യൂറോപ്പിന് പുറത്തുള്ള ഹോസ്പിറ്റലുകളില്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്ന മലയാളികള്‍ അടക്കമുള്ള നഴ്‌സുമാര്‍ക്കും, മിഡ്‌വൈഫുമാര്‍ക്കും യുകെയില്‍ ജോലിനേടാനുള്ള കടുപ്പമേറിയ ടെസ്റ്റുകള്‍ ലഘൂകരിക്കുന്നു. നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കൗണ്‍സിലിന്റെയാണ് തീരുമാനം. യൂറോപ്പിന് പുറത്ത് ട്രെയിനിംഗ് നേടുന്ന നഴ്‌സുമാര്‍ക്കും, മിഡ്‌വൈഫുമാര്‍ക്കും ഇനി ക്ലിനിക്കല്‍ ടെസ്റ്റുകളും, കമ്പ്യൂട്ടര്‍ അടിസ്ഥാനമാക്കിയുള്ള പരീക്ഷയുമാണ് നേരിടേണ്ടിവരിക. നിലവില്‍ ആവശ്യമുള്ള മൂന്ന് മാസത്തെ സൂപ്പര്‍വൈസ്ഡ് പ്രാക്ടീസിന് പകരമാണ് പുതിയ രീതി ആവിഷ്‌കരിക്കുന്നത്. എന്നാല്‍ പരിശോധനകള്‍ പര്യാപ്തമാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ രേഖകള്‍ വേണം.
പ്രതിവര്‍ഷം 1000 നഴ്‌സുമാര്‍ യുകെയില്‍ പ്രവര്‍ത്തിക്കാനെത്തുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യ, ഓസ്‌ട്രേലിയ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുമുള്ളവരാണ്. നഴ്‌സുമാരുടെയും, മിഡ്‌വൈഫുമാരുടെയും ആവശ്യം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ടെസ്റ്റുകള്‍ ലഘൂകരിക്കാന്‍ തീരുമാനിക്കുന്നത്. നിലവിലുള്ള സൂപ്പര്‍വൈസ്ഡ് പ്ലെയ്‌സ്‌മെന്റ് പലപ്പോഴും 3 മാസം മുതല്‍ ഒരു വര്‍ഷം വരെ നീളുന്നുണ്ട്. ഇതൊഴിവാക്കാന്‍ പുതിയ രീതി സഹായകമാണ്.