ലണ്ടന്‍ : യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യുകെഐപി നേടിയ അപ്രതീക്ഷിത വിജയം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയ്ക്ക് വഴിതെളിഞ്ഞു. ആറുമാസം തൊഴില്‍രഹിതരമായി നില്‍ക്കുന്ന യൂറോപ്യന്‍പൗരന്മാരെ യു കെയില്‍നിന്ന് നാടു കടത്താനാണ് നീക്കം. ജോലി ചെയ്യാതെ ആനുകൂല്യങ്ങള്‍ മാത്രം കൈപറ്റുന്ന യൂറോപ്യന്‍ കുടിയേറ്റക്കാരെ നാടുകടത്തുക, ബെനഫിറ്റുകള്‍ കൈപറ്റുന്നതിന് കാലാവധി നിശ്ചയിക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദ്ദേശം .
നിലവില്‍ ആദ്യത്തെ മൂന്നുമാസത്തേക്ക് യൂറോപ്യന്‍ കുടിയേറ്റക്കാര്‍ക്ക് ബെനഫിറ്റുകള്‍ അവകാശപ്പെടാന്‍ കഴിയില്ല. എന്നാല്‍ പിന്നീടുള്ള ആറുമാസം അവര്‍ക്ക് അത് അവകാശപ്പെടാം. എന്നാല്‍ പുതിയ നിര്‍ദേശമനുസരിച്ച് ആദ്യ മൂന്നുമാസം കഴിഞ്ഞാല്‍ മൂന്നു മാസം മാത്രമെ കുടിയേറ്റക്കാര്‍ക്ക് ബെനഫിറ്റ് ലഭിക്കുകയുള്ളൂവെന്ന് ഹോം സെക്രട്ടറി തെരേസ മെയ് വ്യക്തമാക്കി. ആറുമാസമായി ജോലി ലഭിക്കാത്തവരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചുവിടുകയും ചെയ്യും. ഡേവിഡ് കാമറൂണിന്റെ കുടിയേറ്റ നയങ്ങള്‍ക്കുള്ള എതിര്‍പ്പാണ് യുകെഐപിയുടെ വന്‍വിജയത്തിന് ഇടയാക്കിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.
യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ തോത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ബുദ്ധിമുട്ടാണെന്ന് ആഭ്യന്തര സെക്രട്ടറി തെരേസ മേ പറഞ്ഞു.
എങ്കിലും ചില കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചതായി തെരേസ മേ പറഞ്ഞു. അതിന്റെ ഭാഗമാണ് ജോലി ചെയ്യാതെ ആനുകൂല്യങ്ങള്‍ മാത്രം കൈപറ്റുന്ന യൂറോപ്യന്‍ കുടിയേറ്റക്കാരെ നാടുകടത്തുക എന്നത്. കുടിയേറ്റം നിയന്ത്രിക്കുന്നത് അനിവാര്യമാണ് . ഈ സാഹചര്യത്തില്‍ വ്യക്തമായ മാറ്റത്തിനായി കര്‍ശന നിയമം നടപ്പാക്കണമെന്നും തെരേസ മേ പറഞ്ഞു. എന്നാല്‍ സര്ക്കാരിന്റെ തീരുമാനത്തെ ലിബറല്‍ ഡെമോക്രാറ്റുകള്‍ എതിര്‍ത്തിട്ടുണ്ട്.