കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രമുഖ സിപിഎം നേതാക്കള്‍ പ്രതിപട്ടികയില്‍; പാര്‍ട്ടിയും പ്രതി
കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രണ്ടാം ഘട്ട കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎം തൃശ്ശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, മുന്‍ മന്ത്രി എസി മൊയ്ദീന്‍, കെ രാധാകൃഷ്ണന്‍ എംപി എന്നിവര്‍ക്ക് പുറമേ സിപിഎമ്മിനെയും പ്രതി ചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
പ്രതികള്‍ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചുവെന്നാണ് ഇ.ഡി ആരോപിക്കുന്നത്.
ഇപ്പോള്‍ പ്രതികളുടെ എണ്ണം 83 ആയി. 27 പേരെ കൂടി പുതിയതായി ഉള്‍പ്പെടുത്തി. സിപിഎം പാര്‍ട്ടിയെ കേസില്‍ 68 ാം പ്രതിയായി ചേര്‍ത്തിട്ടുണ്ട്. പ്രതിപ്പട്ടികയില്‍ എഴുപതാമതായി മുന്‍മന്ത്രിയും നിലവിലെ എംപിയുമായ കെ.രാധാകൃഷ്ണനെയും അറുപത്തേഴാം പ്രതിയായി എസി മൊയ്തീനെയും അറുപത്തൊമ്പതാം പ്രതിയായി എംഎം വര്‍ഗ്ഗീസും പട്ടികയിലുണ്ട്. മധു അമ്പലപ്പുരം 64 പ്രതിയാണ്. പുതിയതായി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ എട്ടു സിപിഎംനേതാക്കളാണ് പ്രതിപ്പട്ടികയില്‍ എത്തിയത്.
ആദ്യ ഘട്ടത്തില്‍ 55 പ്രതികളും അഞ്ച് സ്ഥാപനങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ബിനാമി അക്കൗണ്ട് ഉണ്ടാക്കി 180 കോടിയോളമാണ് തട്ടിയെടുത്തതെന്ന് ഇ.ഡി. പറയുന്നു. സിപിഎമ്മിന്റെ രഹസ്യമായ അഞ്ച് അക്കൗണ്ടുകള്‍ വഴി ബിനാമി വായ്പയിലൂടെയാണ് പണം തട്ടിയതെന്നും പറയുന്നു. സിപിഎമ്മിനെതിരേ കൃത്യമായ തെളിവുകളുണ്ടെന്നും ഇ.ഡി. പറയുന്നു.
സിപിഎമ്മിന്റെ ലോക്കല്‍കമ്മറ്റി ഓഫീസ് പണിയാന്‍ വെച്ചിരുന്ന 10 സെന്റ് ഭൂമിയും നേതാക്കളുടെ സമ്പത്തും അടക്കം 128 കോടി രൂപ കണ്ടുകെട്ടിയിട്ടുള്ളതായിട്ടാണ് വിവരം. 2021 ജൂലൈ 14 നാണ് കരുവന്നൂര്‍ കേസ് ആദ്യം വരുന്നത്. ബാങ്ക് സെക്രട്ടിയുടെ പരാതിയില്‍ പോലീസ് എടുത്ത കേസ് പിന്നാലെ ഇഡി ഏറ്റെടുക്കുകയായിരുന്നു. സിപിഎം ജില്ലാ നേതാക്കളുടെയെല്ലാം അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് ഇ.ഡി. യുടെ കണ്ടെത്തല്‍. പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലാക്കുന്ന ഒരു കുറ്റപത്രമാണ് ഇത്. പാര്‍ട്ടിയെ തന്നെ പ്രതിയായി ചേര്‍ത്തു എന്നത് വലിയ തിരിച്ചടിയാകും. പട്ടികയില്‍ പ്രതിചേര്‍ത്തിരിക്കുന്ന സിപിഎം പാര്‍ട്ടിയുടെ മാത്രം 70 കോടിയാണ് കണ്ടു കെട്ടിയിരിക്കുന്നത്. ശതകോടികളുടെ കള്ളപ്പണ ഇടപാടാണ് ബാങ്ക് വായ്പയിലൂടെ നടത്തിയതെന്നാണ് കണ്ടെത്തല്‍.