നവംബര്‍ മുതല്‍ യു.കെ.യിലേക്ക് വിസിറ്റിങ് വീസക്ക് അപേക്ഷിക്കുന്നവര്‍ മൂവായിരം പൗണ്ട് കെട്ടിവെക്കണമെന്ന നിയമം വരുന്നു
ലണ്ടന്‍: അടുത്ത നവംബര്‍ മുതല്‍ യു.കെ.യിലേക്ക് ആറുമാസത്തെ വിസിറ്റിങ് വീസക്ക് അപേക്ഷിക്കുന്നവര്‍ മൂവായിരം പൗണ്ട് ബോണ്ടായി കെട്ടിവെക്കണമെന്ന നിയമം പ്രാബല്യത്തിലാക്കാന്‍ ഹോം ഓഫീസ് ആലോചിക്കുന്നു. മലയാളികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ നിര്‍ദേശം. നൂറുകണക്കിന് മലയാളികള്‍ തങ്ങളുടെ മാതാപിതാക്കളെയും മറ്റു ബന്ധുക്കളെയും ആറുമാസത്തെ വിസിറ്റിങ് വീസയില്‍ യു.കെ.യില്‍ കൊണ്ടു വരുന്നുണ്ട്. പുതിയ നിയമം നടപ്പാക്കിയാല്‍ മലയാളികള്‍ക്ക് മാതാപിതാക്കളെ കൊണ്ടുവരാന്‍ ബുദ്ധിമുട്ടാകും. നിലവില്‍ 7600 രൂപയാണ് വിസിറ്റി വീസ ലഭിക്കുന്നതിനുള്ള ഫീസ്. അപ്പനെയും അമ്മയെയും യു.കെ.യില്‍ വിസിറ്റ് വീസയില്‍ കൊണ്ടുവരാന്‍ ഏതാണ്ട് 15200 രൂപ മതി. എന്നാല്‍ ഈ തുകക്ക് ഒപ്പം ഒരു വീസക്ക് മൂവായിരം പൗണ്ട് വീതം കെട്ടിവെക്കണമെന്ന നിയമം വന്നാല്‍ ഇടത്തരക്കാര്‍ക്ക് വിസിറ്റിങ്ങ് വീസക്ക് അപേക്ഷിക്കാന്‍ കഴിയാതെ വരും. സമ്പന്നര്‍ക്ക് മാത്രമേ വിസിറ്റിങ് വീസയില്‍ പോലും വരാന്‍ കഴിയൂ എന്ന സാഹചര്യമാകും വരിക. പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവരാണ് ഈ നിയമത്തിന്റെ പരിധിയില്‍ വരിക.
യു.കെ.യിലുള്ള മക്കള്‍ നാട്ടില്‍ ഒറ്റക്ക് താമസിക്കുന്ന മാതാപിതാക്കളെ ഇടക്കിടെ വിസിറ്റിങ് വീസയില്‍ കൊണ്ടുവരാറുണ്ട്. വീസ ഫീസ് മാത്രമാണ് ഇപ്പോള്‍ അതിനുള്ള ചെലവ്. ബോണ്ട് തുക കെട്ടിവെക്കണമെന്ന നിര്‍ദേശം വന്നാല്‍ നല്ലൊരു ശതമാനം മലയാളികള്‍ക്കും മാതാപിതാക്കളെ കൊണ്ടുവരാന്‍ ബുദ്ധിമുട്ട് വരും.
എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് ഈ ബോണ്ട് തുക ഇല്ല എന്നതാണ് രസകരം. ഇന്ത്യ, പാക്കിസ്ഥാന്‍, നൈജീരിയ, ശ്രീലങ്ക, ബംഗഌദേശ്,ഘാന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണത്രെ ബോണ്ട് ആദ്യം ബാധകമാക്കുക. ഈ രാജ്യങ്ങളില്‍ നിന്നുള്ളവരെ ഹൈ റിസ്‌ക് വിഭാഗത്തിലാണ് ഇമിഗ്രേഷന്‍ അധികൃതര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത് ഈ രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ നല്ലൊരു ശതമാനവും വീസ കാലാവധിക്ക് ശേഷം യു.കെ.യില്‍ തങ്ങുന്നു. അത് ഒഴിവാക്കാനാണ് ഈ നിയമം വരുന്നതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. പരീക്ഷണാടിക്‌സഥാനത്തില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, നൈജീരിയ, ശ്രീലങ്ക, ബംഗ്‌ളാദേശ്, ഘാന എന്നീ രാജ്യങ്ങളില്‍ നിന്ന് അപേക്ഷിക്കുന്നവര്‍ക്കാണ് ഈ നിയമം ബാധകമാകുക. ആറുമാസത്തെ വിസിറ്റിങ് വീസയില്‍ എത്തുന്നവര്‍ വീസ കാലാവധിക്ക് ശേഷം തങ്ങിയാല്‍ ബോണ്ട് തുക നഷ്ടപ്പെടും. വീസ കാലാവധിക്കുള്ളില്‍ മടങ്ങിയാല്‍ തുക തിരിച്ചു ലഭിക്കും. ആദ്യം കുറേപ്പേര്‍ക്കും പിന്നീട് കൂടുതല്‍പേര്‍ക്കും ഈ നിയമം ബാധകമാക്കാനാണത്രെ പദ്ധതി.
കുടിയേറ്റം കുറക്കുന്നതിനുള്ള നടപടികളില്‍ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെ കാണുന്നുവെന്ന് വ്യക്തമാക്കുന്നതിനാണ് ഹോം ഓഫീസ് ഇങ്ങനെയൊരു നിര്‍ദേശം വെക്കുന്നതത്രെ. യു.കെ.യിലെക്കുള്ള കുടിയേറ്റം വര്‍ഷം കേവലം ഒരുലക്ഷത്തില്‍ താഴെയായി ചുരുക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിന് മുന്നോടിയായിട്ടാണ് ഈ പരിഷ്‌കാരം. കഴിഞ്ഞ വര്‍ഷം മാത്രം മൂന്നു ലക്ഷത്തോളം ഇന്ത്യക്കാരാണ് ആറുമാസത്തെ വിസിറ്റിങ് വീസയില്‍ യു.കെ യില്‍ എത്തിയത്. ഒരുലക്ഷത്തി പതിനായിരം പേര്‍ നൈജീരിയായില്‍ നിന്നും 53000 പേര്‍ പാക്കിസ്ഥാനില്‍ നിന്നും യു.കെ.യിലെത്തി. ശ്രീലങ്കയില്‍ നിന്നും ബംഗഌദേശില്‍ നിന്നും പതിനാലായിരം പേര്‍ എത്തിയിട്ടുണ്ടെന്നാണ് ശരാശരി കണക്ക്. അതായത് നാലുലക്ഷത്തോളം ഈ ആറു രാജ്യങ്ങളില്‍ നിന്ന് വിസിറ്റിങ് വീസയില്‍ യു.കെ.യിലെത്തിയത്. ഇത്രയധികം ആളുകളില്‍ നിന്ന് മൂവായിരം പൗണ്ട് വീതം ബോണ്ട് വാങ്ങിയാല്‍ വന്‍ തുകയാകും സര്‍ക്കാരില്‍ എത്തുക.
വിസിറ്റിങ് വീസയിലെത്തിയശേഷം യു.കെ.യില്‍ തങ്ങുന്ന മലയാളികളുടെ എണ്ണം വളരെ കുറവാണ്. മാത്രമല്ല, അതുകൊണ്ടുതന്നെ ഇങ്ങനെയൊരു നിയമം സര്‍ക്കാറിന് പണം ലഭിക്കുന്നത് ചുരുക്കുകയേയുള്ളു.
കുടിയേറ്റം കുറക്കുന്നതിന്റെ ഭാഗമായി വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് സര്‍ക്കാര്‍ ആദ്യം കുറച്ചു, പിന്നെ സ്റ്റുഡന്റ് വീസയില്‍ എത്തുന്നതിന് കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തി. അതുകൊണ്ട് യു.കെ.യിലെ നല്ലൊരു ശതമാനം യൂണിവേഴ്‌സിറ്റികളും പ്രതിസന്ധിയിലായി. അതിന് ശേഷമാണ് വീസിറ്റിങ് വീസയില്‍ കൈവെക്കുന്നത്.