ഇംഗ്ലണ്ടിലെ രോഗികള്‍ക്ക് ഇനി എന്‍എച്ച്എസ് ആപ്പ് പ്രാഥമിക ആശയവിനിമയ രീതിയായി മാറുമെന്ന് സര്‍ക്കാര്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആരോഗ്യ സേവനത്തിന് 200 മില്യണ്‍ പൗണ്ട് ലഭിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നീക്കം. 50 മില്യണ്‍ നിക്ഷേപത്തിന്റെ ഭാഗമായി, കൂടുതല്‍ പരിശോധനാ ഫലങ്ങള്‍, സ്‌ക്രീനിംഗ് ക്ഷണക്കത്തുകള്‍, അപ്പോയിന്റ്‌മെന്റ് റിമൈന്‍ഡറുകള്‍ എന്നിവ രോഗികളുടെ സ്മാര്‍ട്ട്‌ഫോണുകളിലേയ്ക്ക് നേരിട്ട് അയയ്‌ക്കും. നേരത്തെ ഇവയ്ക്കായി ഏകദേശം 50 മില്യണ്‍ കത്തുകള്‍ പ്രതിവര്‍ഷം അയക്കേണ്ടതായി വരുമായിരുന്നു.
ആരോഗ്യ സംരക്ഷണ ആശയവിനിമയം ആധുനികവല്‍ക്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഈ സാമ്പത്തിക വര്‍ഷം എന്‍എച്ച്എസ് ആപ്പ് വഴി 270 ദശലക്ഷം സന്ദേശങ്ങള്‍ അയയ്ക്കുമെന്നാണ് ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പുഷ് നോട്ടിഫിക്കേഷനുകള്‍ വഴി എന്‍എച്ച്എസ് ആപ്പ് രോഗികളെ അപ്പോയിന്റ്മെന്റുകളെ കുറിച്ച് ഓര്‍മ്മിപ്പിക്കും. ഫോണ്‍ കലണ്ടറുകളില്‍ അപ്പോയിന്റ്മെന്റുകള്‍ ചേര്‍ക്കാനും ജിപി സര്‍ജറികളില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിക്കാനുമുള്ള ഫീച്ചറുകളും ആപ്പില്‍ ഉണ്ട്.
2018-ല്‍ ആരംഭിച്ചതിനുശേഷം ഇംഗ്ലണ്ടിലെ 87% ആശുപത്രികളും ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്. പ്രതിമാസം 11 ദശലക്ഷത്തിലധികം ഉപയോക്താക്കളും ഏകദേശം 20 ദശലക്ഷം ആളുകളും ആരോഗ്യ സംരക്ഷണ സന്ദേശങ്ങള്‍ക്കായി എന്‍എച്ച്എസ് ആപ്പ് ഉപയോഗിക്കുന്നു.
സര്‍ക്കാരിന്റെ പുതിയ നീക്കം എന്‍എച്ച്എസിനെ ഡിജിറ്റല്‍ യുഗത്തിലേക്ക് കൊണ്ടുവരുമെന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. അതേസമയം രോഗികള്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്ന രീതി മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായി പേഷ്യന്റ്സ് അസോസിയേഷന്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തു.
അതേസമയം, ഡിജിറ്റല്‍-ഫസ്റ്റ് സമീപനത്തിലേക്കുള്ള എന്‍എച്ച്എസിന്റെ മാറ്റം പ്രായമായവരെ പോലുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ അങ്ങനെ ഉപയോഗിക്കാത്ത രോഗികളെ ഒഴിവാക്കരുതെന്ന് ബിഎംഎ കൗണ്‍സില്‍ ചെയര്‍മാനായ പ്രൊഫസര്‍ ഫില്‍ ബാന്‍ഫീല്‍ഡ് മുന്നറിയിപ്പ് നല്‍കി.