കൊച്ചി: സീറോ മലബാര്‍ സഭയിലെ യുവാക്കളില്‍ ശരാശരി 75 ശതമാനം പേരും കേരളത്തിനു വെളിയില്‍ ജീവിക്കുന്നവര്‍.
സീറോ മലബാര്‍ അല്‍മായ കമ്മിഷന്റെ നേതൃത്വത്തില്‍ കേരളത്തിലെ രൂപതകളില്‍ നടത്തിയ സര്‍വെ പ്രകാരം ചങ്ങനാശേരി പാറേല്‍ പള്ളിയിലെ സെന്റ് തോമസ് യൂണിറ്റില്‍ ഉള്‍പ്പെട്ട വീടുകളിലെ 20-32 പ്രായക്കാരില്‍ നൂറ് ശതമാനംപേരും ഇപ്പോള്‍ കേരളത്തിനു വെളിയിലാണ്! രൂപത, ഇടവക, കടുംബയൂണിറ്റ് അടിസ്‌ഥാനത്തിലാണ് സര്‍വെ നടത്തിയത്. ഒരോ രൂപതയിലെയും നഗരത്തിലെയും പട്ടണത്തിലെയും തെരഞ്ഞെടുക്കപ്പെട്ട ഇടവകകളിലാണ് സര്‍വെ നടത്തിയത്.
കാഞ്ഞിരപ്പിള്ളി പടനിലം സെന്റ് മേരീസ് പള്ളിയിലെ സര്‍വെയില്‍ 73 ശതമാനവും പൊടിമറ്റം സെന്റ്‌മേരീസ് ഇടവകയില്‍ 93 ശതമാനവും യുവതീയുവാക്കള്‍ നാട്ടിലില്ല. പാലാ രൂപതയിലെ അറക്കുളം സെന്റ് മേരീസ് -94 ശതമാനം, മുത്തോലി സെന്റ് ജോര്‍ജ്- 72 ശതമാനം, എറണാകുളം-അങ്കമാലി അതിരൂപതയിലെ എറണാകുളം സെന്റ് മേരീസ് ബസലിക്ക സെന്റ് ജോര്‍ജ് യൂണിറ്റിലെ 64 ശതമാനവും അകപ്പറമ്പ് ഹോളി ഫാമിലി ഇടവകയില്‍ 80 ശതമാനം യുവാക്കളും കേരളത്തിനു വെളിയിലാണ്.
ഇരിങ്ങാലക്കുട നെല്ലായി സെന്റ് മേരീസ് - 75 ശതമാനം), മാനന്തവാടി കല്‍പ്പറ്റ സെന്റ് അല്‍ഫോന്‍സ- 46ശതമാനം, തലശേരി അതിരൂപതയില്‍ പേരാവൂര്‍ സെന്റ് റാഫേല്‍ -72 ശതമാനം, താമരശേരി കൂടെത്തെ ലൂര്‍ദ് മാതാ-75 ശതമാനം ഇടവകകളില്‍ വന്‍തോതിലാണ് യുവാക്കള്‍ അന്യനാടുകളിലേക്ക് കടക്കുന്നത്.
ജോലി, വിവാഹം, വിദ്യാഭ്യാസം എന്നിവയ്‌ക്കായാണ് അധികവും വെളിയില്‍ പോകുന്നത്. അന്യസംസ്‌ഥാനത്ത് പോകുന്നവരില്‍ ഭൂരിഭാഗവും ജോലിക്കായി വിദേശത്തേക്ക് കടക്കുന്നു.പിന്നീടവരില്‍ ആരുംതന്നെ കേരളത്തില്‍ മടങ്ങിയെത്തി സ്‌ഥിരതാമസമാക്കുന്നില്ല. വിദേശത്തുള്ളവരെ വിവാഹം കഴിക്കുക വഴി പ്രവാസിയാകേണ്ടി വരുന്നവരും ധാരാളം. വിദേശ മലയാളികളില്‍ പലരും തങ്ങളുടെ മക്കള്‍ക്ക് വധൂവരന്മാരെ തേടി നാട്ടില്‍ അലയുന്ന പ്രവണത ഏറിവരുന്നു. ഇങ്ങനെ വിവാഹം ചെയ്യപ്പെടുന്നവരും വിദേശത്തേക്ക് പറക്കുകയാണ്.
1940-കളിലാണ് മറ്റു സംസ്‌ഥാനങ്ങളിലേക്ക് പോയിത്തുടങ്ങുന്നത്. 1950-60 കളില്‍ വിദേശത്തേക്കും. ഇക്കാലയളവിലാണ് നഴ്‌സിംഗ് ജോലി വ്യാപകമാകുന്നത്. 1975-90 കാലത്ത് നഴ്‌സിംഗില്‍ കുതിപ്പ് തുടങ്ങി. 1940-50 കളില്‍ സിംഗപ്പൂര്‍, പേര്‍ഷ്യന്‍ നാടുകളിലേക്കും. അറുപതുകളില്‍ അസംഘടിതമായിരുന്ന വിദേശ കുടിയേറ്റം 1975 ആയപ്പോഴേക്കും സ്വിറ്റ്‌സര്‍ലണ്ട്, ഓസ്‌ട്രിയ, ജര്‍മനി, അമേരിക്ക എന്നിവിടങ്ങളിലേക്ക് ഒഴുക്കു തുടങ്ങി.
മുമ്പൊക്കെ ഗള്‍ഫ് നാടുകളിലേക്കായിരുന്നു ഒഴുക്കെങ്കില്‍ ഇന്ന് ഗള്‍ഫിലെത്തിയശേഷം യു.കെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് കടക്കുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലയര്‍ മൂന്നാം ലോകരാജ്യങ്ങളിലെ യുവാക്കള്‍ക്ക് പഠനത്തോടൊപ്പം തൊഴിലുമെന്ന പദ്ധതി നടപ്പാക്കിയത് ഏറെപ്പേരെ ആകര്‍ഷിച്ചു.
യൂറോപ്പിലും യു.എസിലും സാമ്പത്തികമാന്ദ്യം ശക്‌തമായതോടെ കാനഡ, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ, ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്കാണ് കുടിയേറ്റം. ഒരിടത്ത് സാഹചര്യം മോശമായാല്‍ മറ്റൊരു രാജ്യത്തെത്താന്‍ ഇവര്‍ക്ക് ഏറിയാല്‍ ഒരു വര്‍ഷം മതി.
2000-നുശേഷം ഗള്‍ഫിലേക്കുള്ള കുത്തൊഴുക്ക് കുറഞ്ഞു. 1975-85 കാലത്ത് അധ്യാപനവൃത്തിക്കായി നൈജീരിയ, കെനിയ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക, മലേഷ്യ എന്നിവിടങ്ങളിലേക്ക് പോയവര്‍ ധാരാളം. 2005-നുശേഷം ഓസ്‌ട്രേലിയയും ന്യൂസിലാന്റുമായിരുന്നു ലക്ഷ്യം. ഇപ്പോള്‍ കാനഡയാണ്. അടുത്തത് ആഫ്രിക്കന്‍ രാഷ്‌ട്രങ്ങളാവുമെന്നാണ് കണക്കുകൂട്ടല്‍.