നാട്ടുവാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍

ഇസ്രയേല്‍- യുഎസ് ആക്രമണത്തെ തുടര്‍ന്ന് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ലോകത്തെ എണ്ണപ്രവാഹം സ്തംഭിച്ചു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ആഗോള എണ്ണപ്രവാഹം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. ആഗോള എണ്ണവിതരണത്തിന്റെ മൂന്നിലൊന്നും നടക്കുന്ന പ്രധാനപ്പെട്ട ഇടനാഴിയാണ് തടസപ്പെട്ടിരിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം നാലാം ദിനത്തിലേക്ക് കടന്നതോടെയാണ് ഹോര്‍മൂസ് കടലിടുക്ക് അടച്ച് ഇറാന്‍ നിര്‍ണായക നീക്കം നടത്തിയത്. ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടിരിക്കുകയാണെന്നും കടന്നുപോകാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലിനും നേരെ ഇറാന്‍ വെടിയുതിര്‍ക്കുമെന്നും ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ലോകത്തെ എണ്ണക്കപ്പലുകള്‍ കടന്നു പോകുന്ന പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെ ഗതാഗതം നിശ്ചലമായ അവസ്ഥയിലാണ്. ഹോര്‍മുസ് കടലിടുക്ക് അടച്ചുകൊണ്ട് ലോകവ്യാപാരത്തിന്റെ നട്ടെല്ല് തകര്‍ക്കാനാകുമെന്ന് അറിയുന്ന ഇറാന്‍ ആഗോള ഊര്‍ജ വ്യാപാര മേഖലയേയും പ്രതിസന്ധിയിലേക്കെത്തിക്കാനാണ് നീക്കം നടത്തിയത്. ഇന്ത്യയുള്‍പ്പെടുന്ന ദക്ഷിണേഷ്യയിലേക്കുള്ള സാധാരണ അസംസ്‌കൃത എണ്ണ ഒഴുക്കിന്റെ ഏകദേശം 86% തടയപ്പെട്ടിരിക്കുകയാണ്. വിവിധ രാജ്യങ്ങളെ കനത്ത പ്രതിസന്ധികളിലേക്കാണ് ഈ സാഹചര്യം എത്തിച്ചിരിക്കുന്നത്. ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യന്‍ കപ്പലുകളും പ്രതിസന്ധിയിലാണ്. ഏകദേശം 10,000 കോടി വിലമതിക്കുന്ന ഉത്പന്നങ്ങളുമായി പോയ 27 ഇന്ത്യന്‍ കപ്പലുകളാണ് നടുക്കടലില്‍ കുടുങ്ങി കിടക്കുന്നത്. വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന് ഇന്ത്യയിലെ കടപ്പലുടമകളുടെ സംഘടനയായ ഇന്ത്യന്‍ നാഷണല്‍ ഷിപ്പ് ഓണേഴ്‌സ് അസോസിയേഷന്‍ (ഐഎന്‍എസ്എ) ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഐഎന്‍എസ്എ കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയത്തിന് കത്തയച്ചു.

എഴുനൂറിലധികം എണ്ണക്കപ്പലുകളാണ് ഇപ്പോള്‍ ഹോര്‍മുസ് കടലിടുക്കിന്റെ ഇരുവശത്തും നിര്‍ത്തിയിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് ഒന്നിന്, 28 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുമായി മൂന്ന് ടാങ്കറുകള്‍ മാത്രമാണ് ഹോര്‍മുസ് കടന്നുപോയത്. മാര്‍ച്ച് 2 ആയപ്പോഴേക്കും, ഒരു ചെറിയ ടാങ്കറും ഒരു ചെറിയ ചരക്ക് കപ്പലും മാത്രമാണ് ഇതിലൂടെ പോയത്. ഹോര്‍മുസ് അടച്ചതോടെ ഇന്ത്യയിലേക്കുള്ള എണ്ണവരവ് സംബന്ധിച്ച് വലിയ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇന്ത്യയുടെ കൈവശം ഏകദേശം 100 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണശേഖരം ഉണ്ടെന്നാണ് പ്രമുഖ അനലിറ്റിക്സ് സ്ഥാപനമായ കെപ്ലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭരണ ടാങ്കുകളിലും തന്ത്രപരമായ ഭൂഗര്‍ഭ കരുതല്‍ ശേഖരങ്ങളിലും രാജ്യത്തേക്ക് യാത്ര ചെയ്യുന്ന കപ്പലുകളിലുമായിട്ടാണ് എണ്ണശേഖരം ഉള്ളത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണവരവ് തടസ്സപ്പെട്ടാല്‍ ഏകദേശം 40-45 ദിവസത്തെ ആവശ്യകത നിറവേറ്റാന്‍ ഇത് പര്യാപ്തമാണെന്നും കെപ്ലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അസംസ്‌കൃത എണ്ണയുടെ ആവശ്യകതയുടെ ഏകദേശം 88 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതിന്റെ 50 ശതമാനത്തിലധികവും ഹോര്‍മുസ് കടലിടുക്കിലൂടെയാണ് ഇന്ത്യയിലേക്കെത്തുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം കൂടുതല്‍ കാലം തടസ്സപ്പെട്ടാല്‍ വലിയ പ്രതിസന്ധികളിലേക്ക് പോകുകയും പെട്രോള്‍- ഡീസല്‍ വിലയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാനും ഇടയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കടല്‍ വഴിയുള്ള അസംസ്‌കൃത എണ്ണയുടെ കയറ്റുമതിയുടെ ഏകദേശം മൂന്നിലൊന്നും ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ഏകദേശം 20 ശതമാനവും ഹോര്‍മുസ് എന്ന കടലിടുക്ക് വഴിയാണ് എത്തുന്നത്.

  • വിസ തട്ടിപ്പ്; രണ്ട് കേസുകളിലായി ജോബി ജോര്‍ജിന് 4 വര്‍ഷം തടവും 66.5ലക്ഷം പിഴയും
  • മലയാളി വയോധികയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; വീട്ടുജോലിക്കാരിയായ നേപ്പാളിയെ കാണാനില്ല
  • ഒറ്റപ്പാലത്ത് യുഡിഎഫ് ലേബലില്‍ കളത്തിലിറങ്ങാന്‍ പി കെ ശശി; കോണ്‍ഗ്രസില്‍ ഭിന്നത
  • ഇന്ത്യയുടെ ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യയുടെ 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിതരണം
  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions