മൂന്നു വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ കൊട്ടാരക്കര സ്വദേശിയായ ഗൃഹനാഥന്‍ കാന്‍സര്‍ ചികിത്സയിലിരിക്കെ മരിച്ചു. അധ്യാപകനായ ബോബി ജെയിംസ്(57) ആണ് കാന്‍സര്‍ സ്ഥിരീകരിച്ചു മണിക്കൂറുകള്‍ക്കകം മരണമടഞ്ഞത്.
മൂന്നു വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ കുടുംബത്തിലേക്ക് ഇന്നലെ വൈകുന്നേരം ആണ് മരണമെത്തിയത്. നീണ്ടകാലമായി രോഗിയായി കിടപ്പിലായ ജെയിംസ് കാന്‍സര്‍ സ്ഥിരീകരിച്ചു മണിക്കൂറുകള്‍ക്കകം മരണത്തിനു കീഴടങ്ങേണ്ടി വന്നു. കൊട്ടാരക്കര പൂയപ്പള്ളി സ്വദേശിയായ ബോബിയുടെ മരണം ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സ്ഥിരീകരിക്കാനായത്. ഭാര്യ സ്മിത, മക്കളും വിദ്യാര്‍ത്ഥികളുമായ ബോധിന്‍, ബെവന്‍ എന്നിവരെ സങ്കടത്തിലാക്കിയാണ് വിടപറഞ്ഞത്. ബോബിയുടെ മരണമറിഞ്ഞു കുടുംബ സുഹൃത്തുക്കള്‍ ആശ്വാസമായി സ്മിതയുടെ അടുത്തെത്തിയിട്ടുണ്ട്.
മൂന്നു വര്‍ഷം മുമ്പ് മുമ്പ് ഹൈവെല്‍ ഡിഡിഎ ഹെല്‍ത്ത് ബോര്‍ഡ് അബെര്‍സ്‌വിത്തില്‍ നഴ്‌സ് ആയി ഭാര്യ സ്മിതയ്ക്ക് ജോലി കിട്ടിയതോടെ ഏറെ സന്തോഷത്തോടെയാണ് ബോബിയും കുടുംബവും യുകെയിലേക്ക് എത്തുന്നത്. എന്നാല്‍ ആ സന്തോഷം അധികം നീണ്ടില്ല. പിന്നീട് കുടുംബത്തിന് സമ്മാനിച്ചത് രോഗങ്ങളുടെയും ദുരിതങ്ങളുടെയും സമയമാണ്.
യുകെയിലെത്തി രണ്ടു മൂന്നു മാസത്തിനകം തന്നെ ചീസി മെനിഞ്ചൈറ്റിസ് ബാധിക്കുകയും പിന്നാലെ ചികിത്സയ്ക്കിടെ സ്‌ട്രോക്ക് വരികയും അങ്ങനെ കിടപ്പിലായ ബോബിയെ വീട്ടില്‍ നിന്നും നഴ്സിംഗ് ഹോം പരിചരണത്തിലേക്ക് മാറ്റേണ്ടി വന്നു.
ഭര്ത്താവിന്റെ ശുശ്രൂഷയുമായി ബന്ധപെട്ട് അവധികള്‍ വേണ്ടിവന്നപ്പോഴും ആശുപത്രി അധികൃതരുടെ സഹായത്തോടെയാണ് സ്മിതയ്ക്ക് ജോലി നഷ്ടമാകാതെ നോക്കാനായത്. അതിനിടെ ചികിത്സയിലൂടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും നാട്ടിലേക്ക് കൊണ്ടുപോയാല്‍ ഒരുപക്ഷെ ബോബിയെ നടത്താന്‍ സാധിക്കുന്ന വിധം മാറ്റം കൊണ്ടുവരാന്‍ കഴിയും എന്ന സാധ്യതയും മുന്നില്‍ തെളിഞ്ഞു നില്‍ക്കവേയാണ് മരണമെത്തുന്നത്.
ബോബിയുടെ മൃതദേഹം യുകെയില്‍ തന്നെ സംസ്‌കരിക്കാനാണ് ആലോചിക്കുന്നതെന്നും കുടുംബ വൃത്തങ്ങള്‍ അറിയിക്കുന്നു.