ലണ്ടന്‍ : യൂറോപ്പിലെ ഏറ്റവും വേഗത്തിലുള്ള ജനസംഖ്യാ വളര്‍ച്ചയുള്ള രാജ്യമായി ബ്രിട്ടന്‍ മാറുന്നു. 1972നു ശേഷമുള്ള ഏറ്റവും കൂടിയ ജനന നിരക്ക് ബ്രിട്ടനില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 2011-12 വര്‍ഷത്തിലെന്ന് ഓഫിസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ്. യു കെയില്‍മാത്രം 420,000 പേരാണ് പെരുകിയത്. രണ്ടു സെക്കന്‍ഡില്‍ ശരാശരി മൂന്നു കുട്ടികള്‍ വീതം ബ്രിട്ടനില്‍ ജനിക്കുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു.
ജര്‍മനി, ബെല്‍ജിയം, ഹോളണ്ട്, സ്വീഡന്‍ എന്നിവിടങ്ങളിലെ മൊത്തം വര്‍ധനയുമായി താരതമ്യം ചെയ്യുമ്പോഴും യു കെയാണ് മുന്നില്‍ . ലണ്ടനിലെ ജനസംഖ്യയില്‍ മാത്രം 104,000ന്റെ വര്‍ധനയുണ്ടായി. പുതുതായി രാജ്യത്തെത്തിയ പത്തുപേരില്‍ നാലും കുടിയേറ്റക്കാരാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തി. ശേഷിക്കുന്ന ആറുപേരാകട്ടെ ഉയര്‍ന്ന ജനനനിരക്കിന്റെ ഫലമാണ്. കഴിഞ്ഞവര്‍ഷം മരണങ്ങളുടെ എണ്ണത്തെക്കാള്‍ 254,400 കൂടുതലായിരുന്നു ജനനങ്ങള്‍.
യുകെ വിട്ടുപോയവരുടെ എണ്ണത്തെ അപേക്ഷിച്ച് 165,600 പേര്‍ കൂടുതലായി രാജ്യത്തെത്തുകയും ചെയ്തു. കണക്കെടുപ്പ് കാലയളവില്‍ 517,800 വിദേശികള്‍ യുകെയിലേക്കു കുടിയേറിയപ്പോള്‍, 352,100 പേര്‍ അതിര്‍ത്തി കടന്നു പുറത്തുപോയി. ജനനനിരക്ക് കൂടാന്‍ കാരണം കുടിയേറ്റവും സാമ്പത്തിക മാന്ദ്യവും ആണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ജൂണിലെ കണക്കനുസരിച്ച് യു കെയില്‍ ജീവിക്കുന്ന ജനങ്ങളുടെ എണ്ണം 63,705,000 ആണ്.
യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവുമധികം ജനസംഖ്യ വളര്‍ച്ചയുണ്ടായിരിക്കുന്നത് യു കെയിലാണ്. ഇക്കാര്യത്തില്‍ തൊട്ടടുത്തുള്ള ഫ്രാന്‍സിനെ അപേക്ഷിച്ച് മൂന്നിരട്ടിയാണ് വര്‍ധന. ഫ്രഞ്ച് ജനസംഖ്യയിലെ വര്‍ധന 319,000 ആണ്. ജര്‍മനി 166,000, ബെല്‍ജിയം 91,000, സ്വീഡന്‍ 70,000, ഹോളണ്ട് 62,000 എന്നിങ്ങനെയാണ് ജനസംഖ്യയിലെ വര്‍ധന.