ആരോഗ്യം

സ്മാര്‍ട്ട്ഫോണിനെ സ്റ്റെതസ്‌കോപ്പാക്കി വിപ്ലവം സൃഷ്ടിക്കാന്‍ യു.കെയിലെ മലയാളി ഗവേഷകരുടെ സ്റ്റാര്‍ട്ടപ്പ്

സ്മാര്‍ട്ട്ഫോണ്‍ ദൈനം ദിന ജീവിതത്തിന്റെ ഭാഗമായ ഇക്കാലത്തു ചികിത്സാ രംഗത്തും അതിനെ ഉപയോഗ പ്രദമാക്കാനുള്ള ശ്രമങ്ങളിലാണ് ഗവേഷകര്‍. ഇതിന്റെ ഭാഗമായി സ്മാര്‍ട്ട്ഫോണിനെ സ്റ്റെതസ്‌കോപ്പാക്കി വിപ്ലവം സൃഷ്ടിക്കാന്‍ യു.കെയിലെ മലയാളി ഗവേഷകരുടെ സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനം തുടങ്ങി.

മലയാളികളായ ഡോ. ജെയ്സ് ജോണ്‍, ആരതി വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ യുകെയിലെ വെയില്‍സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലൈനെക് എ.ഐ. (laennec.ai) എന്ന സ്റ്റാര്‍ട്ടപ്പ് മെഡിക്കല്‍ രംഗത്ത് പുതിയൊരു വിപ്ലവത്തിനുള്ള തയ്യാറെടുപ്പിലാണ്.

സ്മാര്‍ട്ട് ഫോണുകളെ ഡിജിറ്റല്‍ സ്റ്റെതസ്‌കോപ്പ് ആക്കി മാറ്റി ആസ്ത്മ, മറ്റു ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ എന്നിവ കണ്ടെത്താനും രോഗികള്‍ക്ക് വീട്ടില്‍ത്തന്നെ ചികിത്സ ലഭ്യമാക്കാനും സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ലൈനെക് വികസിപ്പിക്കുന്നത്. നിര്‍മിതബുദ്ധി (എ.ഐ.) യുടെ സഹായത്തോടെയാണ് ഇത്. ആശുപത്രിയിലെ കിടത്തിച്ചികിത്സ ഒഴിവാക്കാന്‍ ഇത് സഹായിക്കുന്നു.


തുടക്കത്തില്‍ ശ്വാസകോശ രോഗികള്‍ക്ക് ഉപയോഗിക്കാവുന്ന എഐ സ്‌റ്റെതസ്‌കോപ് വിപണിയിലെത്തിക്കാനാണ് ശ്രമം. തൊട്ടുപിന്നാലെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കുകൂടി ഉപയോഗിക്കാവുന്ന രീതിയിലുള്ളതായി ഇതു മാറും. വൃദ്ധരായ രോഗികള്‍ക്കുപോലും വീട്ടിലിരുന്ന് വളരെ ആയാസരഹിതമായി പരിശോധന നടത്താവുന്നതാണ് എഐ സ്‌റ്റെതസ്‌കോപ്. ആന്‍ഡ്രോയിഡിനുള്ള സോഫ്‌റ്റ്‌വെയര്‍ സ്‌റ്റെതസ്‌കോപ് നിര്‍മാണവും പൂര്‍ത്തിയാകുന്നുണ്ട്.

കൊച്ചി സ്വദേശിയായ ഡോ. ജെയ്സ് ജോണും ആലപ്പുഴ സ്വദേശിയായ ആരതി വര്‍ഗീസും ചേര്‍ന്ന് 2022-ലാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. സ്റ്റെതസ്‌കോപ്പ് കണ്ടുപിടിച്ച ലൈനെക്കിന്റെ ഓര്‍മ്മയ്ക്കായി കമ്പനിക്ക് അദ്ദേഹത്തിന്റെ പേരു തന്നെ നല്‍കി.

ഡോ. ജെയ്സ് തമിഴ്നാട്ടിലെ വിനായക മിഷന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ നിന്ന് എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയ ശേഷം യു.കെ.യിലെ കാര്‍ഡിഫ് യൂണിവേഴ്സിറ്റിയില്‍ നിന്ന് പബ്ലിക് ഹെല്‍ത്തില്‍ മാസ്റ്റേഴ്സ് ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. കേരളത്തിലും സെയ്ഷെല്‍സിലുമായി 10 വര്‍ഷത്തോളം ഡോക്ടറായി പ്രവര്‍ത്തിച്ചു.

ആരതിയാകട്ടെ, ബി.ടെക്, എം.ടെക് എന്നിവയ്ക്കുശേഷം ജയ്പുരിലെ മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് പിഎച്ച്.ഡി. കരസ്ഥമാക്കി. ഐ.ഐ.ടി. ബോംബെയില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോ ആയിരുന്നു. പിന്നീട് കാര്‍ഡിഫ് യൂണിവേഴ്സിറ്റിയില്‍ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചിന് ചേര്‍ന്നു.

ഗ്രാന്റുകളിലൂടെയും പ്രീ-സീഡ് ഫണ്ടിങ് റൗണ്ടിലൂടെയും മൊത്തം ആറുലക്ഷം പൗണ്ട് (ഏതാണ്ട് 6.30 കോടി രൂപ) ഇവരുടെ സംരംഭം ഇതിനോടകം സമാഹരിച്ചു കഴിഞ്ഞു.

വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊച്ചിയില്‍ ലൈനെക്കിന്റെ ഡിവലപ്മെന്റ് സെന്റര്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് ഇരുവരും അറിയിച്ചു.

  • ശരീരത്തില്‍ ടാറ്റൂ ചെയ്യുന്നത് കാന്‍സര്‍ വരാനുള്ള സാധ്യത മൂന്നിരട്ടി വര്‍ധിപ്പിക്കുമെന്ന് പഠനം!
  • പൊതുജനത്തിന് ഭീഷണി ഉയര്‍ത്തുന്ന 24 പ്രധാന പകര്‍ച്ചവ്യാധികളുടെ ലിസ്റ്റ് പുറത്തുവിട്ടു യുകെ ആരോഗ്യവകുപ്പ്
  • ഏഴ് ലക്ഷം വനിതകളെ പങ്കെടുപ്പിച്ച് എഐ സ്തനാര്‍ബുദ സ്‌ക്രീനിംഗിന് യുകെ
  • വിഷാദ രോഗ ചികിത്സയില്‍ സഹായകമായ നിര്‍ണായക കണ്ടെത്തലുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍
  • ദിവസവും പാല്‍ കുടിക്കുന്നത് കുടലില്‍ കാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കും
  • ഇംഗ്ലണ്ടില്‍ 50 വയസില്‍ താഴെയുള്ളവരില്‍ കുടലിലെ കാന്‍സര്‍ വര്‍ധിക്കുന്നത് ലോകത്തിലെ ഉയര്‍ന്ന തോതില്‍
  • പുകവലി ഉപേക്ഷിക്കുന്നതിനായുള്ള എന്‍എച്ച്എസിന്റെ ഗുളിക ചികിത്സയ്ക്ക് മികച്ച ഫലം
  • ടോയ്‌ലറ്റിനെക്കാള്‍ ബാക്ടീരിയ സ്മാര്‍ട്ട് ഫോണുകളില്‍!
  • ചെറുപ്പക്കാരില്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിച്ചത് കോവിഡ് എംആര്‍എന്‍എ വാക്സിനെന്ന് പഠനറിപ്പോര്‍ട്ട്
  • ഇഷ്ട ഭക്ഷണങ്ങള്‍ തന്നെ യുകെ ജനതയെ ഹൃദ്രോഗത്തിലേക്ക് നയിക്കുന്നു!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions