ബ്രിട്ടനില്‍ ഡ്രൈവര്‍ ഇല്ലാത്ത കാറുകള്‍ പ്രതീക്ഷിച്ചതിലും നേരത്തെ നിരത്തില്‍ ഇറങ്ങും. യു എസിലെ സാന്‍ഫ്രാന്‍സിസ്‌കോ ഉള്‍പ്പെടെ നാല് പ്രധാന നഗരങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന വേമോ (Waymo) എന്ന കമ്പനി, 2026 ല്‍ ലണ്ടനില്‍ പൂര്‍ണ്ണമായും സ്വയം നിയന്ത്രിതമായ ടാക്സി സേവനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു . ഡ്രൈവര്‍ ഇല്ലാതെ യാത്ര ചെയ്യാം എന്ന വാഗ്ദാനവുമായി കമ്പനി മുന്നോട്ട് വരുമ്പോള്‍, ഇത് ബ്രിട്ടനിലെ ഗതാഗത രംഗത്ത് വലിയ മാറ്റത്തിന് വഴിവെക്കും എന്നാണ് വിലയിരുത്തല്‍. യുകെ സര്‍ക്കാര്‍ തന്നെ ഇത്തരം വാഹനങ്ങളുടെ നിയമാനുസൃത പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ പദ്ധതികള്‍ തയ്യാറാക്കുകയാണ്. എന്നാല്‍ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും സംബന്ധിച്ച അന്തിമ തീരുമാനം ഇനിയും പുറത്തു വന്നിട്ടില്ല.
മറ്റു നഗരങ്ങളെ അപേക്ഷിച്ച് ലണ്ടന്‍ കൂടുതല്‍ തിരക്കേറിയതും സങ്കീര്‍ണ്ണമായ ഗതാഗത സംവിധാനമുള്ളതുമായ നഗരമാണ്. അതുകൊണ്ട് തന്നെ ഡ്രൈവര്‍ ഇല്ലാത്ത കാറുകള്‍ ഇറക്കുക വെല്ലുവിളിയുമാണ്. ഇത് എത്രത്തോളം ഫലപ്രദമായി പ്രവര്‍ത്തിക്കും എന്നതില്‍ വിദഗ്ധര്‍ക്ക് സംശയമുണ്ട്. ലണ്ടനിലെ റോഡുകളില്‍ ആളുകള്‍ നിരന്തരം റോഡ് മുറിച്ചു കടക്കാറുണ്ട്. വേമോയുടെ സെന്‍സര്‍ കാണുമ്പോള്‍ ആളുകള്‍ ഉറപ്പായും വാഹനം നിര്‍ത്തുമെന്ന് കരുതി വഴിയിലൂടെ നടക്കും എന്ന് ടാക്സി ഡ്രൈവര്‍ സംഘടനാ നേതാവ് സ്റ്റീവ് മക്‌നമാര അഭിപ്രായപ്പെട്ടു. യുകെയില്‍ ആളുകള്‍ക്ക് എവിടെ വേണമെങ്കിലും റോഡ് മുറിച്ചു കടക്കാം എന്നത് ഇത്തരം വാഹനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാനിടയുണ്ട്.
വേമോയുടെ വരവിലൂടെ തൊഴില്‍ രംഗത്തും വലിയ മാറ്റങ്ങള്‍ ആണ് പ്രതീക്ഷിക്കപ്പെടുന്നത് . ഗതാഗത വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, ഡ്രൈവര്‍ ഇല്ലാത്ത കാറുകളുടെ വ്യവസായം 38,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ മറ്റൊരുവശത്ത്, സ്വകാര്യ ടാക്സി ഡ്രൈവര്‍മാര്‍, ബസ് ഡ്രൈവര്‍മാര്‍, ഡെലിവറി ജോലിക്കാര്‍ എന്നിവരുടെ തൊഴില്‍ ഭാവിയില്‍ അപകടത്തിലാകാമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
യുകെയിലെ ഏകദേശം 3 ലക്ഷം സ്വകാര്യ ടാക്സി ഡ്രൈവര്‍മാരെയും 1 ലക്ഷം ചരക്ക് വാഹനം ഓടിക്കുന്നവരെയുമാണ് നേരിട്ട് ബാധിക്കപ്പെടാന്‍ സാധ്യതയുള്ളത്. പൊതുജന അഭിപ്രായ സര്‍വേകള്‍ പ്രകാരം, ഡ്രൈവര്‍ ഇല്ലാത്ത കാറുകളെ പറ്റിയുള്ള വിശ്വാസം ഇപ്പോഴും യുകെയില്‍ കുറവാണ്. എന്നാല്‍ കാഴ്ചപ്രശ്നമുള്ളവര്‍ ഉള്‍പ്പെടെയുള്ള ചില വിഭാഗങ്ങള്‍ ഈ സാങ്കേതികവിദ്യയെ യാത്രാ സ്വാതന്ത്ര്യത്തിനുള്ള പുതു വഴിയാകും എന്ന് അഭിപ്രായപെടുന്നുണ്ട്.