ലണ്ടന്‍ : ഇക്കഴിഞ്ഞ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രഖ്യാപിച്ച വാഗ്ദാനം പ്രാബല്യത്തില്‍ . അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യക്കാര്‍ക്ക് വിസ ലഭ്യമാക്കുന്ന പുതിയ വിസ സര്‍വീസിന് (സൂപ്പര്‍ പ്രയോറിട്ടി വിസ സേവനം) ചൊവ്വാഴ്ച ബ്രിട്ടണ്‍ തുടക്കം കുറിച്ചു. നിലവില്‍ ഈ വിസ സേവനം ലഭിക്കുന്ന ഏകരാജ്യമാണ് ഇന്ത്യ. ഇന്ത്യയെ കൂടാതെ ചൈന, ബ്രസീല്‍, തുര്‍ക്കി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കും.
പുതിയ വിസ സര്‍വീസ് പ്രകാരം രാവിലെ 9.30ന് മുമ്പ് ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കുകയാണെങ്കില്‍ വൈകുന്നേരം 5.30ന് ഡല്‍ഹിയിലുള്ളവര്‍ക്കും 6.30ന് മുംബൈയിലുള്ളവര്‍ക്കും വിസ ലഭിക്കും. വിസ തുക കൂടാതെ 50,000 രൂപയാണ് ഈ സേവനത്തിന് വേണ്ടി അധികം നല്‍കേണ്ടി വരിക. ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലും മുംബൈയിലുമുള്ളവര്‍ക്ക് ഈ സേവനം ലഭ്യമാകും. അടുത്ത ആഴ്ച ചെന്നൈയിലേക്കും സര്‍വീസ് വ്യാപിപ്പിക്കുമെന്ന് യുകെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യാന്തര വ്യാപാരം പ്രോത്സാഹിപ്പിച്ച് ബ്രിട്ടനില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബ്രിട്ടന്റെ വിസ പരിഷ്‌കരണങ്ങളെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് ഹാപ്പര്‍ പറഞ്ഞു. ഇന്ത്യയും ബ്രിട്ടനും തമ്മില്‍ ദീര്‍ഘകാലത്തെ വ്യാപാരബന്ധമാണുള്ളത്. അതുകൊണ്ടാണ് ഇന്ത്യക്കാര്‍ക്ക് ഇത്രയേറെ വിസ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു കെയിലെ ബിസിനസ് എക്‌സ്പ്രസ് പ്രോഗ്രാമില്‍ അംഗങ്ങളായിട്ടുള്ള കമ്പനികള്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ള അപേക്ഷകര്‍ക്കും ഈ സര്‍വീസ് ലഭിക്കും.
എന്നാല്‍ വിദ്യാര്‍ഥി വിസകള്‍ക്ക് ഈ സൗകര്യം ലഭിക്കില്ല. മാത്രവുമല്ല അവസാന അഞ്ച് വര്‍ഷങ്ങളില്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ യുകെ, യുഎസ്, ന്യൂസിലാന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കു മാത്രമേ ഈ സൗകര്യത്തിന് അപേക്ഷിക്കാന്‍ കഴിയൂ. എന്നാല്‍ അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ഒറ്റ ദിവസം കൊണ്ട് വിസ ലഭിക്കണമെന്നില്ല. ബ്രിട്ടന്റെ കുടിയേറ്റ നിയമത്തില്‍ പരാമര്‍ശിക്കുന്ന എല്ലാ കാര്യങ്ങളും പാലിക്കുന്നവര്‍ക്ക് മാത്രമേ അപേക്ഷിച്ച ദിനത്തില്‍ തന്നെ വിസ ലഭ്യമാകൂ.
അഞ്ച് വര്‍ഷമായി പ്രതിവര്‍ഷം ശരാശരി 70,000 ബിസിനസ് വിസകള്‍ ഇന്ത്യക്കാര്‍ക്കു മാത്രമായി യുകെ അനുവദിക്കുന്നുണ്ട്. 2012ല്‍ 69,600 വിസ ആപ്ലിക്കേഷനുകള്‍ ലഭിച്ചതില്‍ 67,400 വിസകള്‍ക്ക് അനുമതി നല്കി. ബ്രിട്ടന് പ്രയോജനം കൂടുതല്‍ ലഭിക്കുന്ന ഇന്ത്യയിലെ നിക്ഷേപകരെയാണ് പുതിയ വിസ സര്‍വീസിലൂടെ അവര്‍ ലക്ഷ്യമിടുന്നത്. അതായത് പ്രതിവര്‍ഷം ഇന്ത്യയില്‍നിന്നുള്ള അപേക്ഷകളില്‍ 97 ശതമാനം ബിസിനസ് വിസിറ്റ് വിസകളിലും 86 ശതമാനം വിസിറ്റ് വിസകളിലും അനുകൂല തീരുമാനം കൈക്കൊള്ളാറുണ്ട്.