വിമാന യാത്രയ്ക്ക് ചിലവേറുന്ന പുതിയ നിയമവുമായി യൂറോപ്യന്‍ യൂണിയന്‍ . വിമാനങ്ങളില്‍ വലിയ കാബിന്‍ ബാഗുകള്‍ക്ക് അധിക ഫീസ് ചുമത്താന്‍ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് യൂറോപ്യന്‍ യൂണിയന്‍ പുതിയ നിയമം രൂപീകരിക്കാനൊരുങ്ങുകയാണ്. ചെറിയ ബാക്ക്പാക്കുകള്‍, ഹാന്‍ഡ് ബാഗുകള്‍ എന്നിവ സൗജന്യമായി കൊണ്ടുപോകാം.
ഹാന്‍ഡ് ലഗേജ് എന്നതിന് പുതിയൊരു നിര്‍വ്വചനം കൂടി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച്, മുന്‍പിലെ സീറ്റിനടിയില്‍ വയ്ക്കാന്‍ സാധിക്കുന്ന ബാഗുകള്‍ മാത്രമായിരിക്കും ഹാന്‍ഡ് ലഗേജ് ,അതിലും വലിയ ഏതൊരു ലഗേജിനും അധിക തുക നല്‍കേണ്ടി വരും. സ്‌പെയിന്‍, ജര്‍മ്മനി, സോള്‍വേനിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ ഇതിനെതിരെ വോട്ടു ചെയ്തു. യാത്രക്കാരെ ചൂഷണം ചെയ്യുന്നുവെന്നാണ് വിമര്‍ശനമുന്നയിച്ചത്. എന്നാല്‍, ഈ നിര്‍ദ്ദേശങ്ങള്‍ വോട്ടെടുപ്പില്‍ അംഗീകരിക്കപ്പെടുകയായിരുന്നു.
പുതിയ നിര്‍ദ്ദേശം യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. അവിടെ എം പി മാര്‍ ഭേദഗതികളോടെ നിയമമാക്കുന്നതുള്‍പ്പെടെ തീരുമാനമെടുക്കും.
അതിനിടെ, ബഗേജ് ഫീസുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വരുത്തുന്ന ഈ നിയമത്തെ എയര്‍ലൈന്‍ അസോസിയേഷന്‍ സ്വാഗതം ചെയ്തു. ഇതുവഴി യാത്രക്കാരും വിമാനക്കമ്പനികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാമെന്നാണ് വിശദീകരണം.
കഴിഞ്ഞ മാസം യൂറോപ്യന്‍ കണ്‍സ്യൂമേഴ്സ് ഓര്‍ഗനൈസേഷന്‍ പരാതി നല്‍കിയതോടെയാണ് ഹാന്‍ഡ് ലഗേജിന് ചാര്‍ജ്ജ് ഈടാക്കുന്നത് വലിയ രീതിയില്‍ ചര്‍ച്ചയായത്. 12 അംഗരാജ്യങ്ങളില്‍ നിന്നായുള്ള 16 ഉപഭോക്തൃ സംഘടനകളാണ് ചില ലോ - കോസ്റ്റ് എയര്‍ലൈനുകള്‍ നിയമവിരുദ്ധമായി ഹാന്‍ഡ് ലഗേജ് ചാര്‍ജ്ജ് ഈടാക്കുന്നതായി പരാതിപ്പെട്ടത്. ഹാന്‍ഡ് ലഗേജ് യാത്രയുടെ ഭാഗമാണെന്നും അതിന് ചാര്‍ജ് ഈടാക്കരുതെന്നും യൂറോപ്യന്‍ കോടതി വിധിച്ചിരുന്നു.