ലണ്ടന്‍ : യുകെയിലെ സ്റ്റേറ്റ് പ്രൈമറി സ്‌കൂളുകളില്‍ സ്ഥല സൗകര്യമില്ലാതെ കുട്ടികള്‍ ഞെരിഞ്ഞമരുന്നത് കുടിയേറ്റക്കാരുടെ ഉള്‍പ്പെടെ ആയിരക്കണക്കിന് കുട്ടികളുടെ വര്‍ദ്ധനവാണ് എന്ന പ്രചാരണത്തിന് പിന്നാലെ സെക്കന്‍ഡറി സ്‌കൂളുകളിലെ തിരക്കിന്റെ പേരിലും കുടിയേറ്റക്കാര്‍ക്ക് പഴി. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ക്ലാസുകള്‍ക്ക് ആവശ്യത്തിന് സ്ഥലമില്ലാതെയാകുമെന്നും സ്‌ഫോടനാത്മകമായ സ്ഥിതിയാണുള്ളതെന്നും ആണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
ഇപ്പോള്‍ തന്നെ അഞ്ചിലൊന്ന് സെക്കന്‍ഡറികളും കൂടുതല്‍ കുട്ടികളെ പഠിപ്പിക്കാന്‍ നിര്‍ബന്ധിതമാകുന്നുണ്ട്. കുടിയേറ്റത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്നതില്‍ ലേബര്‍ പാര്‍ട്ടി പരാജയപ്പെട്ടതാണ് ഈ തിക്കും തിരക്കും ഉണ്ടാക്കിയതെന്നും ചോര്‍ന്നതായി പറയുന്ന സര്‍ക്കാര്‍ രേഖ പറയുന്നു. കുടിയേറ്റം കൂടിയതും കുട്ടികളുടെ എണ്ണത്തില്‍ വന്ന വര്‍ദ്ധനവുമാണ് ഇതിന് കാരണമെന്നാണ് ആരോപണം. 2015 ഓടെ 35000 സെക്കന്‍ഡറി ക്ലാസുകള്‍ അധികമായി വേണമത്രേ. 2002 നെ അപേക്ഷിച്ച് 2011 ല്‍ 120,000 കൂടുതല്‍ ജനനം ഉണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏഴു പേജുള്ള രേഖയില്‍ കുടിയേറ്റത്തിന്റെ അനന്തരഫലമായാണ് സ്കൂളുകളിലെ തിക്കും തിരക്കും കണക്കാക്കുന്നത്.
മുന്‍ മന്ത്രിസഭയിലെ മന്ത്രിമാര്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് പ്രശ്‌നം വഷളാക്കിയതെന്ന് രേഖ പറയുന്നു. പ്രൈമറി സ്‌കൂളുകളില്‍ തിരക്ക് കൂടുന്നുവെന്ന റിപ്പോര്‍ട്ടിന് പിന്നലെയാണ് സെക്കന്‍ഡറി സ്‌കൂളുകളിലെ സ്ഥലമില്ലായ്മയെക്കുറിച്ച് റിപ്പോര്‍ട്ട് വരുന്നത്. പ്രൈമറി സ്‌കൂളുകളില്‍ കുട്ടികളെ മത്തിയടുക്കുന്നതുപോലെയാണ് ഇരുത്തുന്നതെന്നു അടുത്തിടെയാണ് വാര്‍ത്ത വന്നത്.രാജ്യത്തെ കൗണ്‍സിലുകളില്‍ മൂന്നിലൊന്നും ക്ലാസുകളിലെ കൂടിവരുന്ന ഈ തിരക്കിനെക്കുറിച്ചാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധികാരണം പലരും സ്വകാര്യ സ്‌കൂളുകളില്‍നിന്നു കുട്ടികളെ പിന്‍വലിച്ച് സ്റ്റേറ്റ് സ്‌കൂളുകളിലാക്കുന്നതും പ്രതിസന്ധികൂട്ടി.
കുട്ടികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ പല കുട്ടികള്‍ക്കും താല്‍ക്കാലിക ക്ലാസുകളില്‍ ഇരുന്ന് പഠിക്കേണ്ട സ്ഥിതിയാണ്. പല സ്‌കൂളുകളും ഒഴിഞ്ഞു കിടക്കുന്ന ഓഫീസ് സ്‌പേസിനെ ആശ്രയിക്കുന്നു. ചില്‍ഡ്രന്‍സ് സെന്ററുകളും വാടകയ്ക്ക് എടുക്കേണ്ട അവസ്ഥയാണ്. ഇപ്പോള്‍ ഇഷ്ടമുള്ള സ്‌കൂളുകളില്‍ മക്കളെ ചേര്‍ക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ല. പത്തിലൊന്ന് മാതാപിതാക്കള്‍ക്കും ഫസ്റ്റ് ചോയ്‌സ് സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കാന്‍ സാധിച്ചിട്ടില്ല. ഒരു ക്ലാസില്‍ മുപ്പതിലേറെ കുട്ടികള്‍ പാടില്ലെന്ന നിബന്ധന പാലിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. മാത്രമല്ല, ആയിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളുടെ എണ്ണവും കൂടുന്നു. കുട്ടികളുടെ എണ്ണം കൂടുമ്പോള്‍ രണ്ടു ഷിഫ്റ്റിലായി അവരെ പഠിപ്പിക്കുന്ന രീതിയും ചിലയിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ ടേം തുടങ്ങുന്നതിനു മുന്‍പ് പണിനടക്കുന്ന ബില്‍ഡിംഗുകള്‍ തുറക്കാനുള്ള ശ്രമത്തിലാണ് സ്‌കൂളുകളും, കൗണ്‍സിലുകളും. അതിനായി കളിസ്ഥലങ്ങളില്‍ വരെ കെട്ടിടം പണിയേണ്ടിവരുന്നു.