അയര്‍ലന്‍ഡിലെ മലയാളി ദമ്പതികളുടെ രണ്ടു വയസുള്ള മകന്‍ പുതിയ വീടിന്റെ മുറ്റത്തെ സ്വിമ്മിംഗ് പൂളില്‍ വീണു മരിച്ചത് മലയാളി സമൂഹത്തിനു തീരാവേദനയായി . പത്തനംതിട്ട കൊടുമണ്‍ ഇടത്തിട്ട കോട്ടപ്പുറത്ത് ലിജോ ജോയിയുടെയും ലീനയുടെയും ഇളയ മകന്‍ ജോര്‍ജ് സ്‌കറിയാ (രണ്ടു വയസ്) ആണ് മരിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം നാട്ടിലെത്തിയതായിരുന്നു ജോര്‍ജ്. തുടര്‍ന്ന് ശനിയാഴ്ച രാവിലെ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് പത്തുമണിയോടെയാണ് വീടിനോട് ചേര്‍ന്നുള്ള സ്വിമ്മിങ് പൂളിലേക്ക് വീണത്. ഉടന്‍ തന്നെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏപ്രില്‍ 21നാണ് ജോര്‍ജും മാതാപിതാക്കളും സഹോദരങ്ങളും അയര്‍ലന്‍ഡില്‍ നിന്ന് നാട്ടിലെത്തിയത്. പുതിയ വീടിന്റെ പാലുകാച്ചും ജോര്‍ജ്ജിന്റെ മാമോദീസയും എല്ലാം ഇത്തവണത്തെ യാത്രയിലുണ്ടായിരുന്നു. ഗൃഹപ്രവേശനച്ചടങ്ങും ഈ മാസം ആറിന് മാമോദീസയും കഴിഞ്ഞതിന്റെ ആഹ്ലാദത്തിലായിരുന്നു കുടുംബം. തുടര്‍ന്ന് ഈമാസം 19ന് തിരികെ അയര്‍ലന്‍ഡിലേക്ക് മടങ്ങിപ്പോകാനിരിക്കെയാണ് ദുരന്തം എത്തിയത്.
സംസ്‌കാരം ഇന്ന് ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നടന്നു. സഹോദരങ്ങള്‍: ജോണ്‍ സ്‌കറിയ, ഡേവിഡ് സ്‌കറിയ.