ലണ്ടന്‍ : അനധികൃത കുടിയേറ്റക്കാരെ അപ്പീല്‍ നല്കാനുള്ള അവസരം പോലും നല്കാതെ ചവിട്ടി പുറത്താക്കുമെന്ന് ഹോം സെക്രട്ടറി തെരേസ മെയ്. വിദേശ ക്രിമിനലുകള്‍ , തീവ്രവാദികള്‍ , അനധികൃത കുടിയേറ്റക്കാര്‍ എന്നിവര്‍ മനുഷ്യാവകാശ നിയമങ്ങളുടെ ബലത്തില്‍ രാജ്യത്ത് തങ്ങുന്നത് അവസാനിപ്പിക്കാനാണ് ഇതെന്ന് അവര്‍ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ ആദ്യം രാജ്യത്ത് നിന്നും പുറത്താക്കും, അതിന് ശേഷം മാത്രമേ അവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ പോലും സാധിക്കൂ. ഇതിനായി കുടിയേറ്റ നിയമങ്ങള്‍ ഭേദഗതി ചെയ്യുമെന്നും 'ഡെയ്‌ലി മെയ്‌ലി'നോട് തെരേസ മെയ് പറഞ്ഞു. "നിയമം അനുസരിക്കുന്നവര്‍ക്കൊപ്പമാണ് നീതി, അല്ലാതെ അത് അനുസരിക്കാത്തവര്‍ക്കൊപ്പമല്ല'- മെയ് വ്യക്തമാക്കി.
യൂറോപ്യന്‍ യൂണിയന്‍ മനുഷ്യാവകാശ കോടതിയില്‍ നിന്നും പിന്‍മാറാന്‍ തയ്യാറാണെന്ന് ഡേവിഡ് കാമറൂണ്‍ സന്നദ്ധത അറിയിച്ചതിനു പിന്നാലെയാണ് കര്‍ശന നിലപാടുമായി മെയ് രംഗത്തെത്തിയത്.
നിലവില്‍ പ്രതിവര്‍ഷം 68,000 കേസുകളാണ് സര്‍ക്കാറിന് മുന്നില്‍ വരുന്നത്. ഇത് പകുതിയാക്കി ചുരുക്കാനാണ് നീക്കം. ഇതിനായി അപ്പീല്‍ പോകാനുള്ള 17 ഗ്രൗണ്ടുകള്‍ നാലാക്കി ചുരുക്കും. ഇത് ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള നിയമമാണെന്നും എല്ലാവരും സ്വീകരിക്കുമെന്ന് തനിക്കു ഉറപ്പുണ്ടെന്നും മെയ് പറഞ്ഞു.