട്ടത്തില്‍ പിണറായിയ്‌ക്കൊപ്പം ഔദ്യോഗിക പക്ഷത്ത് ഉറച്ചു നിന്നവര്‍ക്കെല്ലാം കാലാന്തരത്തില്‍ സ്ഥാനമാനങ്ങള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ കിട്ടിയിട്ടുണ്ട്. എംവി ജയരാജനും സിഎന്‍ മോഹനും പാര്‍ട്ടി സെക്രട്ടറിയേറ്റിലേക്ക് എത്തുമ്പോള്‍ വി എസ് കാലത്ത് വിഭാഗീയ ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ട സമയത്ത് ഡിവൈഎഫ്‌ഐയില്‍ പിണറായിയ്ക്ക് അപ്രമാദിത്യം ഉണ്ടാക്കിയ രണ്ട് പേര്‍ കൂടിയാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റിലേക്ക് എത്തപ്പെട്ടിരിക്കുന്നത്.

  • യുകെ രഹസ്യാന്വേഷണ ഏജന്‍സിയുടെ തലപ്പത്ത് ആദ്യമായി വനിത
  • അഹമ്മദാബാദ് വിമാനാപകടം; മരണസംഖ്യ ഉയരുന്നു, 265 മൃതദേഹങ്ങള്‍ കണ്ടെത്തി
  • രാജ്യത്തെ നടുക്കിയ ആകാശദുരന്തത്തില്‍ വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ മരിച്ചു; രക്ഷപ്പെട്ടത് ഒരാള്‍ മാത്രം, മരിച്ചവരില്‍ ലണ്ടനിലെ മലയാളി നഴ്‌സും
  • ജെഫ്രി എപ്സ്റ്റീന്റെ ലൈംഗികഫയല്‍: ട്രംപിനെതിരെ ബോംബുമായി മസ്‌ക്
  • ആര്‍സിബിയുടെ വിജയാഘോഷം ദുരന്തമായി; തിക്കിലും തിരക്കിലും 11 മരണം
  • കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രമുഖ സിപിഎം നേതാക്കള്‍ പ്രതിപട്ടികയില്‍; പാര്‍ട്ടിയും പ്രതി
  • ബ്രിട്ടിഷ് രാജാവിന്റെ ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ ആദരം ഏറ്റുവാങ്ങി മലയാളി നഴ്സ് റ്റിന്‍സി ജോസ്
  • യുകെ നിര്‍മിത മദ്യം ഇന്ത്യന്‍ വിപണിയില്‍ സുലഭമാകും; ചങ്കിടിപ്പില്‍ ഇന്ത്യന്‍ മദ്യനിര്‍മാതാക്കള്‍
  • ഇരച്ചെത്തിയ പാക് ഡ്രോണുകള്‍ ഇന്ത്യയുടെ വ്യോമ പ്രതിരോധത്തില്‍ കിടുങ്ങി; ഇന്ത്യന്‍ പ്രത്യാക്രമണം അതിശക്തം
  • പാക് വ്യോമപ്രതിരോധം തകര്‍ത്ത് ഇന്ത്യയുടെ തിരിച്ചടി വീണ്ടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions