ലണ്ടന്‍ : കുടിയേറ്റക്കാരുടെ ബെനഫിറ്റുകള്‍ നിയന്ത്രിക്കണമെന്നും അവര്‍ നിര്‍ബന്ധമായും ഇംഗ്ലീഷ് പഠിച്ചിരിക്കണം എന്നും ബ്രിട്ടനിലെ ജനങ്ങളില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവന്നു. കുടിയേറ്റക്കാര്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങളില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തണമെന്നും സര്‍വ്വേ ആവശ്യപ്പെടുന്നു. ബ്രിട്ടന്റെ ആധാരം തന്നെ എന്നുപറയുന്നത് ഇംഗ്ലീഷ് ഭാഷയാണെന്ന് 95 ശതമാനം പേരും പറയുന്നു. അതിനാല്‍ കുടിയേറ്റക്കാര്‍ ഇംഗ്ലീഷ് പഠിച്ചിരിക്കണം എന്നാണ് ആവശ്യം. ബ്രിട്ടനില്‍ ജീവിക്കാന്‍ തീരുമാനിച്ചാല്‍ ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമായും പഠിക്കാനും ശിഷ്ട ജീവിതം ബ്രിട്ടനില്‍ നന്നായി ജീവിച്ചു തീര്‍ക്കാനും കുടിയേറ്റക്കാര്‍ ശ്രമിക്കണമെന്നാണ് ഇവരുടെ ഉപദേശം.
സര്‍വേയില്‍ 77 ശതമാനം പേര് കുടിയേറ്റം നിയന്ത്രിക്കണം എന്നും ആവശ്യപ്പെടുന്നു. സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ ആറുപേരും യൂറോപ്യന്‍ കുടിയേറ്റക്കാര്‍ക്ക് കുറഞ്ഞത് മൂന്നുവര്‍ഷമെങ്കിലും കഴിഞ്ഞേ ബെനഫിറ്റുകള്‍ നല്‍കാവൂ എന്ന അഭിപ്രായക്കാരാണ്. രാഷ്ട്രീയ നേതൃത്വം കുടിയേറ്റം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന അഭിപ്രായമാണ് കൂടുതല്‍ പേര്‍ക്കും. കുടിയേറ്റ നിരക്ക് കുറയ്ക്കണമെന്നാഗ്രഹിക്കുന്ന ഈ 77 ശതമാനത്തില്‍ 69 ശതമാനം പേരും ജീവിതത്തിന്റെ കൂടുതല്‍ സമയവും ബ്രിട്ടനില്‍ തന്നെ കഴിയാന്‍ ശ്രമിക്കണമെന്ന അഭിപ്രായക്കാരാണ്.
മൂവായിരം പേരെ പങ്കെടുപ്പിച്ചു കൊണ്ട് നറ്റ് സെന്‍ ഗ്രൂപ്പ് ആണ് സര്‍വേ സംഘടിപ്പിച്ചത്.