കണ്ടയ്‌നറില്‍ യു.കെയിലേക്ക് കടക്കാന്‍ ശ്രമിച്ച 35 ഇന്ത്യക്കാരില്‍ ഒരാള്‍ മരിച്ചു, പലരും അവശ നിലയില്‍
എസക്‌സിലെ ടില്‍ബറി തുറമുഖത്ത് കണ്ടെയ്‌നറിനുള്ളില്‍ 35 ഇന്ത്യക്കാരെ അവശനിലയില്‍ കണ്ടെത്തി. മനുഷ്യക്കടത്തെന്നു സംശയിക്കുന്ന സംഭവത്തില്‍ ഒരാള്‍ മരിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തിലെ മറ്റുള്ളവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബെല്‍ജിയത്തിലെ സീബ്രഗില്‍ നിന്ന് ലണ്ടനിലേക്കുള്ള ചരക്കുകപ്പലിന്റെ കണ്ടയ്‌നറിനുള്ളിലാണ് ഇവര്‍ ലണ്ടനിലെത്തിയത്. കണ്ടെയ്‌നറിനുള്ളില്‍ നിന്നും നിലവിളി കേട്ടതോടെ തുറമുഖ അധികൃതര്‍ തുറന്ന് പരിശോധിക്കുകയായിരുന്നു. അവശരായി കണ്ടെത്തിയ ഇവരെ ഉടന്‍തന്നെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നിലയില്‍ പുരോഗതിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
സംഭവത്തെത്തുടര്‍ന്ന് ഇതേ കപ്പലില്‍ ഇതിന്റെ കൂടെയുണ്ടായിരുന്ന മറ്റ് അന്‍പതോളം കണ്ടെയ്‌നറുകളിലും പൊലീസ് പരിശോധന നടത്തി. കണ്ടെയ്‌നറില്‍ ആളുകളെ കടത്തിയതിന്റെ ലക്ഷ്യം മനസിലായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇവരെ പിന്നീട് ഇമിഗ്രേഷന്‍ സെന്ററിലേക്ക് മാറ്റുമെന്നും വിശദമായി ചോദ്യം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. മനുഷ്യക്കടത്തുകേസ് അതീവ ഗൗരവമുള്ളതാണെന്നും ബെല്‍ജിയവുമായി ചേര്‍ന്ന് ഉന്നതതല അന്വേഷണം ആരംഭിച്ചെന്നും ലണ്ടന്‍ പൊലീസ് അറിയിച്ചു.