ലണ്ടന്‍ : വിദ്യാര്‍ത്ഥികള്‍ക്കും ബിസിനസുകാര്‍ക്കും ചെറിയ ഇളവുകള്‍ അനുവദിച്ചുകൊണ്ട് യുകെ വിസാ നിയമത്തില്‍ അയവ് വരുത്തി. പുതിയ നിയമപ്രകാരം യു.കെ സന്ദര്‍ശിക്കുന്നവര്‍ക്ക് പരിമിതകാല പഠനത്തിനും പരിശീലനത്തിനും അനുമതിയുണ്ടാകും. മള്‍ട്ടിനാഷണല്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് സ്വന്തം ഓഡിറ്റര്‍മാരെ വാണിജ്യ സന്ദര്‍ശന വീസയില്‍ യു.കെയിലേക്ക് കൊണ്ടുവരാം. ബിസിനസ് വീസയില്‍ എത്തുന്നവര്‍ക്കും അവര്‍ ബ്രിട്ടനിലുള്ള കാലം പരിമിതകാല പഠനം നടത്താം .
ടിയര്‍ 2 പ്രകാരം യു കെയില്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുള്ളവര്‍ക്ക് സെറ്റില്‍മെന്റ് എളുപ്പത്തിലാവും. യു കെ അംഗീകരിച്ചിട്ടുള്ള ബിരുദം, ബിരുദാനന്തര ബിരുദം, എജ്യുക്കേഷനില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ പ്രൊഫഷണല്‍ ഗ്രാജ്വേറ്റ് ഡിപ്ലോമ എന്നിവയുള്ള ടിയര്‍ 4 കുടിയേറ്റക്കാര്‍ക്ക് ടിയര്‍ 2 സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറാം. യു കെയില്‍ പന്ത്രണ്ടു മാസത്തെ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും ഈ ആനുകൂല്യം കിട്ടും. ഗ്രാജ്വേറ്റ് എന്‍ട്രപ്രെണര്‍മാര്‍ക്കും ടിയര്‍ 2 ലേക്ക് മാറാം. ടിയര്‍ 2 പ്രകാരം യു കെയിലെ ഒഴിവില്‍ അവിടെ സെറ്റില്‍ ചെയ്തിട്ടുള്ളവരുടെ അപേക്ഷയില്ലെങ്കില്‍ കുടിയേറ്റക്കാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. വിസാ നിയമത്തിലെ മാറ്റം അടുത്തമാസം 28 മുതല്‍ പ്രാബല്യത്തില്‍ വരും.
2013 ഏപ്രില്‍ ആറുമുതല്‍ 2014 ഏപ്രില്‍ അഞ്ചുവരെയുള്ള കാലയളവില്‍ 20,700 സ്‌കില്‍ഡ് ജീവനക്കാര്‍ക്ക് ടിയര്‍ 2 പ്രകാരം യു കെയിലേക്ക് പോകാവുന്നതാണ്. അവര്‍ക്ക് 152,100 പൗണ്ടുവരെ വാര്‍ഷിക ശമ്പളത്തിന് ജോലികള്‍ ചെയ്യാനും കഴിയും. എന്നാല്‍ 152,000 പൗണ്ടിന് മുകളില്‍ വാര്‍ഷിക ശമ്പളം വാങ്ങുന്നവരുടെ എണ്ണത്തില്‍ പരിധിയില്ല.
എന്നാല്‍ ടിയര്‍ 4 കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയായി രാജ്യത്തെ പ്രവേശിക്കുന്നവരുടെ അവസരങ്ങളെ ഇത് ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദ്യാര്‍ത്ഥികളായോ ജോലിക്കാരായോ എത്തുന്ന അപേക്ഷകരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ യു കെ ബി എയുടെ പരിശോധനകള്‍ വ്യാപിപ്പിക്കും.യു കെയില്‍ തങ്ങാന്‍ അപേക്ഷിക്കുന്നവര്‍ തങ്ങളുടെ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം ബോധ്യപ്പെടുത്താത്തപക്ഷം അപേക്ഷകള്‍ നിരസിക്കപ്പെടും.