പകരം തീരുവ താല്‍ക്കാലികമായി മരവിപ്പിച്ച് ട്രംപ്, ചൈനയ്ക്ക് 125% തന്നെ
വാഷിങ്ടണ്‍: ഏറെ വിവാദമായ പകരച്ചുങ്കത്തില്‍ പിന്നോക്കം പോയി അമേരിക്ക. തീരുവ തീരുമാനം 90 ദിവസത്തേയ്ക്ക് മരവിപ്പിച്ചു. ഇക്കലായളവില്‍ പത്തുശതമാനം മാത്രമായിരിക്കും ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്കു തീരുവ. ചൈനയ്ക്കു മാത്രം 125 ശതമാനമായിരിക്കും തീരുവ. 75 രാജ്യങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് തീരുവ തീരുമാനം മരവിപ്പിച്ചിരിക്കുന്നതെന്നാണ് ട്രംപ് എക്‌സില്‍ കുറിച്ചു.
ഇന്നു ട്രംപിന്റെ പകരച്ചുങ്കം നിലവില്‍ വന്നതിനെത്തുടര്‍ന്ന് യുഎസ് ഉല്‍പന്നങ്ങളുടെ തീരുവ 34 ശതമാനത്തില്‍നിന്നു 84 ശതമാനമായി ചൈന ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് യു.എസും തീരുവ ഉയര്‍ത്തുകയായിരുന്നു. ഇതോടെ ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്‌ഥകള്‍ തമ്മിലുള്ള വ്യാപാരയുദ്ധം മൂര്‍ച്ഛിച്ചു.
ചൈനയ്‌ക്കെതിരെ ആദ്യം ട്രംപ് 34 ശതമാനം തീരുവ ചുമത്തുകയും ഇതിനു തിരിച്ചടിയായി ചൈന യുഎസിനെതിരെ 34 ശതമാനം തീരുവ ചുമത്തുകയും ചെയ്തിരുന്നു. ചൈനയുടെ നടപടിയ്ക്ക് മറുപടിയായി യുഎസ് 50 ശതമാനം അധിക തീരവ കൂടി ചുമത്തിയിരുന്നു. ഇതോടെ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് മുകളിലുള്ള നികുതി 104 ശതമാനമായി ഉയര്‍ന്നിരുന്നു. ചൈനയ്ക്ക് പിന്നാലെ യൂറോപ്യന്‍ യൂണിയനും യുഎസ് ഉല്‍പന്നങ്ങള്‍ക്ക് മുകളിലുള്ള തീരുവ വര്‍ധിപ്പിച്ചിരുന്നു.
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്തിയ നടപടി 24 മണിക്കൂറിനകം പിന്‍വലിക്കണമെന്ന് ട്രംപ് ബീജിങ്ങിന് അന്ത്യശാസനം നല്‍കിയിരുന്നു. അല്ലാത്തപക്ഷം, കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നായിരുന്നു അമേരിക്കന്‍ ഭീഷണി. ചൈന മുട്ടുമടക്കാന്‍ കൂട്ടാക്കാതെ വന്നതോടെ ചൈനീസ് ഇറക്കുമതികള്‍ക്ക് 104 ശതമാനം ലെവി ചുമത്താന്‍ വാഷിങ്‌ടണ്‍ മുതിര്‍ന്നു. ഇതിനുള്ള മറുപടിയാണ് ചൈനയുടെ 84 ശതമാനം തീരുവ.
ചൈനയ്‌ക്കെതിരേയുള്ള തീരുവപ്രഹരത്തെ തെറ്റിനു പുറമേയുള്ള തെറ്റ് എന്നാണ് ചൈന വിശേഷിപ്പിച്ചത്. യു.എസിന്റെ ബ്ലാക്ക് മെയിലിങ് സ്വഭാവമാണ് ഇത് തുറന്നുകാട്ടുന്നതെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം പ്രസ്‌താവിച്ചു. യു.എസ് സമ്മര്‍ദം തുടര്‍ന്നാല്‍, ചൈന അവസാനംവരെ പോരാടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.