വിവാഹത്തട്ടിപ്പ്: കൂടുതല്‍പേരെ വിവാഹം കഴിച്ചത് സ്‌നേഹത്തിനായാണെന്ന് രേഷ്മ
വിവാഹ തട്ടിപ്പ് കേസിലെ പ്രതി എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മ(35)യുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. തന്നെ ജയിലില്‍ അടയ്ക്കണമെന്നും പുറത്തിറങ്ങിയാല്‍ തട്ടിപ്പ് ആവര്‍ത്തിക്കുമെന്നും രേഷ്മ പൊലീസിനോട് പറഞ്ഞു. സ്‌നേഹം ലഭിക്കാനാണ് കൂടുതല്‍ പേരെ വിവാഹം ചെയ്തതെന്നും മൊഴിയില്‍ പറയുന്നു. രേഷ്മയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും.
ആര്യനാട് പഞ്ചായത്ത് അംഗത്തിനെ വിവാഹം കഴിക്കാനിരിക്കുമ്പോഴായിരുന്നു രേഷ്മയുടെ തട്ടിപ്പ് പുറത്തുവന്നത്. അടുത്തമാസം വിവാഹം കഴിക്കാനിരുന്ന യുവാവിനൊപ്പമാണ് രേഷ്മ ഈ വിവാഹത്തിനെത്തിയതെന്നതായിരുന്നു ട്വിസ്റ്റ്. ഈ യുവാവായിരുന്നു കോട്ടയത്തു നിന്നും യുവതിയെ വെമ്പായത്ത് എത്തിച്ചത്. ആര്യനാടുള്ള ബന്ധുവീട്ടില്‍ പോകുന്നു എന്നായിരുന്നു യുവാവിനോട് പറഞ്ഞിരുന്നത്. ഇതൊന്നും അറിയാതെയായിരുന്നു യുവാവിന്റെ തിരുവനന്തപുരം യാത്ര. പതിനൊന്നാമത്തെ വിവാഹം കഴിക്കാനിരിക്കയാണ് യുവതി പിടിയിലായത്. രേഷ്മയ്ക്ക് രണ്ട് വയസ്സുള്ള കുട്ടിയുണ്ട്. മൂന്നുവര്‍ഷം മുമ്പുള്ള വിവാഹത്തിലാണ് കുട്ടിയുള്ളത്. സാമ്പത്തിക തട്ടിപ്പിനായാണ് യുവതി വിവാഹം കഴിച്ചതെന്ന് പൊലീസ് പറഞ്ഞിരുന്നു.
ബാഗില്‍ സൂക്ഷിച്ചിരുന്ന മുന്‍ വിവാഹങ്ങളുടെ രേഖകളാണ് രേഷ്മയെ കുടുക്കിയത്. പ്രതിശ്രുത വരനായ ആര്യനാട് പഞ്ചായത്ത് അംഗവും സുഹൃത്തായ മറ്റൊരു വാര്‍ഡ് അംഗവും ഭാര്യയും ചേര്‍ന്നാണ് രേഷ്മയുടെ വിവാഹ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
വിവാഹപരസ്യം നല്‍കുന്ന ഗ്രൂപ്പില്‍ പഞ്ചായത്ത് അംഗം രജിസ്റ്റര്‍ ചെയ്തിരുന്നു. മെയ് 29-നാണ് ഇതില്‍ നിന്നും ആദ്യം ഫോണ്‍ കോള്‍ വന്നത്. യുവതിയുടെ അമ്മയാണെന്ന് ഒരു സ്ത്രീ സ്വയം പരിചയപ്പെടുത്തി. ജൂലൈ അഞ്ചിന് മകള്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരാവശ്യത്തിനായി വരുന്നുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ഇവിടെ വെച്ച് ഇരുവരും കണ്ടു. താന്‍ ദത്തെടുക്കപ്പെട്ട കുട്ടിയാണെന്നും അതുകൊണ്ട് അമ്മയ്ക്ക് ഈ വിവാഹത്തിന് താല്‍പര്യക്കുറവുണ്ടെന്നും രേഷ്മ യുവാവിനെ അറിയിച്ചു. അതോടെ രേഷ്മയെ വിവാഹം കഴിക്കാന്‍ തയാറാണെന്ന് യുവാവ് ഉറപ്പ് നല്‍കുകയായിരുന്നു.
പിന്നീട് വിവാഹത്തിന്റെ ഒരുക്കങ്ങളായി. വെള്ളിയാഴ്ചയാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. അഞ്ചാം തീയതി രേഷ്മയെ യുവാവ് കൂട്ടിക്കൊണ്ടുവന്ന് ഉഴമലയ്ക്കലിലുള്ള ഒരു വാര്‍ഡ് മെമ്പറുടെ വീട്ടില്‍ താമസിപ്പിച്ചിരുന്നു. വിവാഹദിവസം രാവിലെ കുളികഴിഞ്ഞ് തനിക്ക് ബ്യൂട്ടി പാര്‍ലറില്‍ പോകണമെന്ന് പറഞ്ഞ് രേഷ്മ ഇറങ്ങി. വാര്‍ഡ് മെമ്പറുടെ ഭാര്യ കുളിമുറിയില്‍ കയറിയപ്പോള്‍ രേഷ്മ കുളിച്ചതിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല. തുടര്‍ന്ന് യുവതിക്ക് സംശയം തോന്നിയതോടെ രേഷ്മയുടെ ബാഗ് പരിശോധിച്ചു. അങ്ങനെയാണ് മുന്‍ വിവാഹങ്ങളുടെ സട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്.
45 ദിവസം മുന്‍പ് വിവാഹം കഴിച്ചതിന്റെ രേഖകള്‍ ബാഗിലുണ്ടായിരുന്നു. ഉടന്‍തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.