മലയാളി നഴ്സ് ജര്‍മനിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിന് സമീപം ലാങ്ങനില്‍ കുടുംബമായി താമസിക്കുന്ന ജോബി കുര്യന്‍ (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വീടിനുള്ളിലെ ശുചിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. വീട്ടില്‍ അപ്പോഴുണ്ടായിരുന്ന മകള്‍ എമര്‍ജന്‍സി ടീമിന്റെ സഹായം തേടി. ഉടന്‍ തന്നെ എമര്‍ജന്‍സി ടീം എത്തി അടിയന്തര ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ഇപ്പോള്‍ ഫ്രാങ്ക്ഫര്‍ട്ട് യൂണിക് ലിങ്ക് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ് ജോബിയുടെ മൃതദേഹം. ജോബിയുടെ ആഗ്രഹപ്രകാരം അവയവദാനം നല്‍കാന്‍ കുടുംബം തീരുമാനിച്ചിട്ടുണ്ട്. ഇതിനായുള്ള സമ്മതം കുടുംബാംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്. തലച്ചോറിലേക്കുള്ള ഞരമ്പ് പൊട്ടിയതിനെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ചു എന്നാണ് പ്രാഥമിക നിഗമനം.
ആലപ്പുഴ തത്തംപള്ളി സ്വദേശിയാണ് ജോബി കുര്യന്‍. ബെംഗളൂരു റൂഹി കോളജ് ഓഫ് നഴ്സിങ്ങിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ്. ജര്‍മനിയില്‍ എത്തും മുന്‍പ് കൊല്‍ക്കത്ത, ലിബിയ എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. ഭാര്യ നിവ്യ ജോബിയും ജര്‍മനിയില്‍ നഴ്സ് ആണ്. ജോവാന ജോബി ആണ് ഏക മകള്‍. മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ജോബിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരികയാണ്.