Don't Miss

ജെഫ്രി എപ്സ്റ്റീന്റെ ലൈംഗികഫയല്‍: ട്രംപിനെതിരെ ബോംബുമായി മസ്‌ക്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മുന്‍ ഡോജ് മേധാവിയും സ്പേസ് എക്‌സ് ഉടമയുമായ ഇലോണ്‍ മസ്‌കും തമ്മിലുള്ള പോര് വഴിത്തിരിവില്‍ ട്രംപിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുകയാണ് മസ്‌ക്. വിവാദനായകനായ ജെഫ്രി എപ്സ്റ്റീനെതിരായ ലൈംഗികാരോപണ ഫയലുകളില്‍ പ്രമുഖരുടെ പേരിനൊപ്പം ട്രംപിന്റെ പേരുമുണ്ടെന്ന ഗൗരവമായ ആരോപണം എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ മസ്‌ക് വെളിപ്പെടുത്തിയിട്ടുണ്ട്. എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവരാത്തത് അതിനാലാണെന്നും മസ്‌ക് ആരോപിച്ചു. പീഡനക്കേസില്‍ വിചാരണ നേരിടുന്നതിനിടെ 2019ല്‍ ജയിലില്‍ ജീവനൊടുക്കിയ യുഎസ് ശതകോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീന്റെ ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെട്ടതാണ് വിവാദമായ ഫയല്‍.

കുറച്ചുകാലമായി തുടരുന്ന ട്രംപ് - മസ്‌ക് പോര് ഇതോടെ വ്യക്തിപരമായ ആക്രമണത്തിലേക്കു കടന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും പകരം വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് അദ്ദേഹത്തിന് പകരം വരണമെന്നുമുള്ള പോസ്റ്റുകളെയും അനുകൂലിച്ച് മസ്‌ക് പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുണ്ട്.

'ബിഗ് ബോംബിനുള്ള സമയമായി, ഡൊണാള്‍ഡ് ട്രംപ് എപ്സ്റ്റീന്‍ ഫയലുകളില്‍ ഉണ്ട്. അവ പരസ്യമാക്കാത്തതിന്റെ യഥാര്‍ത്ഥ കാരണം അതാണ്. ഡിജെടി, നിങ്ങള്‍ക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു!' - എന്നായിരുന്നു മസ്‌കിന്റെ എക്‌സ് പോസ്റ്റ്. എപ്സ്റ്റീന്‍ ഫയലുമായി ബന്ധപ്പെട്ട പോസ്റ്റിന് പിന്നാലെ മാറ്റൊരു എക്‌സ് പോസ്റ്റില്‍ 'ഭാവിയിലേക്ക് ഈ പോസ്റ്റ് അടയാളപ്പെടുത്തുക. സത്യം പുറത്തുവരും' എന്നും മസ്‌ക് കുറിച്ചു.

'ബിഗ് ബ്യൂട്ടിഫുള്‍ ബില്ലിനെ' എതിര്‍ത്ത മസ്‌കിന്റെ നിലപാടില്‍ നിരാശയുണ്ടെന്ന്' ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ച് ഒരു മണിക്കൂറിനകമായിരുന്നു മസ്‌കിന്റെ സ്‌ഫോടനാത്മകമായ എക്‌സ് കുറിപ്പ്. ട്രംപ് അധികാരമേറ്റയുടന്‍ സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ച ഡോജിന്റെ തലവനായി ഇലോണ്‍ മസ്‌കിനെ നിയമിച്ചിരുന്നു. ജോലി വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള മസ്‌കിന്റെ നിലപാടുകള്‍ അമേരിക്കയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ട്രംപും മസ്‌കും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. പിന്നാലെ മസ്‌ക് ഡോജിന്റെ നേതൃസ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. എന്നാല്‍ ട്രംപ് ഭരണകൂടം ബി?ഗ് ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കിയതോടെയാണ് മസ്‌ക്- ട്രംപ് പോര് പരസ്യമായത്. ഇലോണും ഞാനും തമ്മില്‍ നല്ലൊരു ബന്ധമുണ്ടായിരുന്നു. ഇനി നമ്മള്‍ അങ്ങനെ ആകുമോ എന്നറിയില്ല എന്ന് വൈറ്റ്ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞിരുന്നു. ഇലോണ്‍ ''വ്യക്തിപരമായി എന്നെ മോശമായി പറഞ്ഞിട്ടില്ല, പക്ഷേ അടുത്തത് അങ്ങനെയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്'' എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തിരുന്നു. താനില്ലായിരുന്നെങ്കില്‍ ട്രംപ് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമായിരുന്നു എന്നും എന്തൊരു നന്ദികേടാണ് എന്ന പ്രതികരണവുമായി മസ്‌കും രംഗത്ത് വന്നിരുന്നു.

ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങള്‍ക്കായി പ്രായപൂര്‍ത്തിയാകാത്തവരെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട ജെഫ്രി എപ്‌സിറ്റീനെതിരെ നടത്തിയ അന്വേഷണത്തിന്റെ ഫയലില്‍ ട്രംപിന്റെ പേര് ഉണ്ടെന്നാണ് മസ്‌ക് ഇപ്പോള്‍ ആരോപിച്ചിരിക്കുന്നത്. കരീബിയന്‍ ദ്വീപിലും ന്യൂയോര്‍ക്ക്, ഫ്‌ലോറിഡ, ന്യൂ മെക്‌സിക്കോ എന്നിവിടങ്ങളിലെ വീടുകളിലും എപ്സ്റ്റീനും അയാളുടെ ഉന്നത ബന്ധങ്ങളുള്ള അതിഥികളും ലൈംഗികമായി ഉപയോഗിച്ചിരുന്നു എന്ന് ആരോപിച്ച് നിരവധി സ്ത്രീകള്‍ നേരത്തെ രംഗത്ത് വന്നിരുന്നു. 2005-ല്‍, 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള പരാതിയെ തുടര്‍ന്നാണ് ജെഫ്രി എപ്സ്റ്റീനെതിരെ അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണത്തില്‍ എപ്സ്റ്റീന്‍ 36 പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്തതായി കണ്ടെത്തി. രണ്ട് കേസുകളില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും 2008-ല്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. എന്നാല്‍ 13 മാസം മാത്രമാണ് എപ്സ്റ്റീന് ജയിലില്‍ കഴിയേണ്ടി വന്നത്. പിന്നീട് 2019 ജൂലൈയില്‍ പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗിക ആവശ്യങ്ങള്‍ക്കായി കടത്തിയെന്ന കുറ്റത്തിന് ജെഫ്രി എപ്സ്റ്റീന്‍ വീണ്ടും അറസ്റ്റിലായി. ബാലലൈംഗികപീഡന പരമ്പരയുമായി ബന്ധപ്പെട്ട വിചാരണക്കിടെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍ 2019 ഓഗസ്റ്റില്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. പിന്നാലെ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവര്‍ക്കെതിരായ നിയമ നടപടികള്‍ നിര്‍ത്തി വെയ്ക്കുകയായിരുന്നു.
സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകം പിന്‍വലിക്കുമെന്നും മസ്‌ക് ഭീഷണി മുഴക്കിയിട്ടുണ്ട്.

  • യുകെ രഹസ്യാന്വേഷണ ഏജന്‍സിയുടെ തലപ്പത്ത് ആദ്യമായി വനിത
  • അഹമ്മദാബാദ് വിമാനാപകടം; മരണസംഖ്യ ഉയരുന്നു, 265 മൃതദേഹങ്ങള്‍ കണ്ടെത്തി
  • രാജ്യത്തെ നടുക്കിയ ആകാശദുരന്തത്തില്‍ വിമാനത്തിലുണ്ടായിരുന്ന 241 പേര്‍ മരിച്ചു; രക്ഷപ്പെട്ടത് ഒരാള്‍ മാത്രം, മരിച്ചവരില്‍ ലണ്ടനിലെ മലയാളി നഴ്‌സും
  • ആര്‍സിബിയുടെ വിജയാഘോഷം ദുരന്തമായി; തിക്കിലും തിരക്കിലും 11 മരണം
  • കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: പ്രമുഖ സിപിഎം നേതാക്കള്‍ പ്രതിപട്ടികയില്‍; പാര്‍ട്ടിയും പ്രതി
  • ബ്രിട്ടിഷ് രാജാവിന്റെ ഗാര്‍ഡന്‍ പാര്‍ട്ടിയില്‍ ആദരം ഏറ്റുവാങ്ങി മലയാളി നഴ്സ് റ്റിന്‍സി ജോസ്
  • യുകെ നിര്‍മിത മദ്യം ഇന്ത്യന്‍ വിപണിയില്‍ സുലഭമാകും; ചങ്കിടിപ്പില്‍ ഇന്ത്യന്‍ മദ്യനിര്‍മാതാക്കള്‍
  • ഇരച്ചെത്തിയ പാക് ഡ്രോണുകള്‍ ഇന്ത്യയുടെ വ്യോമ പ്രതിരോധത്തില്‍ കിടുങ്ങി; ഇന്ത്യന്‍ പ്രത്യാക്രമണം അതിശക്തം
  • പാക് വ്യോമപ്രതിരോധം തകര്‍ത്ത് ഇന്ത്യയുടെ തിരിച്ചടി വീണ്ടും
  • ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions