കേരളത്തെ ഞെട്ടിച്ച തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലപാതക കേസില്‍ പ്രതി കേഡല്‍ ജിന്‍സന്‍ രാജക്ക് ജീവപര്യന്തം. 15 ലക്ഷം രൂപ പിഴയും കോടതി ചുമത്തി. അമ്മാവന്‍ ജോസ് സുന്ദരത്തിന് 15 ലക്ഷം രൂപ പിഴത്തുക നല്‍കണം. കേസില്‍ കേഡല്‍ കുറ്റക്കാരനെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. കേദലിനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. മാതാപിതാക്കളായ ജീന്‍ പദ്മ, രാജാ തങ്കം, സഹോദരി കരോളിന്‍, ബന്ധു ലളിത എന്നിവരെയാണ് കേഡല്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്. രണ്ട് ദിവസമായാണ് ഈ കൊലപാതകങ്ങള്‍ നടത്തിയത്.
തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ആറാം കോടതിയാണ് ശിക്ഷ വിധിച്ചത്. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്നും കോടതി നിരീക്ഷിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും കൃത്യം നടന്നതിന് മുമ്പും ശേഷവും പ്രതിക്ക് മാനസിക രോഗമില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. മാനസിക പ്രശ്നമുണ്ടെങ്കില്‍ ഉറ്റവരെ കൊല്ലാന്‍ പ്രതിക്ക് എങ്ങനെ സാധിച്ചു എന്നും പ്രോസിക്യൂഷന്‍ ചോദിച്ചു. എന്നാല്‍ പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും പ്രതിയുടെ പ്രായം കൂടി പരിഗണിക്കണമെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്.
2017 ഏപ്രില്‍ അഞ്ചിനാണ് നാടിനെ നടുക്കിയ കൂട്ടകൊലപാതകം നടന്നത്. തലസ്ഥാന നഗരമധ്യത്തില്‍, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപത്തെ വീട്ടിലാണ് കൊലപതകങ്ങള്‍ നടന്നത്. കേഡലിന്റെ അച്ഛന്‍, അമ്മ, സഹോദരി, അകന്ന ബന്ധു എന്നിവരാണ് കൊല്ലപ്പെട്ടത്. ഓണ്‍ലൈനിലൂടെ വാങ്ങിയ മഴു ഉപയോഗിച്ച് നാല് പേരെയും വെട്ടിക്കൊന്നു. അതിന് ശേഷം അച്ഛന്റെയും അമ്മയുടെയും സഹോദരിടെയും മൃതദേഹം കത്തിച്ചു.
ആസ്ട്രല്‍ പ്രൊജക്ഷന് വേണ്ടിയായിരുന്നു കൊലപാതകം എന്ന കേഡലിന്റെ വെളിപ്പെടുത്തല്‍ വലിയ ഞെട്ടലോടെയാണ് കേരളം കേട്ടത്. ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കാനെന്ന വിചിത്രകാരണത്തിന് മാതാപിതാക്കളും സഹോദരിയും അടക്കം നാല് പേരെയാണ് കേഡല്‍ കൊന്നത്. കൊലപാതകം കഴിഞ്ഞയുടനെ ചെന്നൈയിലേക്ക് പോയ കേഡലിനെ തിരിച്ച് തിരുവനന്തപുരത്തേക്ക് വന്നപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്.