ലണ്ടന്‍ : മലയാളികള്‍ക്ക് കനത്ത തിരിച്ചടിയാവുന്ന വിവാദ കുടിയേറ്റനിയമം നടപ്പിലാക്കുന്നതിനു മുന്നോടിയായി ബ്രിട്ടണ്‍ ഇന്ത്യയുടെ അഭിപ്രായം തേടി. നവംബര്‍ മുതല്‍ നടപ്പാക്കാനൊരുങ്ങുന്ന പരിഷ്‌കരിച്ച കുടിയേറ്റനിയമം സംബന്ധിച്ച് ബ്രിട്ടനിലെ പാര്‍ലമെന്‍ററി സമിതിയാണ് ഇന്ത്യയുടെ അഭിപ്രായം തേടിയത്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ഇന്ത്യന്‍ വംശജനായ ലേബര്‍ പാര്‍ട്ടി എം.പി കെയ്ത് വാസ് അധ്യക്ഷനായ സമിതിയാണ് അഭിപ്രായം ചോദിച്ച് കത്തയച്ചത്.
ബ്രിട്ടനിലെത്തുന്ന ഇന്ത്യന്‍ സന്ദര്‍കര്‍ 3000 പൗണ്ട് (2,71,000 രൂപ) കെട്ടിവെക്കണമെന്നാണ് പരിഷ്‌കരിച്ച കുടിയേറ്റ നിയമത്തിലെ പ്രധാന ശുപാര്‍ശ. ഇന്ത്യയ്ക്ക് പുറമെ പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നൈജീരിയ, ഘാന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരും തുക കെട്ടിവെക്കണമെന്നാണ് നിര്‍ദേശം.
ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വിസ കാലാവധി കഴിഞ്ഞും മടങ്ങിപ്പോകാത്ത സ്ഥിതിയുണ്ടെന്നും ഇതൊഴിവാക്കാനാണ് ബോണ്ട് നിര്‍ബന്ധമാക്കിയതെന്നുമായിരുന്നു ബ്രിട്ടന്റെ വിശദീകരണം. കഴിഞ്ഞമാസം പ്രഖ്യാപിച്ച നിയമത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
സമാനമായ കത്ത്, നിയമം ബാധകമായ രാജ്യങ്ങള്‍ക്കും ബ്രിട്ടന്‍ അയച്ചിട്ടുണ്ട്. പുതിയ നിയമം വര്‍ണവിവേചനത്തിന് തുല്യമാണെന്നാണ് നൈജീരിയ മറുപടി നല്കിയത്. അടുത്തിടെ ലണ്ടന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ വാണിജ്യമന്ത്രി ആനന്ദ് ശര്‍മ വിഷയം ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മുന്‍കരുതല്‍ ആവശ്യമുള്ളവര്‍ മാത്രമേ തുക കെട്ടിവെക്കേണ്ടതുള്ളൂവെന്നും അടുത്തവര്‍ഷം അവസാനം ഇത് പുനഃപരിശോധിക്കുമെന്നുമാണ് ബ്രിട്ടന്റെ നിലപാട്.
മലയാളികള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ നിര്‍ദേശം. നൂറുകണക്കിന് മലയാളികള്‍ തങ്ങളുടെ മാതാപിതാക്കളെയും മറ്റു ബന്ധുക്കളെയും ആറുമാസത്തെ വിസിറ്റിങ് വീസയില്‍ യു.കെ.യില്‍ കൊണ്ടു വരുന്നുണ്ട്. പുതിയ നിയമം നടപ്പാക്കിയാല്‍ മലയാളികള്‍ക്ക് മാതാപിതാക്കളെ കൊണ്ടുവരാന്‍ ബുദ്ധിമുട്ടാകും. നിലവില്‍ 7600 രൂപയാണ് വിസിറ്റി വീസ ലഭിക്കുന്നതിനുള്ള ഫീസ്. അപ്പനെയും അമ്മയെയും യു.കെ.യില്‍ വിസിറ്റ് വീസയില്‍ കൊണ്ടുവരാന്‍ ഏതാണ്ട് 15200 രൂപ മതി. എന്നാല്‍ ഈ തുകക്ക് ഒപ്പം ഒരു വീസക്ക് മൂവായിരം പൗണ്ട് വീതം കെട്ടിവെക്കണമെന്ന നിയമം വന്നാല്‍ ഇടത്തരക്കാര്‍ക്ക് വിസിറ്റിങ്ങ് വീസക്ക് അപേക്ഷിക്കാന്‍ കഴിയാതെ വരും. സമ്പന്നര്‍ക്ക് മാത്രമേ വിസിറ്റിങ് വീസയില്‍ പോലും വരാന്‍ കഴിയൂ എന്ന സാഹചര്യമാകും വരിക. പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ളവരാണ് ഈ നിയമത്തിന്റെ പരിധിയില്‍ വരിക.
യു.കെ.യിലുള്ള മക്കള്‍ നാട്ടില്‍ ഒറ്റക്ക് താമസിക്കുന്ന മാതാപിതാക്കളെ ഇടക്കിടെ വിസിറ്റിങ് വീസയില്‍ കൊണ്ടുവരാറുണ്ട്. വീസ ഫീസ് മാത്രമാണ് ഇപ്പോള്‍ അതിനുള്ള ചെലവ്. ബോണ്ട് തുക കെട്ടിവെക്കണമെന്ന നിര്‍ദേശം വന്നാല്‍ നല്ലൊരു ശതമാനം മലയാളികള്‍ക്കും മാതാപിതാക്കളെ കൊണ്ടുവരാന്‍ ബുദ്ധിമുട്ട് വരും. ആറുമാസത്തെ വിസിറ്റിങ് വീസയില്‍ എത്തുന്നവര്‍ വീസ കാലാവധിക്ക് ശേഷം തങ്ങിയാല്‍ ബോണ്ട് തുക നഷ്ടപ്പെടും. വീസ കാലാവധിക്കുള്ളില്‍ മടങ്ങിയാല്‍ തുക തിരിച്ചു ലഭിക്കും. ആദ്യം കുറേപ്പേര്‍ക്കും പിന്നീട് കൂടുതല്‍പേര്‍ക്കും ഈ നിയമം ബാധകമാക്കാനാണത്രെ പദ്ധതി.
വിസിറ്റിങ് വീസയിലെത്തിയശേഷം യു.കെ.യില്‍ തങ്ങുന്ന മലയാളികളുടെ എണ്ണം വളരെ കുറവാണ്. മാത്രമല്ല, അതുകൊണ്ടുതന്നെ ഇങ്ങനെയൊരു നിയമം സര്‍ക്കാറിന് പണം ലഭിക്കുന്നത് ചുരുക്കുകയേയുള്ളു.
കുടിയേറ്റം കുറക്കുന്നതിന്റെ ഭാഗമായി വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് സര്‍ക്കാര്‍ ആദ്യം കുറച്ചു, പിന്നെ സ്റ്റുഡന്റ് വീസയില്‍ എത്തുന്നതിന് കടുത്ത നിബന്ധനകള്‍ ഏര്‍പ്പെടുത്തി. അതുകൊണ്ട് യു.കെ.യിലെ നല്ലൊരു ശതമാനം യൂണിവേഴ്‌സിറ്റികളും പ്രതിസന്ധിയിലായി. അതിന് ശേഷമാണ് വീസിറ്റിങ് വീസയില്‍ കൈവെക്കുന്നത്.