അഭയാര്‍ത്ഥി അപേക്ഷ നിരസിച്ച ആളുകളെ നാടുകടത്താന്‍ ലേബര്‍ പദ്ധതി വരുന്നു. അഭയാര്‍ത്ഥികളെ ബാല്‍ക്കണ്‍ രാജ്യങ്ങളിലെ ഡിറ്റന്‍ഷന്‍ സെന്ററുകളിലേക്ക് മാറ്റിപാര്‍പ്പിക്കാനാണ് ആലോചന. ലേബര്‍ ഗവണ്‍മെന്റ് അനധികൃത കുടിയേറ്റക്കാരോടുള്ള സമീപനത്തില്‍ പ്രകടമായ മാറ്റം വരുത്തുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അഭയാര്‍ത്ഥി അപേക്ഷ നിരസിച്ചാല്‍ ഇവരെ നാടുകടത്താനുള്ള പദ്ധതികളാണ് പരിഗണിക്കുന്നത്. ഇത്തരം ആളുകളെ ബാല്‍ക്കണ്‍ രാജ്യങ്ങളിലേക്ക് നാടുകടത്തി അവിടെയുള്ള ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ പാര്‍പ്പിക്കാനാണ് നീക്കം. ഈ വര്‍ഷത്തെ ചാനല്‍ ക്രോസിംഗ് 5000 കടന്ന സാഹചര്യത്തിലാണ് നടപടി.
വെസ്റ്റേണ്‍ ബാല്‍ക്കണ്‍ രാജ്യങ്ങളായ അല്‍ബേനിയ, സെര്‍ബിയ, ബോസ്‌നിയ, നോര്‍ത്ത് മാസിഡോണിയ എന്നിവിടങ്ങളിലേക്ക് അഭയാര്‍ത്ഥി അപേക്ഷകരെ അയയ്ക്കാനാണ് ഒരുക്കം നടക്കുന്നത്. അഭയാര്‍ത്ഥിത്വത്തിനുള്ള അപേക്ഷകള്‍ പരാജയപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ഇത് നടപ്പാക്കും. ചെറുബോട്ടുകളില്‍ ചാനല്‍ കുടിയേറ്റം നടത്തുന്നവരെ തടയാനുള്ള കീര്‍ സ്റ്റാര്‍മറുടെ പദ്ധതികളുടെ ഭാഗമാണ് ഈ നീക്കം.
എന്നാല്‍ മാറ്റിപാര്‍പ്പിക്കുന്ന ഓരോ വ്യക്തിയുടെയും ചെലവ് ബ്രിട്ടന്‍ അതാത് രാജ്യങ്ങള്‍ക്ക് നല്‍കേണ്ടി വരും. ഈ വര്‍ഷം ചെറുബോട്ടുകളില്‍ നിന്നും പിടിക്കപ്പെട്ട് രാജ്യത്ത് പ്രവേശിച്ചവരുടെ എണ്ണം 5025 എത്തിയതായാണ് കണക്ക്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 24 ശതമാനം അധികമാണിത്.
ഈ മാസം ആദ്യത്തെ നാല് ദിവസത്തില്‍ 1100 പേരെയാണ് മനുഷ്യക്കടത്ത് സംഘങ്ങള്‍ ബ്രിട്ടനില്‍ എത്തിച്ചത്. ചാനലിലെ സുഖകരമായ അന്തരീക്ഷം മുതലെടുത്താണ് ഈ വരവ്. യുഎന്‍ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ പിന്തുണ ലഭിച്ചതോടെയാണ് റിട്ടേണ്‍ ഹബ്ബുകള്‍ സൃഷ്ടിക്കാന്‍ യുകെ തയ്യാറെടുക്കുന്നത്.