ആര്‍സിബിയുടെ വിജയാഘോഷം ദുരന്തമായി; തിക്കിലും തിരക്കിലും 11 മരണം
ആദ്യ ഐപിഎല്‍ കിരീടം നേടിയ ആര്‍സിബിയുടെ ആഘോഷം ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ ദുരന്തമായി. ആര്‍സിബി ഐപിഎല്‍ കിരീടം നേടിയതിന്റെ സ്വീകരണ പരിപാടി നടക്കുന്നതിനിടെ ബെംഗളൂരുവില്‍ വന്‍ ദുരന്തം ആണുണ്ടായത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേരാണ് മരിച്ചത്. സംഭവത്തില്‍ അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മരിച്ചവരില്‍ ഒരു സ്ത്രീയുമുണ്ട്. നിലവില്‍ 15ഓളം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. പരിക്കേറ്റവരെ നഗരത്തിലെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്‌സണ്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇവരില്‍ കുറച്ച് പേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ബെംഗളൂരു പോലെയൊരു നഗരത്തില്‍ വിജയാഘോഷം സംഘടിപ്പിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തിന് പിന്നാലെ ജനങ്ങള്‍ ബെംഗളൂരുവില്‍ നിന്ന് മടങ്ങാനായി ശ്രമിക്കുന്നത് വീണ്ടും വലിയ തിക്കും തിരക്കുമുണ്ടാക്കുന്നുണ്ട്. മെട്രോ സ്‌റ്റേഷനുകളില്‍ ഉള്‍പ്പെടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പോലീസിന്റെ നിര്‍ദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടില്ല
തിരക്ക് കാരണം ദുരന്തസ്ഥലത്തേക്ക് ആംബുലന്‍സുകള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത സ്ഥിതിയാണുളളത്. ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബുധനാഴ്ച ഉച്ചമുതല്‍ തന്നെ സ്റ്റേഡിയത്തിന് സമീപം വന്‍ജനക്കൂട്ടമാണ് ഉണ്ടായിരുന്നത്. ടീമിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് ഇവിടേക്ക് എത്തിച്ചേര്‍ന്നത്. ഇത് വലിയ തിക്കും തിരക്കിനും ഇടയാക്കുകയായിരുന്നു. ബെംഗളൂരു താരങ്ങള്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതുമുതല്‍ വന്‍ജനക്കൂട്ടം നഗരത്തില്‍ തടിച്ചൂകൂടി.
വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതോടെ വിജയാഘോഷ പരിപാടികള്‍ നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറാണ് ഇത് സ്ഥിരീകരിച്ചത്.
ആളുകള്‍ വന്‍ തോതില്‍ എത്തിച്ചേരുന്നതു സംബന്ധിച്ച് പോലീസ് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വിക്ടറി പരേഡടക്കം നടത്താനാവില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പരേഡ് നടത്താമെന്ന നിലപാടാണ് കെസിഎ യും ആര്‍സിബിയും സ്വീകരിച്ചത്. വിക്ടറി പരേഡ് നടക്കുന്നതിന് മുന്നോടിയായാണ് അപകടം നടന്നതെന്നാണ് വിവരം.
നൂറ് കണക്കിനാളുകള്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതോടെയാണ് സ്ഥിതി വഷളായത്. പോലീസ് ലാത്തി വീശിയെങ്കിലും നിയന്ത്രിക്കാനായില്ല.