മെഴ്‌സിസൈഡിലെ ഹ്യൂട്ടണിലെ ടോബ്രൂക്ക് റോഡില്‍ രണ്ട് പേരെ കുത്തി പരിക്കേല്‍പിച്ചെന്ന് സംശയിക്കുന്ന ആളെ പോലീസ് വെടിവച്ചു. ബ്ലൂബെല്‍ എസ്റ്റേറ്റിന് സമീപം ഇന്നലെ വൈകുന്നേരം 4:30 ഓടെ ഒരു പുരുഷനും സ്ത്രീയും ആക്രമിക്കപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി പ്രതിയെ വെടിവച്ചത്. വെടിവച്ചതിന് പിന്നാലെ ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുത്തേറ്റ രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില നില ഗുരുതരമാണെങ്കിലും പേടിക്കേണ്ടതില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.
ആക്രമണത്തിന് പിന്നാലെ ഫോറന്‍സിക് സംഘം സംഭവസ്ഥലത്ത് അന്വേഷണം നടത്തി വരികയാണ്. ആക്രമണം തീര്‍ത്തും 'ഒറ്റപ്പെട്ട സംഭവം' ആണെന്നും, ഇതില്‍ മറ്റ് പ്രതികളുടെ ഇടപെടല്‍ ഉണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും മെഴ്‌സിസൈഡ് പോലീസ് അറിയിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു.
പോലീസ് വെടിവയ്പ്പിനെ കുറിച്ച് ഇന്‍ഡിപെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കണ്ടക്റ്റ് (IOPC)-നെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ നടപടിയായി ഐഒപിസി ഇപ്പോള്‍ സംഭവത്തില്‍ അന്വേഷണം നടത്തുകയാണ്. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് പോള്‍ സ്‌പൈറ്റ് പറഞ്ഞു. സമൂഹ സുരക്ഷയോടുള്ള മെഴ്‌സിസൈഡ് പോലീസിന്റെ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു. അന്വേഷണത്തിലുടനീളം ഐഒപിസിയുമായി സേന പൂര്‍ണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.