യു.കെ.വാര്‍ത്തകള്‍

ജനനനിരക്ക് കുറയുന്നു, ജീവിത ചെലവ് കൂടുന്നു; സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക് ലണ്ടന്‍

ലണ്ടന്റെ പ്രതാപം നഷ്ടമാവുകയാണോ? അനധികൃത കുടിയേറ്റവും കുറ്റകൃത്യങ്ങളും പ്രതിഷേധവും എല്ലാം ചേര്‍ന്ന് മഹാനഗരം വലിയ പേരുദോഷം കേള്‍പ്പിക്കുകയാണ്. നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്നതായാണ് സമീപകാല റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിനു പുറമെ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായി വീടുകളുടെ വില ഉയര്‍ന്നതോടെ ഈ വിഭാഗത്തില്‍ പെടുന്ന പലരും നഗരം വിടാന്‍ തുടങ്ങി. കുടിയേറ്റക്കാര്‍ പോലും, ലണ്ടന് പുറത്തുള്ള ജീവിതമാണ് ഇന്ന് ആഗ്രഹിക്കുന്നത്.

അതിനിടയിലാണ് ലണ്ടനിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞുവരുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വരുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി പ്രൈമറി സ്‌കൂളിനെ ബാധിച്ചിരുന്ന ഈ പ്രതിസന്ധി ഇപ്പോള്‍ സെക്കന്‍ഡറി സ്‌കൂളുകളിലും എത്തി നില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് ഇങ്ങനെ തുടാര്‍ന്നാല്‍ അടുത്ത നാല് വര്‍ഷക്കാലത്തിനിടയില്‍ സ്‌കൂളുകള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായത്തില്‍ 45 മില്യണ്‍ പൗണ്ടിന്റെ കുറവ് വരുത്തുമെന്നാണ് കണക്കാക്കുന്നത്. അതോടൊപ്പം പാഠ്യപദ്ധതി വെട്ടിച്ചുരുക്കുവാനും ക്ലാസുകളുടെ എണ്ണം കുറയ്ക്കുവാനും ഹെഡ് ടീച്ചര്‍മാരും നിര്‍ബന്ധിതരായേക്കും.

പല സ്‌കൂളുകളും അടച്ചു പൂട്ടുന്നതിലേക്കും ഇത് വഴി തെളിക്കും. ഇത് പലരുടെ തൊഴിലുകളും ഇല്ലാതെയാക്കുകയും ചെയ്യും. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ തന്നെ തലസ്ഥാന നഗരത്തിലെ ചുരുങ്ങിയത് 90 പ്രൈമറി സ്‌കൂളുകളെങ്കിലും അടച്ചു പൂട്ടുകയോ മറ്റുള്ളവയില്‍ ലയിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ പ്രതിസന്ധി ഇനി ഗ്രസിക്കുക സെക്കന്‍ഡറി സ്‌കൂളുകളെയായിരിക്കും.

ഇത്തരമൊരു സാഹചര്യമുണ്ടാകാന്‍ പ്രധാന കാരണമായി പറയുന്നത് ജനനനിരക്ക് കുത്തനെ ഇടിയുന്നതാണ്. ഇതിനോടൊപ്പം വര്‍ധിച്ചു വരുന്ന ജീവിതച്ചെലവുകളും വീട് വില താങ്ങാനാകാതെ കൂടുതല്‍ ആളുകള്‍ ലണ്ടന്‍ വിട്ട് പുറത്ത് ജീവിതം കരുപ്പിടിപ്പിക്കുന്നതുമൊക്കെ കാരണമാകുന്നുണ്ട്. തലസ്ഥാനത്തെ 33 ബറോകളെ പ്രതിനിധാനം ചെയ്യുന്ന ലണ്ടന്‍ കൗണ്‍സില്‍സ് പറയുന്നത്, സെക്കന്‍ഡറി സ്‌കൂളിന്റെ ആദ്യ വര്‍ഷമായ ഇയര്‍ 7ലേക്ക് ആവശ്യകത 2030 ആകുമ്പോഴേക്കും 7.6 ശതമാനം കുറയും എന്നാണ്. പ്രൈമറി സ്‌കൂളിലേക്ക് പ്രവേശനം തേടുന്നവരുടെ എണ്ണം ഇക്കാലയളവില്‍ 6.4 ശതമാനം കുറയുകയും ചെയ്യും.

കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള അപേക്ഷയുടെ എണ്ണത്തിന്റെ കാര്യത്തില്‍ 3.1 ശതമാനത്തിന്റെ കുറവാണ് ദൃശ്യമായത്. എന്നിരുന്നിട്ടും ശരാശരി 30 ശതമാനത്തോളം പേര്‍ക്ക് അവര്‍ക്ക് ഏറ്റവും അധികം ഇഷ്ടപ്പെട്ട ചോയ്‌സ് ലഭിക്കാതെ പോയി. സ്‌കൂളുകള്‍ക്കുള്ള ധനസഹായം നല്‍കുന്നത് വിദ്യാര്‍ത്ഥികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയിട്ടായതിനാല്‍, പ്രൈമറി സ്‌കൂള്‍ ധനസഹായത്തില്‍ 15 മില്യണ്‍ പൗണ്ടും സെക്കന്‍ഡറി സ്‌കൂള്‍ ധനസഹായത്തില്‍ 30 മില്യണ്‍ പൗണ്ടും കുറയുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

  • ലണ്ടനിലെ സ്കൂളുകളില്‍ അഞ്ചാംപനി പടരുന്നു; എന്‍ഫീല്‍ഡില്‍ മാത്രം 34 കേസുകള്‍
  • യുകെയ്ക്ക് കൂടുതല്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍; ചില ഭാഗങ്ങളില്‍ മഞ്ഞും കനക്കും
  • ആര്‍ട്ടിക് ശീതക്കാറ്റ് എത്തുന്നു; താപനില മൈനസ് ഏഴ് ഡിഗ്രി വരെ കൂപ്പുകുത്താം
  • എ&ഇകള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധം രോഗികള്‍; ഗുരുതരാവസ്ഥ പ്രഖ്യാപിച്ച് പ്രധാന ഹോസ്പിറ്റല്‍ ശൃംഖല
  • ഇംഗ്ലണ്ടില്‍ ' ഹോളിഡേ ടാക്‌സ് ഏര്‍പ്പെടുത്താന്‍ നീക്കം; എതിര്‍പ്പുമായി ഹോസ്പിറ്റാലിറ്റി കമ്പനികള്‍
  • വെയില്‍സിലെ മലയാളി നഴ്‌സിന് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വിരുന്നിലേക്ക് ക്ഷണം
  • ഇംഗ്ലണ്ടില്‍ കുട്ടികളുള്ള വാഹനങ്ങളില്‍ വെയ്പിംഗിന് നിരോധനം വരും
  • സ്‌കൂള്‍ കലണ്ടറില്‍ മാറ്റം വരുത്തി അവധിക്കാലം പുനഃക്രമീകരിക്കാന്‍ ആലോചന
  • ലോയ്ഡ്‌സ് ബാങ്കിങ് ഗ്രൂപ്പ് 95 ഹൈസ്ട്രീറ്റ് ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നു
  • നഴ്‌സുമാരോട് വീണ്ടും നീതികേട്‌! എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 3.3% മാത്രം ശമ്പളവര്‍ധന; പണപ്പെരുപ്പത്തിലും താഴെ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions