ഷെഫീല്‍ഡില്‍ കൗമാരക്കാരന്‍ കാറിടിച്ച് മരിക്കാനിടയായ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി. 16 കാരനായ അബ്ദുല്ല യാസര്‍ അബ്ദുല്ല അല്‍ യാസിദി ആണ് കാര്‍ ഇടിച്ച് മരിച്ചത്. അടുത്തിടെയാണ് ഇയാള്‍ യെമനില്‍ നിന്ന് യുകെയില്‍ എത്തിയത്.
ഷെഫീല്‍ഡിലെ ലോക്ക് ഡ്രൈവില്‍ നിന്നുള്ള സുല്‍ക്കര്‍നൈന്‍ അഹമ്മദ് (20), അമാന്‍ അഹമ്മദ് (26) എന്നിവര്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. തിങ്കളാഴ്ച ഷെഫീല്‍ഡ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇവരെ ഹാജരാക്കും. ജൂണ്‍ 4 ന് വൈകുന്നേരം നഗരത്തിലെ ഡാര്‍നാല്‍ പ്രദേശത്തെ ഒരു തെരുവിലൂടെ നടക്കുമ്പോഴാണ് കാര്‍ അയാളുടെ മേല്‍ ഇടിച്ചതെന്ന് സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസ് പറഞ്ഞു .
ഇലക്ട്രിക് ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കാര്‍ മുന്നോട്ട് പോകുമ്പോള്‍ അത് അബ്ദുള്ളയെ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. 18 വയസ്സുള്ള ഇലക്ട്രിക് ബൈക്ക് ഓടിച്ചിരുന്നയാള്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടെങ്കിലും ജീവന് ഹാനികരമല്ല. അദ്ദേഹം ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ്. കുറ്റവാളിയെ സഹായിച്ചതിന് മുമ്പ് അറസ്റ്റിലായ 46 വയസ്സുള്ള ഒരു പുരുഷനും 45 വയസ്സുള്ള ഒരു സ്ത്രീയും ഉള്‍പ്പെടെ രണ്ട് പേര്‍ ജാമ്യത്തിലാണ്.