ലണ്ടന്‍ : കാന്‍സര്‍ മാരകമാക്കുന്നത് അവയെ യഥാസമയം തിരിച്ചറിയാന്‍ കഴിയാത്തതും പരിശോധനകളിലെ സങ്കീര്‍ണതയുമാണ്. അതുമൂലം വലിയൊരു വിഭാഗത്തിലും രോഗം കണ്ടെത്തുന്നത് വൈകുകയും രോഗിയെ രക്ഷിക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്നു. ആരംഭത്തില്‍ കണ്ടെത്തിയാല്‍ കാന്‍സറിനെ സുഖപ്പെടുത്താമെന്നിരിക്കെ ഈ രംഗത്ത് വിപ്ലവകരമായ കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ ഒരു കൂട്ടം ഗവേഷകര്‍ .
ഇനി മുതല്‍ ഒരു ചെറിയ രക്ത പരിശോധന വഴി ആ കൊലയാളി രോഗത്തെ കണ്ടു പിടിക്കാം. ഏത് തരാം കാന്‍സര്‍ ആണ് രോഗിയെ ബാധിച്ചിരിക്കുന്നത് എന്നും അത് ഏത് ഘട്ടത്തിലാണ് എന്നെല്ലാം ഈ രക്ത പരിശോധന വഴി മനസിലാക്കാന്‍ സാധിക്കും. ബ്രെസ്റ്റ് കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍, ശ്വാസകോശ കാന്‍സര്‍ എന്നിവയെല്ലാം നിര്‍ണയിക്കുവാന്‍ ഈ രക്ത പരിശോധന സഹായിക്കും.
രോഗം നിര്‍ണയത്തിനു മാത്രമല്ല അത് എത്രത്തോളം അപകടകാരിയാണ് എന്ന് മനസിലാക്കുവാനും ഇത് സഹായിക്കും എന്നതാണ് പ്രത്യേകത. കാന്‍സര്‍ കോശങ്ങള്‍ പെട്ടെന്ന് വിഘടിക്കുകയും നശിച്ചു പോവുകയും ചെയ്യുമ്പോള്‍ അവ രക്തത്തിലേക്ക് പുറന്തള്ളുന്ന ഡി.എന്‍.എ വഴിയാണ് ഇത് സാധ്യമാകുന്നത്. ഇതിനെല്ലാം പുറമേ രോഗിയുടെ ശരീരം മരുന്നുകളോട് എപ്രകാരമാണ് പ്രതികരിക്കുന്നത് എന്നറിയാനും ഈ ടെസ്റ്റ് ഡോക്ടര്‍മാരെ സഹായിക്കും എന്ന് പറയപ്പെടുന്നു. കണ്ടുപിടുത്തത്തിന്റെ വിവരങ്ങള്‍ നേച്ചര്‍ മെഡിസിന്റെ വെബ് സൈറ്റില്‍ നല്കിയിട്ടുണ്ട്.