ടോറികള്‍ പ്രഖ്യാപിച്ച ഫാമിലി വിസയ്ക്കുള്ള 38,700 പൗണ്ട് വരുമാന പരിധി റദ്ദാക്കിയേക്കും. പങ്കാളിക്ക് യുകെയില്‍ വിസ ലഭിക്കാനായി ബ്രിട്ടീഷ് പൗരന്‍മാരും, രാജ്യത്ത് സെറ്റില്‍ ആയ താമസക്കാരും നേടിയിരിക്കേണ്ട മിനിമം വരുമാനത്തില്‍ കുറവ് വരുത്താമെന്ന് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഈ കുറവ് വരുത്തല്‍ നെറ്റ് മൈഗ്രേഷന്‍ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുമെന്നും ഗവണ്‍മെന്റിന്റെ സ്വതന്ത്ര ഇമിഗ്രേഷന്‍ പാനല്‍ പറഞ്ഞു.
മിനിമം വരുമാന പരിധി 23,000 പൗണ്ട് മുതല്‍ 25,000 പൗണ്ട് വരെയാക്കി നിജപ്പെടുത്താന്‍ കഴിയുമെന്ന് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി പറഞ്ഞു. 2024 ഏപ്രില്‍ മുതല്‍ പങ്കാളിക്ക് വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ക്ക് ചുരുങ്ങിയത് 29,000 പൗണ്ട് വരുമാനം വേണമെന്നാണ് നിബന്ധന.
കൂടാതെ ഫാമിലി വിസയ്ക്കുള്ള വരുമാന പരിധി 38,700 പൗണ്ടിലേക്ക് വര്‍ദ്ധിപ്പിക്കാനുള്ള ടോറി പദ്ധതി ഉപേക്ഷിക്കാമെന്നും പാനല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മനുഷ്യാവകാശ നിയമങ്ങളെ ഹനിക്കുമെന്നാണ് ഇവര്‍ പറയുന്ന ന്യായീകരണം.
25,000 പൗണ്ട് വരെ വരുമാനം നേടുന്ന കുടുംബങ്ങള്‍ക്ക് നികുതിദായകന്റെ സഹായമില്ലാതെ കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു. കുടിയേറ്റ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി മുന്‍ പ്രധാനമന്ത്രി സുനാകിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് ഫാമിലി വിസ ലഭിക്കാന്‍ സ്‌കില്‍ഡ് വര്‍ക്കര്‍ നിലവാരത്തിലുള്ള വരുമാനം വേണമെന്ന പദ്ധതി തയ്യാറാക്കിയിരുന്നു.