യുകെയില്‍ ബാഡ്മിന്റണ്‍ കളിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച പത്തനംതിട്ട കല്ലൂപ്പാറ സ്വദേശി റെജി തോമസിന്റെ (57) പൊതുദര്‍ശനം ഇന്ന് നടക്കും. റെജി ഇടവകാംഗമായ ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലാണ് പൊതുദര്‍ശനം. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെയാണ് പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍.
പൊതുദര്‍ശന സമയത്ത് ലണ്ടനിലെ മലയാളി സമൂഹം അന്ത്യയാത്രാമൊഴി നല്‍കും. ലണ്ടനിലെ ഈസ്റ്റ്‌ഹാമില്‍ കുടുംബമായി താമസിച്ചു വരികയായിരുന്ന റെജി തോമസ് നാട്ടില്‍ തിരുവല്ലയ്ക്ക് സമീപമുള്ള ഇരവിപേരൂര്‍ ആണ് താമസിച്ചിരുന്നത്. ഏപ്രില്‍ 12ന് വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ പാരാമെഡിക്സിന്റെ സഹായം തേടുകയും വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലെ സെന്റ് ബര്‍ത്തലോമിയോ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയില്‍ തുടരവേ ഏപ്രില്‍ 15നാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
ഭാര്യ: ഷുജ വര്‍ഗീസ്. മക്കള്‍: അലക്സിസ്, ഗ്രീഷ്മ, മീഖ. കല്ലൂപ്പാറ അഴകന്‍പാറ മാങ്കൂട്ടത്തില്‍ തോമസ് മാത്തല്‍, പരേതയായ മറിയാമ്മ എന്നിവരാണ് മാതാപിതാക്കള്‍. മാത്യു തോമസ്(കാനഡ), ആനി ഫിലിപ്പ്, ആലിസ് ജോണ്‍ എന്നിവരാണ് സഹോദരങ്ങള്‍. സംസ്കാരം നാട്ടില്‍ വെച്ച് നടത്തുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. കല്ലൂപ്പാറ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയിലാണ് സംസ്കാരം നടത്തുവാനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത്.
ലണ്ടനിലെ പൊതുദര്‍ശനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം:
St. Gregorios Indian Orthodox Cathedral, Cranfield Rd, London SE4 1UF