വേനല്‍ക്കാല യാത്രയ്‌ക്കൊരുങ്ങുന്നവര്‍ക്ക് തിരിച്ചടിയായി ഗ്ലാസ്ഗോ വിമാനത്താവളത്തിലെ 800 ലേറെ ജീവനക്കാര്‍ സമരത്തിലേക്ക്. വേതനവര്‍ധനവ് ആവശ്യപ്പെട്ട് ഗ്ലാസ്‌ഗോ വിമാനത്താവളത്തിലെ അഞ്ചു കമ്പനികളില്‍ ജോലി ചെയ്യുന്ന 800 ലേറെ ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങുകയാണ്. സമരം വേനല്‍ക്കാല യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്ക് തിരിച്ചടിയായേക്കും.
യുണൈറ്റ് യൂണിയന്റെ നേതൃത്വത്തില്‍ ഗ്ലാസ്ഗോ എയര്‍പോര്‍ട്ട് ലിമിറ്റഡ്, ഐ സി ടീസ് സെന്‍ട്രല്‍ സെര്‍ച്ച്, സ്വിസ്സ്പോര്‍ട്ട്, മെന്‍സീസ് ഏവിയേഷന്‍, ഫ്ലാക്ക് എന്നീ കമ്പനികളിലെ ജീവനക്കാരാണ് സമരത്തിനൊരുങ്ങുന്നത്. സമരം ഒഴിവാക്കാനായി കഴിഞ്ഞ രണ്ടാഴ്ചയായി ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല.
മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ആവശ്യപ്പെടുകയാണ് തൊഴിലാളികള്‍. ജീവനക്കാരുടെ കുറവ് ജോലി ഭാരം കൂട്ടുന്നുവെന്ന പരാതി വ്യാപകമാണ്. ജീവനക്കാരുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്നും വേതനം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഐസിടി സെന്‍ട്രല്‍ സെര്‍ച്ച് ജീവനക്കാര്‍ സമരത്തിന് ഇറങ്ങുന്നത്.
ഗ്ലാസ്ഗോ എയര്‍പോര്‍ട്ട് ലിമിറ്റഡിലെയും ഫ്ലാക്ക് ഫയര്‍ഫൈറ്റേഴ്‌സിലേയും തൊഴിലാളികള്‍ 3.6 ശതമാനമെന്ന ഓഫര്‍ നിരസിച്ചിരിക്കുകയാണ്. വലിയൊരു വര്‍ദ്ധനവിന് കമ്പനികളും തയ്യാറല്ല. ഇതാണ് സമരത്തിലേക്കെത്തിയിരിക്കുന്നത്.