ലണ്ടന്‍ : കുടിയേറ്റക്കാരെ കുറ്റം പറയുമ്പോഴും യുകെയിലെ ആതുര സേവന രംഗത്ത് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ഇന്ത്യക്കാര്‍ തന്നെ വേണം. എ ആന്റ് ഇയില്‍ ഡോക്ടര്‍ ക്ഷാമം രൂക്ഷമായതോടെ ഇന്ത്യയില്‍ നിന്ന് അടിയന്തരമായി 50 ഡോക്ടര്‍മാരെ നേരിട്ട് നിയമിക്കാന്‍ എന്‍എച്ച്എസ് തീരുമാനിച്ചിരിക്കുകയാണ്. സ്കൈപ്പ് വഴി അഭിമുഖം നടത്തിയാണ് നിയമനം. ന്യൂഡല്‍ഹിയില്‍ 150 പേരുടെ ലിസ്റ്റില്‍ നിന്ന് വീഡിയോ അഭിമുഖത്തിനു ശേഷം അടുത്തയാഴ്ച ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
വിസ, വിമാന ചെലവ്, പരിശീലനം എന്നിവയ്ക്കായി ഓരോ ഡോക്ടര്‍ക്കും 3000 പൗണ്ട് വീതമാണ് എന്‍എച്ച്എസ് ചെലവഴിക്കുന്നത്. രജിസ്ട്രേഷന്‍, പരിശീലന ഉപകരണം എന്നിവക്കെല്ലാമായി ഓരോ ഡോക്ടര്‍ക്കും 3120 പൗണ്ട് ചെലവാണ് കണക്കാക്കിയിരിക്കുന്നത്. എ ആന്റ് ഇ ട്രെയിനിംഗ് കോഴ്സില്‍ 135 ഒഴിവുകള്‍ ഈ വര്‍ഷം റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭാഷാ ടെസ്റ്റും പ്രൊഫഷണല്‍ കോഴ്സും (പിഎല്‍എബി ടെസ്റ്റ്) പൂര്‍ത്തിയാകാത്തവരെ ബ്രിട്ടനിലേയ്ക്ക് ജോലിയ്ക്കായി ക്ഷണിക്കുന്നതില്‍ വിമര്‍ശനവും ഉയരുന്നുണ്ട്. എന്നാല്‍ പിഎല്‍എബി ടെസ്റ്റ് പൂര്‍ത്തിയായവരെ നോക്കിയിരിക്കാതെ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു പോവുകയാണ്.
ഇംഗ്ലീഷ് ഭാഷാ ടെസ്റ്റ് കഴിഞ്ഞവരെ അഭിമുഖം നടത്തി തെരഞ്ഞെടുക്കും. ഓവര്‍സീസ് ഡെവലപ്മെന്റ് പ്രോജക്ടിനായി 150 ഇന്ത്യന്‍ ഡോക്ടര്‍മാരാണ് അപേക്ഷിച്ചിരിക്കുന്നത്. ഇവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 50 പേരെ യുകെയിലെ വിവിധ ഭാഗങ്ങളിലായി നിയമിക്കും.
ജീവനക്കാരുടെ അഭാവം മൂലം എ ആന്റ് ഇയില്‍ ആയിരക്കണക്കിന് രോഗികള്‍ നാല് മണിക്കൂറിലേറെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഈ വര്‍ഷം ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഒഴിവകള്‍ പൂര്‍ണമായി നികത്തുമെന്നാണ് അധികൃതരുടെ വാഗ്ദാനം. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ അടിയന്തര നിയമനം.