കാര്‍ഡിഫില്‍ യുവതിയെ ലൈംഗീകമായി ആക്രമിച്ച സിറിയന്‍ അഭയാര്‍ത്ഥി ഫവാസ് അല്‍സമൗയ്ക്ക് ന്യൂപോര്‍ട്ട് ക്രൗണ്‍ കോടതി മൂന്നു വര്‍ഷവും ഒരു മാസവും തടവിന് ശിക്ഷ വിധിച്ചു. ഹഡ്‌സ്ഫീല്‍ഡില്‍ താമസിച്ചിരുന്ന ഇയാള്‍ കഴിഞ്ഞ വര്‍ഷം മേയ് 12 ന് കാര്‍ഡിഫിലെ കാതെയ്‌സ് പ്രദേശത്തെ റെയില്‍വേ പാലത്തിനടിയില്‍ യുവതിയെ കഴുത്തു ഞെരിച്ച് ആക്രമിച്ചതായി തെളിഞ്ഞു. പള്‍സ് നൈറ്റ് ക്ലബില്‍ നിന്നു രാവിലെ നാലു മണിയോടെ വീട്ടിലേക്ക് നടന്നുപോകവേ യുവതിയെ ഇയാള്‍ പിന്തുടര്‍ന്നെന്നാണ് പൊലീസ് കണ്ടെത്തിയത്.
യുവതിയുടെ വസ്ത്രത്തിനുള്ളിലേക്ക് കൈയ്യിട്ട് ആക്രമിച്ച പ്രതിയെ പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണ സംഘം തിരിച്ചറിയുകയായിരുന്നു. തനിക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ പോലും ഭയമാണെന്നും ജോലി പോലും ചെയ്യാന്‍ കഴിയുന്നില്ലെന്നും യുവതി കോടതിയില്‍ പറഞ്ഞു.
രാത്രിയില്‍ ഒറ്റയ്ക്ക് നടക്കുമ്പോള്‍ സ്ത്രീയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ഭീകരമായ ആക്രമണമാണെന്നും ജഡ്ജി സെലിയ ഹ്യൂസ് അഭിപ്രായപ്പെട്ടു. ശിക്ഷ പൂര്‍ത്തിയായാല്‍ അല്‍സമൗയെ നാടുകടത്തും.