ലണ്ടന്‍ : കുടിയേറ്റക്കാരെ പിഴിഞ്ഞ് ഇമിഗ്രേഷന്‍ അധികൃതര്‍ കൈക്കൂലി വാങ്ങി നടത്തുന്ന കള്ളക്കളി പുറത്ത്. വെറും 500 പൗണ്ട് മാത്രം മുടക്കില്‍ നിരവധി പേര്‍ക്ക് ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നേടിക്കൊടുത്ത വിവരമാണ് പുറത്തുവന്നത്. ഡെയിലി മെയില്‍ നടത്തിയ അന്വേഷണമാണ് ഇമിഗ്രെഷനില്‍ നടക്കുന്ന ക്രമക്കേട് പുറത്തു കൊണ്ട് വന്നിരിക്കുന്നത്.
500 പൗണ്ട് നല്‍കിയാല്‍ ഇംഗ്ലീഷ് അറിയാത്തവര്‍ക്ക് ലാംഗ്വേജ് ടെസ്റ്റ് പാസായതായുള്ള സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കാം. ഈ സര്‍ട്ടിഫിക്കറ്റുമായി ചെന്നാല്‍ ബ്രിട്ടീഷ് പൗരത്വം നേടാന്‍ കഴിയും. പൗരത്വം നേടിയാല്‍ എല്ലാത്തരം ബെനഫിറ്റുകള്‍ക്ക് യോഗ്യതയുണ്ടാകും. ചെലവ് കുറയുമെന്നതില്‍ നിരവധി പേര്‍ ഈ വഴി സ്വീകരിച്ചു.
ഹോം ഓഫിസിന്റെ ലൈസന്‍സുള്ള എക്‌സാം സെന്ററുകളെ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നത്. അടിസ്ഥാന തലത്തിലെങ്കിലും ഇംഗ്ലീഷ് സംസാരിക്കാന്‍ പരീക്ഷാര്‍ത്ഥിക്ക് കഴിയുമോ എന്നാണ് ഈ സെന്ററുകളില്‍ പരിശോധിക്കുന്നത്. ബ്രിട്ടീഷ് പൗരത്വം നേടാനോ ഇവിടെ സ്ഥിരമായി താമസിക്കാനോ ആഗ്രഹിക്കുന്ന എല്ലാവരും ഈ ടെസ്റ്റ് പാസായിയിരിക്കണം. എന്നാല്‍ ഇവിടെ എത്താത്തവര്‍ക്കുപോലും ചില കേന്ദ്രങ്ങള്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുണ്ടത്രെ. സാധാരണ ചെലവിന്റെ മൂന്നിരട്ടി അതായത് 500 പൗണ്ട് കൊടുത്താല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.
ഓരോവര്‍ഷവും കുടിയേറ്റക്കാര്‍ക്ക് നല്‍കുന്നത് രണ്ടു ലക്ഷത്തോളം പാസ്‌പോര്‍ട്ടുകളാണ്. ഇവയില്‍ ഭൂരിഭാഗവും പണം കൊടുത്തു സംഘടിപ്പിച്ച ഈ രേഖ ഉപയോഗിച്ച് സ്വന്തമാക്കുന്നതായി റിപോര്‍ട്ട് വെളിപ്പെടുത്തി. ഇതേക്കുറിച്ച് അടിയന്തിരമായി അന്വേഷിക്കാന്‍ ഹോം സെക്രട്ടറി തെരേസാ മെയ് ഉത്തരവിട്ടിട്ടുണ്ട്.