പഠനം പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ലണ്ടനില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ലണ്ടനില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. വിദ്യാര്‍ഥി വിസയില്‍ യുകെയിലെത്തിയ എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനി അനീന പോള്‍ (24) ആണ് വിടപറഞ്ഞത്. ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോല്‍ഡില്‍ താമസ സ്ഥലത്ത് ബുധനാഴ്ച രാത്രി 9 മണിയോടെ ഭക്ഷണം കഴിക്കുമ്പോഴാണ് അപ്രതീക്ഷിതമായി കുഴഞ്ഞുവീണത്.
അപ്സ്‌മാര ലക്ഷണങ്ങളോടെ കുഴഞ്ഞു വീണ അനീനയ്ക്ക് ഉടന്‍ തന്നെ ആംബുലന്‍സ് സേവനം ലഭ്യമാക്കി കിങ് ജോര്‍ജ് ഹോസ്പിറ്റലില്‍ എത്തിക്കുക ആയിരുന്നു. അബോധാവസ്ഥയില്‍ ആയിരുന്ന അനീന വെന്റിലേറ്റര്‍ ചികിത്സയില്‍ കഴിയവെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം 3.30 നാണ് മരിച്ചത്. അനീന 2024 സെപ്റ്റംബറിലാണ് മിഡില്‍സെക്സ് യൂണിവേഴ്സിറ്റിയില്‍ എംഎസ്‌സി അഗ്രികള്‍ച്ചര്‍ കോഴ്സ് പഠനത്തിനായി എത്തുന്നത്.
പഠനം അവസാനഘട്ടത്തിലേക്ക് എത്താറായപ്പോഴാണ് വിധി ജീവന്‍ കവര്‍ന്നെടുത്തത്. പെരുമ്പാവൂര്‍ ഇളമ്പകപ്പിള്ളി പള്ളശ്ശേരി വീട്ടില്‍ വറീത് പൗലോസ് - ബ്ലെസ്സി പോള്‍ ദമ്പതികളുടെ മകളാണ്. മാതാപിതാക്കള്‍ക്ക് ഒറ്റ പ്രസവത്തില്‍ ജനിച്ച മൂന്ന് പെണ്മക്കളില്‍ ഒരാളായ അനീനയെ ഏറെ പ്രതീക്ഷകളോടെയാണ് കുടുംബാംഗങ്ങള്‍ യുകെയില്‍ പഠനത്തിനായി വിട്ടത്. അനീനയ്ക്ക് സഹോദരികളെ കൂടാതെ ഒരു സഹോദരന്‍ കൂടിയുണ്ട്.
മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനും അനീനയുടെ കുടുംബത്തെ സഹായിക്കുന്നതിനും ഇല്‍ഫോര്‍ഡിലെ വിവിധ മലയാളി സംഘടനകള്‍ സംയുക്തമായി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.