യുകെയില്‍ തുടര്‍ച്ചയായ നാലാം മാസവും ശരാശരി വരുമാനത്തില്‍ വര്‍ധന. ബോണസ് ഒഴിവാക്കിയ പ്രതിവാര വരുമാനം 2024 നവംബറിനും, 2025 ജനുവരിക്കും ഇടയില്‍ 5.9 ശതമാനമാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇത്.
ഇതിന് മുന്‍പുള്ള മൂന്ന് മാസങ്ങളിലും ഈ നിലവാരം നിലനിര്‍ത്തിയതായി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പണപ്പെരുപ്പം കൂടി കണക്കിലെടുക്കുമ്പോള്‍ വരുമാനം 3.2 ശതമാനമാണ് ഉയര്‍ന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിട്ടതിനും ഏറെ മുകളിലായിരുന്നു ജനുവരിയില്‍ പണപ്പെരുപ്പം എത്തിനിന്നത്.
ജനുവരി വരെ 12 മാസങ്ങളില്‍ 3 ശതമാനത്തിലാണ് പണപ്പെരുപ്പം. 2 ശതമാനമായി പണപ്പെരുപ്പം നിലനിര്‍ത്താനാണ് ബാങ്കിന്റെ ശ്രമം. അതുകൊണ്ട് തന്നെ ശമ്പളം വര്‍ധിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ തോതില്‍ ഇത് ആളുകള്‍ക്ക് ഗുണം ചെയ്യുന്നില്ലെന്നതാണ് വസ്തുത. പബ്ലിക്, പ്രൈവറ്റ് മേഖലകളില്‍ ശമ്പളവളര്‍ച്ച നിലനില്‍ക്കുന്നുണ്ടെന്ന് ഒഎന്‍എസ് വ്യക്തമാക്കി.
എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ നിലവില്‍ വരുന്ന പല നികുതി വര്‍ധനവുകളും ചേര്‍ന്ന് കുടുംബ ബജറ്റ് കൂടുതല്‍ താളംതെറ്റിക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഏപ്രില്‍ 1 മുതല്‍ ബിസിനസ്സുകള്‍ എംപ്ലോയേഴ്‌സിനായി നല്‍കുന്ന നാഷണല്‍ ഇന്‍ഷുറന്‍സ് തുക വര്‍ദ്ധിപ്പിക്കേണ്ടി വരും. ഇതോടെ ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ചെലവുകള്‍ നേരിടുകയും, ബിസിനസ്സുകള്‍ തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്യും.
ശമ്പളവളര്‍ച്ച ഒരേ സമയം ഗുണവും, ദോഷവുമാണ് സമ്മാനിക്കുന്നത്. കൂടുതല്‍ പണം കൈയില്‍ കിട്ടുന്ന ജോലിക്കാര്‍ ഇത് കൂടുതലായി ചെലവാക്കുന്നത് ഗവണ്‍മെന്റിന് ആശ്വാസമാണ്. എന്നാല്‍ ഇതേ സമയത്ത് പണപ്പെരുപ്പം ഉയരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടര്‍ന്നാല്‍ പലിശ നിരക്കുകളും ഉയര്‍ന്ന നിലയില്‍ തുടരും. മോര്‍ട്ട്‌ഗേജ് എടുത്തവര്‍ ഉള്‍പ്പെടെ ഇതില്‍ സമ്മര്‍ദം നേരിടും.